മലപ്പുറം: തിരൂരങ്ങാടി നിയമസഭ മണ്ഡലത്തില്‍ പി.എം.എ സമീറിനെ സ്ഥാനാര്‍ത്ഥിയാക്കിയതിനെതിരേ ലീഗില്‍ പ്രതിഷേധം പുകയുന്നു. കുഞ്ഞാലിക്കുട്ടിയുടെ സ്വന്തക്കാരനായ സമീറിനെതിരേ മുതിര്‍ന്ന നേതാക്കളില്‍ പലരും അസംതൃപ്തിയുമായി രംഗത്തെത്തി.
|
മുന്‍ എം.എല്‍.എയും ലീഗ് നേതാവുമായ അബ്ദുറഹ്‌മാന്‍ രണ്ടത്താണി പി.എം.എ സമീറിനെതിരെ പരസ്യമായി രംഗത്തെത്തി. തിരൂരങ്ങാടി പോലെയുള്ള മണ്ഡലത്തിലേക്ക് പി.എം.എ സമീറിനെ പരിഗണിക്കാന്‍ എന്തു യോഗ്യതയാണ് കാരണമെന്ന് അബ്ദുറഹ്‌മാന്‍ രണ്ടത്താണി ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു.
ഞാന്‍ വിമര്‍ശിക്കപ്പെടേണ്ടവനല്ല എന്ന് ആരും ധരിക്കരുതെന്ന് വ്യക്തമാക്കിയ അബ്ദുറഹ്‌മാന്‍ രണ്ടത്താണി, മിമ്പറില്‍ നിന്ന ഖലീഫയോട് പോലും ചോദ്യമുന്നയിച്ച ചരിത്രമുണ്ടെന്നും ഓര്‍മ്മപ്പെടുത്തി.
രണ്ടത്താണിയുടെ കുറിപ്പ്:
യൂത്ത് ലീഗ് നേതാക്കളായ അഡ്വ.പി.കെ ഫിറോസ് അഡ്വ: ഫൈസല്‍ ബാബു ടി.പി.അശ്രഫലി തുടങ്ങിയവരൊക്കെ സ്ഥാനാര്‍ത്ഥികളായത് അഭിമാനകരം തന്നെ.
ഇടതുപക്ഷത്തോട് പോരടിച്ച് രണ്ട് തവണ എംഎല്‍എയാവുകയും രണ്ട് തവണ തോല്‍ക്കുകയും ചെയ്ത കെ എം ഷാജിക്ക് വേങ്ങരയില്‍ അവസരം നല്‍കുകയും ചെയ്ത തീരുമാനവും ഉചിതം. പക്ഷെ എ കെ ആന്റണിയും അവുക്കാദര്‍ കുട്ടി നഹസാഹിബും യു എ ബീരാന്‍ സാഹിബും പ്രതിനിധീകരിച്ച തിരൂരങ്ങാടി നിയോജക മണ്ഡലത്തില്‍ നിന്ന് ഒരു പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയോ മുനിസിപ്പല്‍ കമ്മിറ്റിയോ പാര്‍ട്ടി പ്രവര്‍ത്തകരോ ആവശ്യപ്പെടാതെ സമീപകാലത്ത് പ്രത്യക്ഷപ്പെട്ട പി.എം.എ സമീര്‍ എന്നൊരാളെ അര്‍ഹതപ്പെട്ടവരുണ്ടായിട്ടും അവരെ അവഗണിച്ച് നിഷ്‌കളങ്കരായ തങ്ങന്മാരെ കരുവാക്കി ചിലരുടെ താല്‍പര്യത്തിനായി സ്ഥാനാര്‍ത്ഥിയാക്കിയതിന്റെ മാനദണ്ഡം പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ ചോദ്യം ചെയ്താല്‍ അത് അച്ചടക്ക ലംഘനമായി കാണരുത്. പ്രതിഫലം പറ്റാതെ പാര്‍ട്ടിക്ക് വേണ്ടി കഠിനാധ്വാനം ചെയ്യുന്നവര്‍ അവരുടെ വികാരം പ്രകടിപ്പിക്കുന്നത് സ്വാഭാവികമാണ്.- അബ്ദുറഹ്‌മാന്‍ രണ്ടത്താണി പറഞ്ഞു.
പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലും പി.എം.എ സമീറിനെ സ്ഥാനാര്‍ത്ഥിയാക്കിയതിനെതിരെ രൂക്ഷമായ അഭിപ്രായ വ്യത്യാസം ഉടലെടുത്തിട്ടുണ്ട്. മുസ്ലിം ലീഗിന്റെ അധികാരകേന്ദ്രങ്ങളിലേക്ക് ഈയടുത്ത കാലത്തായാണ് പി.എം.എ സമീര്‍ പ്രത്യക്ഷപ്പെട്ടത്. പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ വരെ അതിവേഗത്തില്‍ പി.എം.എ സമീര്‍ എത്തുകയും ചെയ്തു.
പി.കെ കുഞ്ഞാലിക്കുട്ടിയുമായുള്ള അടുപ്പമാണ് സമീറിന്റെ അതിവേഗ വളര്‍ച്ചക്ക് കാരണം. നേരത്തെ കൊണ്ടോട്ടി മണ്ഡലത്തിലേക്കായിരുന്നു സമീറിന്റെ പേര് പരിഗണിച്ചിരുന്നത്. എന്നാല്‍ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് ഈ തീരുമാനം മാറ്റുകയായിരുന്നു. തീര്‍ത്തും അപ്രതീക്ഷിതമായാണ് സമീറിനെ തിരൂരങ്ങാടിയിലേക്ക് പാര്‍ട്ടി പരിഗണിച്ചത്.




