പാലക്കാട്: ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലിരിക്കേ മരിച്ചയാളുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യും മുമ്പ് വിട്ട് നല്‍കിയത് പൊല്ലാപ്പായി. വിഷം അകത്തുചെന്ന് ചികില്‍സയിലിരിക്കേ മരിച്ചയാളുടെ മൃതദേഹമാണ് പോസ്റ്റ്‌മോര്‍ട്ടം ചെയ്യുംമുമ്പേ വീട്ടിലേക്ക് കൊണ്ടുപോകാനായി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്.
|
പിന്നീടാണ് അസ്വാഭാവികമരണത്തില്‍ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയില്ലെന്ന അമളി മനസ്സിലാക്കിയത്. ഉടനെ ആശുപത്രി അധികൃതര്‍ മരിച്ചയാളുടെ വീട്ടിലെത്തി മൃതദേഹം ആംബുലന്‍സില്‍ ജില്ലാ ആശുപത്രിയില്‍ തിരികെയെത്തിച്ചു. ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം.
സെപ്റ്റംബര്‍ 25-ന് വിഷം കഴിച്ചനിലയില്‍ ആശുപത്രിയിലെത്തിച്ച 62-കാരനായ മുണ്ടൂര്‍ സ്വദേശിയാണ് ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെ മരിച്ചത്. വിവരമറിയിച്ചതിനെത്തുടര്‍ന്ന് ബന്ധുക്കളെത്തി ആശുപത്രിയിലുണ്ടായിരുന്നവരുമായി സംസാരിച്ചു. മൃതദേഹം കൊണ്ടുപോകാമെന്ന് അറിയിച്ചതോടെ നടപടി പൂര്‍ത്തിയാക്കി ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങി വീട്ടിലെത്തിച്ചു.
ALSO READ: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ; വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം
ആശുപത്രി ജീവനക്കാരും പിന്നാലെയെത്തി. കാര്യമന്വേഷിച്ചതോടെയാണ്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയില്ലെന്ന വിവരം ജീവനക്കാര്‍ ബന്ധുക്കളോട് പറഞ്ഞത്. ജീവനക്കാര്‍ക്കൊപ്പം പോലീസും സ്ഥലത്തെത്തിയിരുന്നു.
പോസ്റ്റ്‌മോര്‍ട്ടം നടത്തിയാല്‍ മാത്രമേ മരണസര്‍ട്ടിഫിക്കറ്റ് ലഭിക്കൂവെന്നും ജില്ലാ ആശുപത്രിയുടെ സ്വന്തം ചെലവില്‍ ആംബുലന്‍സടക്കം ജീവനക്കാരെ അയക്കാമെന്നും ഇവര്‍ അറിയിച്ചു. ബന്ധുക്കള്‍ സമ്മതിച്ചതോടെ മൃതദേഹം തിരികെ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി മൃതദേഹം വിട്ടുകൊടുക്കും.
സംഭവത്തില്‍ ബന്ധുക്കള്‍ക്ക് പരാതിയില്ല. എന്നാല്‍, വീഴ്ച സംബന്ധിച്ച് ബന്ധപ്പെട്ട ഡോക്ടറില്‍നിന്നും ജീവനക്കാരില്‍നിന്നും വിശദീകരണം തേടുമെന്ന് ജില്ലാ ആശുപത്രി സൂപ്രണ്ട് ജയശ്രീ പറഞ്ഞു. ഒരു മാസത്തോളമായി ചികിത്സയിലായിരുന്നതിനാല്‍ സ്വാഭാവിക മരണമാണെന്ന് കരുതിയതാണ് അബദ്ധത്തിനിടയാക്കിയതെന്നും അവര്‍ പറഞ്ഞു.


