മലപ്പുറം: മൂന്ന് തവണ ജനപ്രതിനിധിയായവര്‍ മല്‍സരിക്കാന്‍ പാടില്ലെന്ന മുസ്ലിം ലീഗ് നിബന്ധന ലംഘിച്ച് പലരും സ്വയം പ്രഖ്യാപിത സ്ഥാനാര്‍ഥിയായി. സ്വയം പോസ്റ്ററൊട്ടിച്ച് മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ രംഗത്ത് വന്നതോടെ നിയന്ത്രണം കര്‍ശനമാക്കി ലീഗ്.
|
ഇളവ് വ്യാപകമായി ദുരുപയോഗംചെയ്തെന്ന വിലയിരുത്തലിലാണ് നടപടി. ഇളവ് നേടി സ്ഥാനാര്‍ഥിയാകണമെങ്കില്‍ സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങളുടെ പ്രത്യേകാനുമതി വാങ്ങണം.
മൂന്നു തവണ ജനപ്രതിനിധിയായവര്‍ മത്സരിക്കാന്‍ പാടില്ലെന്ന നിബന്ധനയില്‍ മാറ്റമില്ലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം പറഞ്ഞു. കഴിഞ്ഞ തവണ മാറിനിന്നവര്ക്ക് അനിവാര്യഘട്ടത്തില്‍ ഇളവ് നല്കാന് ബന്ധപ്പെട്ട കമ്മിറ്റിക്ക് സംസ്ഥാന പ്രസിഡന്റിനോട് ശിപാര്‍ശ ചെയ്യാമെന്നു മാത്രമാണ് അറിയിച്ചിരിക്കുന്നത്.
മാനദണ്ഡങ്ങള്‍ വകവെക്കാതെ സ്വയം സ്ഥാനാര്ഥികളായവരും അവരെ സഹായിക്കുന്നവരും പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് പിഎംഎ സലാം പറഞ്ഞു. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകും. തീരുമാനത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരുടെ വിവരങ്ങള്‍ സംസ്ഥാന കമ്മിറ്റിയെ അറിയിക്കണം. യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും അവസരം നല്കാന് കഴിഞ്ഞ തെരഞ്ഞെടുപ്പ് മുതല്‍ നടപ്പാക്കിയ ടേം വ്യവസ്ഥ അട്ടിമറിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും പി.എം.എ. സലാം വ്യക്തമാക്കുന്നു.
യു പോക്കര് രാജിവച്ചു
കോഴിക്കോട് കോര്പറേഷന് തെരഞ്ഞെടുപ്പ് സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട അസ്വാരസ്യങ്ങള്‍ തുടരുന്നതിനിടെ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും എസ്.ടി.യു മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ യു. പോക്കര് പാര്‍ട്ടി വിട്ടു. മുസ്ലിം ലീഗുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കുകയാണെന്നും സി.പി.എമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
കോര്‍പറേഷനില്‍ നല്ലളം വാര്‍ഡില്‍ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗില്‍ തര്‍ക്കം നിലനില്‍ക്കുന്നതിനിടെയാണ് യു.പി. പോക്കറിന്റെ രാജി. ഇവിടെ മത്സരിക്കാന്‍ അദ്ദേഹം താല്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും പാര്‍ട്ടി സീറ്റ് അനുവദിച്ചിരുന്നില്ല.


