06
Apr 2026
Mon
06 Apr 2026 Mon
ayishath farzana

കാസര്‍കോട്: കാസര്‍കോട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ ‘മുനാഫിഖ്’ എന്ന വിളിച്ച് വനിതാ ലീഗ് നേതാവിനെതിരേ സമസത. വിശ്വാസിയായ സ്ഥാനാര്‍ത്ഥിയെ മുനാഫിഖ് എന്ന് വിളിച്ചത് ഗൗരവതരമാണെന്ന് കുമ്പോല്‍ സെയ്ദ് അലി തങ്ങള്‍ പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സഭ്യേതര വാക്കുകള്‍ ഒഴിവാക്കണമെന്നും നാടിന്റെ വികസനം പറഞ്ഞ് വോട്ട് തേടണമെന്നും കുമ്പോല്‍ സെയ്ദ് അലി തങ്ങളുടെ പ്രസ്താവനയില്‍ പറയുന്നു. എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഷാനവാസ് പാദൂരിനെയാണ് വനിതാ ലീഗ് ജില്ലാ സെക്രട്ടറി ആയിഷത്ത് ഫര്‍സാന ‘ മുനാഫിഖ് ‘എന്ന് വിളിച്ചത്.

പരാമര്‍ശത്തില്‍ ഉറച്ച് ആയിഷത്ത് ഫര്‍സാന

അതേസമയം, എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ നടത്തിയ മുനാഫിഖ് പരാമര്‍ശത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് ആയിഷത്ത് ഫര്‍സാന പ്രതികരിച്ചു. പ്രസംഗത്തില്‍ പറഞ്ഞ കാര്യത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും താന്‍ തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്നും ആയിഷത്ത് ഫര്‍സാന പ്രതികരിച്ചു. വിവാദത്തെ നിയമപരമായി നേരിടും. മുനാഫിഖിന്റെ പണിയെടുക്കുന്നവന്‍ എന്നാണ് പറഞ്ഞത്. അത് കപട മതവിശ്വാസി എന്ന നിലക്കല്ല, വിശ്വാസ വഞ്ചന നടത്തി എന്ന അര്‍ത്ഥത്തിലാണ്. സ്ഥിരമായി ഈ വാക്ക് ആ അര്‍ത്ഥത്തില്‍ ഉപയോഗിക്കാറുണ്ടെന്നും ആയിഷത്ത് ഫര്‍സാന പറഞ്ഞു.

അതേസമയം, ‘മുനാഫിഖ് ‘പരാമര്‍ശത്തില്‍ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് എല്‍ഡിഎഫ്. മുള്ളേരിയയിലെ യുഡിഎഫ് കുടുംബയോഗത്തിലായിരുന്നു കപട വിശ്വാസിയുടെ പണി എടുക്കുന്നവന്‍’ എന്ന പരാമര്‍ശവുമായി വനിതാ ലീഗ് നേതാവ് പ്രസംഗിച്ചത്.

യുഡിഎഫ് സ്ഥാനാര്‍ത്ഥി കല്ലട്ര മാഹിന്‍, ആയിഷത്ത് ഫര്‍സാന എന്നിവര്‍ക്കെതിരെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. വ്യക്തിഹത്യ നടത്താന്‍ മനപ്പൂര്‍വ്വമുള്ള പ്രസംഗമാണെന്നാണ് എല്‍ഡിഎഫ് നിലപാട്. നിയമ നടപടി തുടരുന്നതിനൊപ്പം പരാമര്‍ശം ചൂണ്ടിക്കാട്ടി യുഡിഎഫിനെതിരെ പ്രചാരണം ശക്തമാക്കാനാണ് തീരുമാനം.