വഖഫ് ഭേദഗതി നിയമത്തെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജികളില്‍ സുപ്രിംകോടതിയുടെ അനുകൂല വിധി. ഭേദഗതി നിമയത്തിലെ പല വിവാദ വകുപ്പുകളും സുപ്രിം കോടതി സ്റ്റേ ചെയ്തു.
|
ഏതെങ്കിലും സ്വത്തുക്കള്‍ വഖ്ഫ് ചെയ്യണമെങ്കില്‍ അഞ്ച് വര്‍ഷമായി വിശ്വാസിയായിരിക്കണമെന്ന വകുപ്പ് സ്റ്റേ ചെയ്തു. വഖഫ് സ്വത്തുക്കള്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയിട്ടുണ്ടോ എന്നത് സര്‍ക്കാര്‍ നിയമിക്കുന്ന ഒരു ഉദ്യോഗസ്ഥന് നിര്‍ണയിക്കാം എന്ന വകുപ്പും സ്റ്റേ ചെയ്തിട്ടുണ്ട്.
ഹരജികളില്‍ മെയ് മാസത്തില്‍ വാദം പൂര്‍ത്തിയാക്കി വിധിപറയാന്‍ മാറ്റി വച്ചതായിരുന്നു. ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ്, ജസ്റ്റിസുമാരായ വിനോദ് ചന്ദ്രന്‍, അതുല്‍ എസ്. ചന്ദൂര്‍കര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പറഞ്ഞത്.
ജില്ലാ കലക്ടറുടെ അധികാരം സുപ്രിംകോടതി സ്റ്റേ ചെയ്തു. അന്തിമ ഉത്തരവ് വരുന്ന വരെ വഖഫ് സ്വത്തുകളുടെ സ്വഭാവം മാറ്റരുതെന്നും കോടതി വ്യക്തമാക്കി.
വഖഫ് ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവില്‍ കഴിവതും മുസ്ലിം ആയിരിക്കണം. എന്നാല്‍ മുസ്‌ലിം ഇതര വിശ്വാസിയെയും വഖഫ് ബോര്‍ഡ് സിഇഒ ആക്കാം. നിയമത്തിലെ ചട്ടങ്ങള്‍ രൂപീകരിക്കുന്നത് വരെയാണ് സ്റ്റേ എന്നും കോടതി അറിയിച്ചു. വകുപ്പ് സ്റ്റേ ചെയ്യാന്‍ സുപ്രിംകോടതി വിസമ്മതിച്ചു.
സ്റ്റേ ചെയ്ത പ്രധാന വ്യവസ്ഥകള്‍
കളക്ടറുടെ അധികാരം: വഖഫ് തര്‍ക്കങ്ങളില്‍ ജില്ലാ കളക്ടര്‍ക്ക് നല്‍കിയ അധികാരം സുപ്രീം കോടതി സ്റ്റേ ചെയ്തു. ട്രൈബ്യൂണല്‍ വിധി വരുന്നത് വരെ മൂന്നാം കക്ഷിക്ക് തീരുമാനമെടുക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.
അമുസ്ലിം അംഗങ്ങള്‍: വഖഫ് ബോര്‍ഡില്‍ മൂന്നിലധികം അമുസ്ലിം അംഗങ്ങള്‍ പാടില്ലെന്ന് കോടതി നിര്‍ദേശിച്ചു. എക്‌സ് ഒഫീഷ്യോ ഓഫീസര്‍മാര്‍ മുസ്ലിം സമുദായത്തില്‍നിന്നുള്ളവര്‍ ആയിരിക്കണമെന്നും കോടതി വ്യക്തമാക്കി. നിയമത്തില്‍ ഈ വ്യവസ്ഥകള്‍ ഉണ്ടായിരുന്നില്ല.
‘അഞ്ചു വര്‍ഷം മുസ്ലിം’ വ്യവസ്ഥ: വഖഫ് ചെയ്യാനായി അഞ്ചു വര്‍ഷമെങ്കിലും മതാചാരങ്ങള്‍ പാലിച്ച മുസ്ലിമായിരിക്കണം എന്ന വ്യവസ്ഥയ്ക്കും കോടതി സ്റ്റേ നല്‍കി.
അന്തിമ തീരുമാനം എടുക്കുന്നത് വരെ വഖഫ് കൗണ്‍സിലിലേക്കും ബോര്‍ഡുകളിലേക്കും പുതിയ നിയമനം സുപ്രീംകോടതി നേരത്തേ മരവിപ്പിച്ചിരുന്നു.
ബോര്‍ഡുകളിലേക്കും കൗണ്‍സിലിലേയ്ക്കും മുസ്ലിംകളല്ലാത്തവരെ ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശം കഴിഞ്ഞ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന തടഞ്ഞിരുന്നു. പക്ഷെ ഈ ഉത്തരവ്, ഹരജി വീണ്ടും പരിഗണിക്കുന്നത് വരെയായിരുന്നു.
ഭരണഘടനാ വിരുദ്ധമായ ഈനിയമത്തിന് സ്റ്റേ വേണമെന്നാണ് ഹരജിക്കാരുടെ ആവശ്യം. നിയമം പൂര്‍ണമായും സ്റ്റേ ചെയ്യാന്‍ കഴിയില്ലെന്ന് വാദത്തിനിയില്‍ സുപ്രീംകോടതിനിരീക്ഷിച്ചിരുന്നു.


