11
Nov 2025
Wed
11 Nov 2025 Wed
dating app cheat

ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട യുവതിയില്‍ നിന്ന് മൂന്ന് പവന്‍ സ്വര്‍ണവും പണവും കവര്‍ന്ന പ്രതി വലയില്‍. പ്രതിയെ തേടി ചെന്ന പോലീസ് എത്തിയത് ഡിവൈഎസ്പിയുടെ വീട്ടില്‍. ഡിവൈഎസ്പിയുടെ മകനാണ് തട്ടിപ്പ് കേസില്‍ പിടിയിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഡിണ്ടിഗല്‍ ഡിവൈഎസ്പിയും പാപ്പനായക്കം പാളയം സ്വദേശിയുമായ തങ്കപാണ്ടിയുടെ മകന്‍ ധനുഷ് (27) ആണ് പിടിയിലായത്. ഡേറ്റിങ് ആപ്പില്‍ വ്യാജ പ്രൊഫൈലുകള്‍ സൃഷ്ടിച്ചാണ് യുവാവ് സ്ത്രീകളെ വലയിലാക്കിയിരുന്നത്. ഇങ്ങിനെ പരിചയപ്പെട്ട പൊള്ളാച്ചി ജ്യോതിനഗര്‍ സ്വദേശിയും റെയ്‌സ് കോഴ്‌സിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയുമായ 25 വയസ്സുകാരിയുടെ ആഭരണങ്ങളാണു കവര്‍ന്നത്.

ഡേറ്റിങ് ആപ്പില്‍ തരുണ്‍ എന്ന വ്യാജ പേരാണ് ധനുഷ് നല്‍കിയിരിക്കുന്നത്. യുവതിയുടെ പരാതിയിലും തരുണ്‍ എന്നയാള്‍ തട്ടിപ്പിനിരയാക്കി എന്നാണ് പറയുന്നത്.

പരിചയപ്പെട്ട ശേഷം നേരില്‍ കാണണമെന്ന് തരുണ്‍ എന്ന ധനുഷ് യുവതിയോട് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് നവംബര്‍ 2 ന് വൈകിട്ട് 7 മണിയോടെ ധനുഷ് തന്റെ കാറുമായി വന്ന് യുവതിയെ ഹോസ്റ്റലില്‍ നിന്നും പിക് ചെയ്തു. ശേഷം തമിഴ്‌നാട്- കേരള അതിര്‍ത്തിക്കടുത്തുള്ള ഒറ്റപ്പെട്ട സ്ഥലത്തെത്തിക്കുകയായിരുന്നു. ധനുഷിന്റെ സുഹൃത്തും ഇവിടെയെത്തിയിരുന്നു.

തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് യുവതിയെ ഭീഷണിപ്പെടുത്തി 3 പവന്‍ ആഭരണങ്ങള്‍ കവര്‍ന്നു. ഒരു പവന്‍ സ്വര്‍ണ്ണ മാല, ഒരു പവന്‍ സ്വര്‍ണ്ണ മോതിരം, ഒരു പവന്‍ ബ്രേസ്ലെറ്റ് എന്നിവയാണ് തട്ടിയെടുത്തത്. യുപിഐ പേയ്മെന്റ് വഴി 90,000 രൂപയും ഭീഷണിപ്പെടുത്തി ട്രാന്‍സ്ഫര്‍ ചെയ്യിക്കുകയായിരുന്നു.

തുടര്‍ന്ന് അവിനാശിയിലെ ഒരു സ്റ്റാര്‍ ഹോട്ടലിന് സമീപം യുവതിയെ ഇറക്കിവിടുകയായിരുന്നു. രാത്രി 11നു ശേഷം ഹോസ്റ്റലില്‍ പ്രവേശിക്കാനാവില്ലെന്ന് യുവതി പറഞ്ഞതോടെയാണ് ഹോട്ടലിന് സമീപം ഇറക്കിവിട്ടത്. തുടര്‍ന്ന് യുവതി സഹോദരിയെ ഫോണില്‍ വിളിക്കുകയും ഇരുവരും പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയുമായിരുന്നു.

യുവതിയുടേയും ധനുഷിന്റെയും കോള്‍ വിവരങ്ങളും ആപ്പിലെ പേരും വച്ചു നടത്തിയ അന്വേഷണത്തിലാണു ധനുഷിനെ കണ്ടെത്തിയത്. ധനുഷിനെ അറസ്റ്റ് ചെയ്യുകയും കാര്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

കോയമ്പത്തൂര്‍ ഈച്ചനാരിയില്‍ ഹോട്ടല്‍ ബിസിനസ് നടത്തുകയായിരുന്ന ധനുഷ് വരുമാനം കുറഞ്ഞതിനെത്തുടര്‍ന്നാണു വിവാഹിതരായ യുവതികളെ അടക്കം ഡേറ്റിങ് ആപ്പ് വഴി ബന്ധപ്പെട്ടു പണവും ആഭരണവും കൈക്കലാക്കാന്‍ തുടങ്ങിയതെന്നു പൊലീസ് പറഞ്ഞു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക