യുദ്ധത്തെത്തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്കില്‍ ഇറാന് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണത്തിന് തിരിച്ചടിയായി ഇറാന് തുറമുഖങ്ങള്‍ ഉപരോധിക്കാനുള്ള യുഎസ് നീക്കം ഉപേക്ഷിക്കുന്നതിന് സമ്മര്‍ദ്ദം ചെലുത്തി സൗദി രംഗത്തുവന്നതായി റിപോര്‍ട്ട്. ട്രംപിന്റെ ഈ നീക്കം പ്രദേശത്തെ സാഹചര്യം കൂടുതല്‍ വഷളാക്കുമെന്നാണ് സൗദിയുടെ ആശങ്ക.
|
ഇതിനു പകരം ഇറാനുമായി മധ്യസ്ഥ ചര്‍ച്ച നടത്തുകയാണ് വേണ്ടതെന്നും സൗദി നിര്‍ദേശിക്കുന്നു. ഇറാനിലേക്ക് വരികയും പോവുകയും ചെയ്യുന്ന കപ്പലുകള്‍ ആക്രമിക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. തങ്ങളുടെ തുറമുഖങ്ങള്‍ ആക്രമിച്ചാല്‍ ഗള്‍ഫ് രാജ്യങ്ങളിലെ തുറമുഖങ്ങള്‍ ആക്രമിക്കുമെന്ന് ഇറാനും നിലപാട് അറിയിക്കുകയുണ്ടായി. ഇതിനിടെയാണ് ഇറാന് തുറമുഖങ്ങള്‍ക്കു മേല്‍ ഉപരോധമേര്‍പ്പെടുത്താനുള്ള യുഎസ് നീക്കത്തിന് തടയിടാന്‍ സൗദി ശ്രമിക്കുന്നത്.
അതേസമയം പാക് മധ്യസ്ഥതയില്‍ നടന്ന വെടിനിര്‍ത്തല്‍ ചര്‍ച്ച പരാജയപ്പെട്ടെങ്കിലും വ്യാഴാഴ്ച ഇറാനുമായി മറ്റൊരു ചര്‍ച്ചയ്ക്കു കൂടി യുഎസ് ഒരുങ്ങുന്നുവെന്നും റിപോര്‍ട്ടുകളുണ്ട്. ഫെബ്രുവരി 28ന് ഇറാനെതിരേ ഇസ്രായേലും യുഎസും തുടങ്ങിവച്ച യുദ്ധമാണ് ആഗോളതലത്തില്‍ എണ്ണ, വാതക പ്രതിസന്ധി ഉടലെടുക്കാന്‍ കാരണമായത്.





