26
Aug 2025
Fri
26 Aug 2025 Fri
HIMACHAL PRADESH COURT

വിഘടനവാദത്തിനോ അട്ടിമറിക്കോ ഉദ്ദേശമില്ലാതെ മറ്റൊരു രാജ്യത്തെ പുകഴ്ത്തി എന്നത് കൊണ്ട് മാത്രം അത് രാജ്യദ്രോഹത്തിന്റെ പരിധിയില്‍ വരില്ലെന്ന് ഹിമാചല്‍ പ്രദേശ് ഹൈക്കോടതി. മാതൃരാജ്യത്തെ താഴ്ത്തിക്കെട്ടാത്ത വിധം മറ്റൊരു രാജ്യത്തിന് സിന്ദാബാദ് വിളിക്കുന്നത് രാജ്യദ്രോഹമല്ല. അതുകൊണ്ട് തന്നെ ഹരജിക്കാരന്‍ കുറ്റം ചെയ്തതായി പ്രഥമദൃഷ്ട്യാ തെളിവില്ലെന്നും കോടതി വ്യക്തമാക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പാകിസ്താന്‍ സിന്ദാബാദ് എന്ന വാക്കോട് കൂടിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എഐ ചിത്രം ഷെയര്‍ ചെയ്തു എന്ന കുറ്റത്തിന് അറസ്റ്റിലായ ആള്‍ക്ക് ജാമ്യം അനുവദിച്ചു കൊണ്ടാണ് ജസ്റ്റിസ് രാകേഷ് കൈന്തലയുടെ നിരീക്ഷണം. ഈ വീഡിയോയില്‍ നിയമവിരുദ്ധമായി സര്‍ക്കാരിനെതിരേ എന്തെങ്കിലും വിദ്വേഷമോ വെറുപ്പോ പ്രചരിപ്പിക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ALSO READ: കോഴിക്കോട്ട് അഞ്ചംഗസംഘം 15കാരിയെ കൂട്ടബലാല്‍സംഗം ചെയ്തു

കുറ്റാരോപിതനായ സുലൈമാനെ തുടര്‍ന്നും ജയിലില്‍ അടക്കാന്‍ ആവശ്യമായ ഒരു തെളിവും പ്രോസിക്യൂഷന് ഹാജാരാക്കാന്‍ സാധിച്ചിട്ടില്ലെന്നും ഉത്തരവില്‍ പറയുന്നു.

2025 ജൂണ്‍ 8ന് ആണ് സുലൈമാനെ പോലീസ് അറസ്റ്റ് ചെയ്തത്. കുറ്റാരോപിതന്റെ സാഹചര്യവും കോടതി കണക്കിലെടുത്തു. നിരക്ഷരനും ദരിദ്രനുമായ സുലൈമാന്‍ തെരുവില്‍ പഴക്കച്ചവടം നടത്തുന്നയാളാണ്. സോഷ്യല്‍ മീഡിയ ഉപയോഗിക്കാന്‍ അറിയാത്ത സുലൈമാന് ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി കൊടുത്തത് മകനാണെന്ന കാര്യം കോടതി ചൂണ്ടിക്കാട്ടി.

സുലൈമാന്റെ തൊട്ടടുത്തുള്ള ഷോപ്പിലെ ജീവനക്കാരനാണ് മോദിയുടെ ചിത്രം ഷെയര്‍ ചെയ്തത് സംബന്ധിച്ച് പോലീസില്‍ വിവരം നല്‍കിയത്. ഇയാള്‍ തന്നെയാണ് സുലൈമാന്റെ മൊബൈല്‍ വാങ്ങി ചിത്രം ഉള്‍പ്പെട്ട റീല്‍ ഷെയര്‍ ചെയ്തതും. സുലൈമാനും ഇയാളും തമ്മില്‍ പണമിടപാട് ഉണ്ടായിരുന്നെന്നും അതിന്റെ വിരോധത്തില്‍ മനപൂര്‍വ്വം കുടുക്കാന്‍ ചെയ്തത് ആയിരിക്കാമെന്നും കോടതി നിരീക്ഷിച്ചു.

ഭാരതീയ ന്യായ സംഹിതയിലെ 152ആം വകുപ്പ്(ഇന്ത്യയുടെ അഖണ്ഡതയ്ക്കും ഐക്യത്തിനും എതിരായ പ്രവര്‍ത്തി) പ്രകാരമാണ് പഓന്ത സാഹിബ് പോലീസ് കേസെടുത്തത്.