അമേരിക്കന്‍, ഇസ്രായേല്‍ ഭീഷണികള്‍ക്ക് മുന്നില്‍ മുട്ടുമടക്കില്ലെന്ന സൂചന നല്‍കി ഇറാന്‍ പ്രതിരോധം തുടരുന്നു. ഗള്‍ഫ് രാജ്യങ്ങളിലെ അമേരിക്കന്‍ സൈനിക താവളങ്ങളെയും ബന്ധപ്പെട്ട മറ്റു ലക്ഷ്യങ്ങളെയും കേന്ദ്രീകരിച്ചാണ് പ്രധാനമായും ഇറാന്റെ പ്രത്യാക്രമണം.
|
സൗദി അറേബ്യ, കുവൈത്ത്, ബഹ്‌റൈന്‍, യുഎഇ എന്നീ രാജ്യങ്ങളില്‍ വീണ്ടും ഏകോപിച്ചുള്ള ആക്രമണം നടന്നതായി വിദേശ വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്തു.
സൗദിയിലെ അരാംകോ ഓയില്‍ റിഫൈനറയില്‍ വന്‍ സ്‌ഫോടന ശബ്ദം. തൊഴിലാളികളെ ഒഴിപ്പിക്കുന്നതായി റിപോര്‍ട്ട്. ഇറാന്റെ മിസൈല്‍ പതിച്ചതാണോ ഇറാന്‍ ആക്രമണത്തെ പ്രതിരോധിക്കുമ്പോള്‍ ചീളുകള്‍ തെറിച്ചതാണോ എന്ന കാര്യം വ്യക്തമല്ല.
ALSO READ: ഇറാന്റെ മിസൈല്‍ ബഹ്‌റൈനില്‍ പതിച്ചു; ഏഷ്യക്കാരന്‍ കൊല്ലപ്പെട്ടു; രണ്ടുപേര്‍ക്ക് പരിക്ക്
ബഹ്‌റൈനിലെ യുഎസ് സേനാ താവളം സ്ഥിതി ചെയ്യുന്ന ജുഫൈറിലാണ് വീണ്ടും ഡ്രോണ്‍ ആക്രമണമുണ്ടായത്. എന്നാല്‍, ആക്രമണങ്ങളെയെല്ലാം ചെറുത്തതായും ഡ്രോണുകള്‍ തകര്‍ത്തതായും ബഹ്‌റൈന്‍. ബഹ്‌റൈന്‍ തലസ്ഥാനമായ മനാമയ്ക്ക് മുകളില്‍ വന്‍ പുകച്ചുരുളുകള്‍ ഉയരുന്നുണ്ടെന്ന് റോയിട്ടേഴ്‌സ് റിപോര്‍ട്ടില്‍ പറയുന്നു.
യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ സ്‌ഫോടന ശബ്ദം കേട്ടതായി പ്രദേശവാസികള്‍. ദുബായിലും അബൂദബിയിലുമാണ് സ്‌ഫോടന ശബ്ദം കേട്ടത്. എന്നാല്‍, ഔദ്യോഗിക സ്ഥിരീകരണമില്ല.
കുവൈത്തിനെ ലക്ഷ്യമിട്ടെത്തിയ ഡ്രോണുകള്‍ തകര്‍ത്തതായും റിപോര്‍ട്ടുകള്‍ പറയുന്നു. ഖത്തറിലും തുടര്‍ച്ചയായി ആക്രമണം നടക്കുന്നതായാണ് സൂചന.



