11
Feb 2026
Mon
11 Feb 2026 Mon
IRAN ARREST

ജനുവരിയില്‍ നടന്ന സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ക്കിടെ രാജ്യത്തെ രാഷ്ട്രീയ-സാമൂഹിക ക്രമം തകര്‍ക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് നാല് പേരെ ഇറാന്‍ അധികൃതര്‍ അറസ്റ്റ് ചെയ്തു. ഇസ്രായേലിനും അമേരിക്കയ്ക്കും വേണ്ടി പ്രവര്‍ത്തിച്ചു എന്നതാണ് ഇവര്‍ക്കെതിരെയുള്ള പ്രധാന ആരോപണം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഞായറാഴ്ച അറസ്റ്റിലായവരില്‍ ഇറാാനിലെ പ്രമുഖരായ മൂന്ന് പരിഷ്‌കരണവാദി രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടുന്നു.

ഇറാന്‍ റിഫോം ഫ്രണ്ട് അധ്യക്ഷ ആസര്‍ മന്‍സൂരി , മുന്‍ നയതന്ത്രജ്ഞന്‍ മൊഹ്സിന്‍ അമിന്‍സാദെ, മുന്‍ പാര്‍ലമെന്റ് അംഗം ഇബ്രാഹിം അസ്ഗര്‍സാദെ എന്നിവര്‍ അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. നാലാമത്തെയാളുടെ പേര് വെളിപ്പെടുത്തിയിട്ടില്ല.

ആരോപണങ്ങള്‍

രാജ്യം ഇസ്രായേലില്‍ നിന്നും യുഎസില്‍ നിന്നും സൈനിക ഭീഷണി നേരിടുന്ന സമയത്ത്, രാജ്യത്തിനകത്ത് അസ്വസ്ഥതകള്‍ സൃഷ്ടിക്കാന്‍ ഇവര്‍ നേതൃത്വം നല്‍കിയെന്ന് ഇറാാന്‍ ജുഡീഷ്യറി ആരോപിച്ചു. തെരുവിലിറങ്ങിയ ‘ഭീകരരായ കാലാള്‍പ്പടയുടെ’ പ്രവൃത്തികളെ ഇവര്‍ ന്യായീകരിച്ചതായും ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ മിസാന്‍ (Mizan) റിപ്പോര്‍ട്ട് ചെയ്തു.

ഇറാാന്‍ റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ (IRGC) ഇന്റലിജന്‍സ് വിഭാഗമാണ് ആസര്‍ മന്‍സൂരിയെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തതെന്ന് റിഫോം ഫ്രണ്ട് സ്ഥിരീകരിച്ചു. ഡെപ്യൂട്ടി ചെയര്‍മാന്‍ മൊഹ്സിന്‍ അര്‍മിന്‍ ഉള്‍പ്പെടെയുള്ള മറ്റ് മുതിര്‍ന്ന അംഗങ്ങള്‍ക്കും ഐആര്‍ജിസി നോട്ടീസ് അയച്ചിട്ടുണ്ട്.

പ്രതിഷേധവും മരണസംഖ്യയും

സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ജനുവരിയില്‍ ടെഹ്റാനില്‍ ആരംഭിച്ച പ്രതിഷേധം പിന്നീട് രാജ്യവ്യാപകമായ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭമായി മാറുകയായിരുന്നു.

പ്രതിഷേധങ്ങളില്‍ 3,117 പേര്‍ കൊല്ലപ്പെട്ടതായി സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ ഈ മരണങ്ങളില്‍ സുരക്ഷാ സേനയ്ക്ക് പങ്കില്ലെന്നാണ് ഇറാാന്റെ നിലപാട്.

എന്നാല്‍, 6,854 പേര്‍ കൊല്ലപ്പെട്ടതായി മനുഷ്യാവകാശ സംഘടനയായ HRANA സ്ഥിരീകരിച്ചു. മറ്റു പതിനായിരത്തോളം കേസുകള്‍ അന്വേഷണത്തിലാണ്.

അമേരിക്കയുമായുള്ള സംഘര്‍ഷം

ഇറാാനിലെ പ്രതിഷേധക്കാരെ അടിച്ചമര്‍ത്തുന്നതിനെതിരെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കടുത്ത ഭീഷണി മുഴക്കിയിരുന്നു. ഗള്‍ഫ് മേഖലയിലേക്ക് കൂടുതല്‍ യുദ്ധക്കപ്പലുകളെ അയക്കാന്‍ ട്രംപ് ഉത്തരവിട്ടതോടെ മേഖലയില്‍ യുദ്ധഭീതി വര്‍ധിച്ചു. ഇറാന്‍ ആക്രമിക്കപ്പെട്ടാല്‍ ഒരു ‘പ്രാദേശിക യുദ്ധം’ (Regional War) ഉണ്ടാകുമെന്ന് പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയും മുന്നറിയിപ്പ് നല്‍കി.

മേഖലയിലെ സംഘര്‍ഷം ലഘൂകരിക്കുന്നതിനായി വെള്ളിയാഴ്ച ഒമാനില്‍ വെച്ച് ഇറാനും അമേരിക്കയും തമ്മില്‍ പരോക്ഷ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഈ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയിലാണ് പുതിയ അറസ്റ്റുകള്‍ ഉണ്ടായിരിക്കുന്നത്.