ഗൾഫിൽ നിന്ന് നാട്ടിലെത്തിയ ശേഷം പ്രതിശ്രുത വധുവിനെ കണ്ടുമടങ്ങവെ കാണാതായ യുവാവിനെ രണ്ടുദിവസം നീണ്ട തിരച്ചിലിനൊടുവിൽ ചതുപ്പിൽ കണ്ടെത്തി. ആലപ്പുഴ മാന്നാർ ബുധനൂർ പടിഞ്ഞാറ് കൈലാസം വീട്ടിൽ രമണൻ നായരുടെ മകൻ വിഷ്ണു നായരെ (34) ആണ് എണ്ണയ്ക്കാട് ഗ്രാമം പൂക്കൈതച്ചിറ ഭാഗത്ത് റോഡിൽ നിന്നും 10 അടി താഴ്ചയുള്ള ചതുപ്പുനിലത്തിൽ അവശനിലയിൽ കഴിഞ്ഞദിവസം വൈകിട്ട് കണ്ടെത്തിയത്.
|
യുവാവിന്റെ കൈ ഒടിഞ്ഞ നിലയിലായിരുന്നു. യുവാവ് ഓടിച്ചിരുന്ന ബൈക്ക് ചതുപ്പിലേക്ക് മറിയുകയായിരുന്നു. ബുധനൂരിലെ ജനപ്രതിനിധിയാണു യുവാവിന്റെ രക്ഷകനായെത്തിയത്.
കഴിഞ്ഞദിവസം ഗൾഫിൽ നിന്നെത്തിയ വിഷ്ണു ഞായറാഴ്ച വൈകീട്ടാണ്ട് ബുധനൂരിലെ വീട്ടിൽ നിന്ന് ചെട്ടികുളങ്ങരയിലുള്ള പ്രതിശ്രുത വധുവിനെ കാണാൻ പോയി രാത്രി മടങ്ങുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. യുവാവിനെക്കുറിച്ച് വിവരമൊന്നുമില്ലാതായതോടെ വിഷ്ണുവിന്റെ അച്ഛൻ രമണൻ നായർ മാന്നാർ പോലീസിൽ പരാതി നൽകിയിരുന്നു.
അതിനിടെ സിസിടിവിയിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ വിഷ്ണു സഞ്ചരിച്ച വഴിയിലൂടെ അന്വേഷിച്ചു പോകുന്നതിനിടെ എണ്ണയ്ക്കാട് ഗ്രാമം പൂക്കൈതച്ചിറ ഭാഗത്ത് ചതുപ്പ് നിലത്തിൽ കറുത്ത നിറത്തിലുള്ള ബൈക്ക് കണ്ടു. തുടർന്നു നടത്തിയ തിരച്ചിലിലാണ് അവശനിലയിലായ വിഷ്ണുവിനെ കണ്ടെത്തിയത്. വിഷ്ണുവിനെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. വിഷ്ണു അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.





