Trump orders UFO files release അന്യഗ്രഹജീവികളെയും (Aliens) തിരിച്ചറിയപ്പെടാത്ത പറക്കും വസ്തുക്കളെയും (UFO) സംബന്ധിച്ചുള്ള സര്‍ക്കാര്‍ രേഖകള്‍ പരസ്യപ്പെടുത്താന്‍ താന്‍ തയ്യാറെടുക്കുന്നതായി ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ ആരംഭിക്കാന്‍ പ്രതിരോധ വകുപ്പിനും മറ്റ് ബന്ധപ്പെട്ട ഏജന്‍സികള്‍ക്കും ട്രംപ് നിര്‍ദ്ദേശം നല്‍കും.
|
കഴിഞ്ഞ ആഴ്ച ഒരു പോഡ്കാസ്റ്റില്‍ അന്യഗ്രഹജീവികള്‍ ‘യഥാര്‍ത്ഥമാണ്’ എന്ന് മുന്‍ പ്രസിഡന്റ് ഒബാമ പറഞ്ഞിരുന്നു. ഇത് രഹസ്യ വിവരങ്ങള്‍ വെളിപ്പെടുത്തലാണെന്ന് ട്രംപ് ആരോപിച്ചതിന് പിന്നാലെയാണ് ട്രൂത്ത് സോഷ്യലിലൂടെയുള്ള (Truth Social) ഈ പുതിയ പ്രഖ്യാപനം.
ഭൂമിക്ക് പുറത്തുള്ള ജീവന്റെ സാന്നിധ്യം, തിരിച്ചറിയപ്പെടാത്ത ആകാശ പ്രതിഭാസങ്ങള്‍ (Unidentified Aerial Phenomena – UAP) എന്നിവയെക്കുറിച്ച് സര്‍ക്കാരിന്റെ പക്കലുള്ള രഹസ്യ ഫയലുകള്‍ കണ്ടെത്തി പ്രസിദ്ധീകരിക്കാനാണ് ഈ നീക്കം ലക്ഷ്യമിടുന്നത്.
ദശകങ്ങളായി നിലനില്‍ക്കുന്ന നിഗൂഢതകള്‍ അവസാനിപ്പിക്കുകയും പൊതുജനങ്ങള്‍ക്ക് കൃത്യമായ വിവരം നല്‍കുകയും ചെയ്യുകയാണ് ലക്ഷ്യം
അന്യഗ്രഹ ജീവികള്‍, യു.എഫ്.ഒ (ഡഎഛ) ദര്‍ശനങ്ങള്‍, ആകാശത്തെ അസാധാരണ പ്രതിഭാസങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും.
ബ്രയാന്‍ ടൈലര്‍ കോഹന് നടത്തിയ പോഡ്കാസ്റ്റ് അഭിമുഖത്തില്‍ താന്‍ അധികാരത്തിലിരുന്ന കാലത്ത് അന്യഗ്രഹ ജീവികളെക്കുറിച്ച് തെളിവുകളൊന്നും കണ്ടിട്ടില്ലെന്ന് ഒബാമ വ്യക്തമാക്കിയിരുന്നു. എങ്കിലും, ‘സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം പ്രപഞ്ചം അത്രത്തോളം വിശാലമായതിനാല്‍ അന്യഗ്രഹങ്ങളില്‍ ജീവന് ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും’ അദ്ദേഹം നിരീക്ഷിച്ചു. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് ട്രംപ് പ്രതികരണവുമായി രംഗത്തെത്തിയത്.
വ്യാഴാഴ്ച എയര്‍ഫോഴ്സ് വണ്ണില്‍ വെച്ച് ഫോക്സ് ന്യൂസ് റിപ്പോര്‍ട്ടര്‍ പീറ്റര്‍ ഡൂസി ഒബാമയുടെ പരാമര്‍ശങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ ട്രംപ് പറഞ്ഞത് ഇങ്ങനെയാണ്:
‘അദ്ദേഹം രഹസ്യ വിവരങ്ങള്‍ (Classified Information) പുറത്തുവിട്ടു. അങ്ങനെ ചെയ്യാന്‍ അദ്ദേഹത്തിന് അധികാരമില്ല. അവ യഥാര്‍ത്ഥമാണോ അല്ലയോ എന്ന് എനിക്കറിയില്ല. പക്ഷേ അദ്ദേഹം രഹസ്യ വിവരങ്ങള്‍ വെളിപ്പെടുത്തി എന്നത് സത്യമാണ്. അതൊരു വലിയ തെറ്റാണ്.’
ഈ രേഖകള്‍ പുറത്തുവരുന്നതോടെ പ്രപഞ്ചത്തിലെ മറ്റ് ജീവസാന്നിധ്യങ്ങളെക്കുറിച്ചുള്ള ലോകത്തിന്റെ കാഴ്ചപ്പാടില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായേക്കാമെന്നാണ് വിലയിരുത്തപ്പെടുന്നത്.




