ഇരട്ടിപ്പുകള്‍ ഉള്‍പ്പെടെ ഒഴിവാക്കി വോട്ടര്‍ പട്ടിക ശുദ്ധീകരിക്കാന്‍ തയ്യാറാക്കിയ എസ്.ഐ.ആര്‍ കരട് പട്ടികയിലും നിരവധി ഇരട്ട വോട്ടുകള്‍. ഒന്നിലധികം നിയോജക മണ്ഡലങ്ങളില്‍ ഉള്‍പ്പെട്ടവരുടെ വിവരങ്ങള്‍ മിക്ക ജില്ലകളിലും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കുറഞ്ഞ സമയം കൊണ്ട് എന്യൂമറേഷന്‍ പൂര്‍ത്തിയാക്കാനുള്ള സമ്മര്‍ദ്ദമാണ് പ്രധാനമായും ഈ പ്രശനം സൃഷ്ടിട്ടത്.
|
ബി.എല്‍.ഒ ആപ്പില്‍ ഇരട്ടിപ്പുകള്‍ കണ്ടെത്തനോ തടയാനോ ഉള്ള സൗകര്യമുണ്ടായിരുന്നില്ല. ‘കണ്ടെത്താനാകാത്തവരുടെ’ പട്ടികയില്‍ ‘അണ്‍ ട്രെയിസബിള്‍’ എന്നും ‘പെര്‍മനന്റ്‌ലി ഷിഫ്റ്റഡ്’ എന്നും ചേര്‍ത്തവരില്‍ പലതും ഇരട്ടിപ്പുകളാണെന്നും എന്യൂമറേഷന്‍ കൃത്യമായി നടക്കാത്തതിന്റെ പോരായ്മാണിതെന്നുമാണ് വിവരം.
ഒരു വോട്ടര്‍ രണ്ടിടത്തെ പട്ടികയില്‍ ഉണ്ടെങ്കില്‍ ഒരിടത്ത് നിലനിര്‍ത്തി രണ്ടാമത്തേത് ‘ഇരട്ടിപ്പ്’ എന്ന് മാര്‍ക്ക് ചെയ്ത് ആപില്‍ അപ്‌ലോഡ് ചെയ്യണം. പേര് ഒഴിവാക്കേണ്ടത് ഏത് ബൂത്തിലേതാണോ അവിടത്തെ ബി.എല്‍.ഒ, പേര് നിലനിര്‍ത്തേണ്ട ബൂത്തിലെ വോട്ടറുടെ എപിക് നമ്പറും വിശദാംശങ്ങളും സമാഹരിച്ച് ഇരട്ടിപ്പായി വന്ന എന്യൂമറേഷന്‍ ഫോമില്‍ ചേര്‍ത്ത് അപലോഡ് ചെയ്യണം. അപ്പോഴാണ് കണ്ടെത്താനാകാത്തവരുടെ പട്ടികയിലെ ‘ഇരട്ടിപ്പ്’ എന്ന കോളത്തില്‍ ഈ പേര് ഉള്‍പ്പെടൂ.
അതേ സമയം, വേഗത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള കമീഷന്റെ ധൃതിയിലും സമ്മര്‍ദത്തിലും പല ബി.എല്‍.ഒമാര്‍ക്കും ഇത്തരം കേസുകളില്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഇരട്ടിപ്പായി മാര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞില്ല. പകരം ‘അണ്‍ട്രെയിസബിള്‍’ എന്നോ ‘പെര്‍മനന്റ്‌ലി ഷിഫ്റ്റഡ്’ എന്നോ എഴുതി നടപടി പൂര്‍ത്തിയാക്കുകയാണ് ചെയ്തത്. ഫലത്തില്‍ രണ്ടിടത്തും പേരുള്ളയാള്‍ ഒരിടത്ത് പട്ടികയില്‍ ഉള്‍പ്പെടുകയും രണ്ടാമത്തെ സ്ഥലത്ത് ‘അണ്‍ട്രെയിസബിള്‍’ ആകുന്ന സാഹചര്യവുമുണ്ടായി.
ബന്ധുക്കള്‍ ഫോമില്‍ ഒപ്പിട്ട് നല്‍കിയാല്‍ മതിയെന്ന നിര്‍ദേശം വന്നതോടെ മറ്റിടത്ത് താമസമുള്ളവരുടെയടക്കം കിട്ടിയ ഫോമുകളെല്ലാം, അവര്‍ നിലവില്‍ താമസിക്കുന്ന ബൂത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പുവരുത്താതെ ഒപ്പിട്ട് നല്‍കിയ കേസുകളും കരട് പട്ടികയില്‍ ആവര്‍ത്തനമായി വന്നിട്ടുണ്ട്.
ബി.എല്‍.ഒ ആപിന്റെ പോരായ്മയാണ് ഇരട്ടിപ്പിനുള്ള മറ്റൊരു കാരണം. ഡിജിറ്റൈസ് ചെയ്യുന്ന ആള്‍ മറ്റൊരിടത്ത് ഉള്‍പ്പെട്ടോ എന്ന കാര്യം ഓണ്‍ലൈനായി സ്ഥിരീകരിക്കാന്‍ മാര്‍ഗമില്ല. ഇതിന് എഐ സാങ്കേതിക വിദ്യ ഉള്‍പ്പെടെ ഉപയോഗിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അവകാശപ്പെട്ടിരുന്നെങ്കിലും അത്തരം സംവിധാനങ്ങളുണ്ടായിരുന്നില്ല. പകരം വോട്ടറുടെയും പിതാവിന്റെയും പേര് നല്‍കുമ്പോള്‍, സമാനമായി സംസ്ഥാനത്തുള്ള പേര് വിവരങ്ങള്‍ മുഴുവനായി സ്‌ക്രീനില്‍ തെളിയുകയായിരുന്നു. ചിലപ്പോള്‍ വയസ്സ് പോലും സമാനമാകും.
എന്നാല്‍, ഇത് വെച്ച് താന്‍ ഡിജിറ്റൈസ് ചെയ്യാന്‍ ശ്രമിക്കുന്നയാളാണോ സ്‌ക്രീനിലുള്ളതെന്ന് സ്ഥിരീകരിക്കാന്‍ ബി.എല്‍.ഒക്കാവില്ല. അദ്ദേഹം ഫോമിലെ വിവരങ്ങള്‍ നല്‍കി ഡിജിറ്റൈസേഷന്‍ പൂര്‍ത്തിയാക്കുകയാണ് ചെയ്തത്. ഫലത്തില്‍ ഇരട്ടിപ്പുണ്ടെങ്കിലും അത് ഇരട്ടിപ്പായി തന്നെ ശേഷിക്കുന്ന സ്ഥിതിയുണ്ടായി.


