Kozhikkode valiyangadi building collapse കോഴിക്കോട്: കോഴിക്കോട് വലിയങ്ങാടിയില്‍ കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് സണ്‍ഷെയ്ഡ് തകര്‍ന്നുവീണ് മൂന്ന് മരണം. മകിണാശ്ശേരി സ്വദേശി ജബ്ബാര്‍, അത്തോളി സ്വദേശി അഷ്റഫ്, ബഷീര്‍ എന്നിവരാണ് മരിച്ചത്. മരിച്ചവര്‍ ഗാമ ട്രേഡേഴ്സിലെ തൊഴിലാളികളാണ.് ബീച്ച് റോഡിലെ പഴയ പാസ്പോര്‍ട്ട് ഓഫീസിന്റെ കെട്ടിടമാണ് തകര്‍ന്നത്. കെട്ടിടത്തിന്റെ മുന്‍ഭാഗത്തെ ബീം ആണ് തകര്‍ന്നുവീണത്.
|
കെട്ടിടത്തിനു പുറത്ത് വിശ്രമിക്കുകയായിരുന്ന തൊഴിലാളികളുടെ ദേഹത്തേക്ക് സണ്‍ഷെയ്ഡ് തകര്‍ന്നുവീഴുകയായിരുന്നു. കോണ്‍ക്രീറ്റ് സ്ലാബുകള്‍ക്കിടയില്‍ കുടുങ്ങിപ്പോയവരെ മറ്റ് തൊഴിലാളികളും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയത്.
കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള 60 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടത്തിന്റെ സണ്‍ഷെയ്ഡാണ് തകര്‍ന്നുവീണത്. പൊളിച്ചുമാറ്റാനിരുന്ന കെട്ടിടമാണിത്. കെട്ടിടം ഒഴിയാന്‍ കോര്‍പറേഷന്‍ നോട്ടീസ് നല്‍കിയിരുന്നു എന്നാണ് വിവരം. പഴയ പാസ്പോര്‍ട്ട് ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത് ഈ കെട്ടിടത്തിലായിരുന്നു. കെട്ടിടം ഒഴിയാനുള്ള നിര്‍ദേശം ചില വ്യാപാരികള്‍ അവഗണിച്ചെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കെട്ടിടം ഒഴിപ്പിക്കാന്‍ കോര്‍പ്പറേഷന്‍ നടപടി എടുത്തില്ലെന്നും ആരോപണമുണ്ട്.
നിരവധി വ്യാപാര സ്ഥാപനങ്ങള്‍ ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വലിയങ്ങാടിയിലെ തൊഴിലാളികള്‍ സാധാരണ വിശ്രമിക്കാറുള്ളത് ഈ കെട്ടിടത്തിനു പുറത്താണ്. ഒട്ടനവധി ഇരുചക്ര വാഹനങ്ങളും തകര്‍ന്ന സ്ലാബുകള്‍ക്കുള്ളില്‍ കുടുങ്ങിയിട്ടുണ്ട്.
അപകടം നടന്നതിനു പിന്നാലെ ഉള്ളില്‍ കുടുങ്ങിയ മൂന്നുപേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പിന്നീട് ഒരാളെ ഫയര്‍ഫോഴ്സ് എത്തി സ്ലാബ് മുറിച്ചുമാറ്റി പുറത്തെടുത്ത ശേഷമാണ് ആശുപത്രിയിലേക്ക് മാറ്റാനായത്.
ഫിറ്റ്‌നസ് ഇല്ലാത്ത ബില്‍ഡിങ്ങുകള്‍ക്ക് ലൈസന്‍സ് നല്‍കരുതെന്ന് നിരവധി തവണ പറഞ്ഞതാണെന്നും സംഭവം അനാസ്ഥയാണെന്നും കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് എസ് വി സയ്യിദ് ഷമീല്‍ മുഹമ്മദ് പറഞ്ഞു. സുരക്ഷാ സംവിധാനങ്ങളില്‍ ഒരു അടിസ്ഥാനവുമില്ലെന്നും കൃത്യമായ പരിശോധനകള്‍ ഇല്ലെന്നും ഷമീല്‍ മുഹമ്മദ് വിമര്‍ശിച്ചു. വലിയ അപകടമാണ് സംഭവിച്ചത്. എവിടെയാണ് കോര്‍പ്പറേഷന് വീഴ്ച പറ്റിയതെന്ന് പരിശോധിക്കുമെന്നും മേയര്‍ ഓ സദാശിവന്‍ പ്രതികരിച്ചു.




