സാമ്പത്തിക സേവനങ്ങള്‍ക്കും മറ്റും ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പുകള്‍ ഉപയോഗിക്കുന്നത് വിലക്കി യുഎഇ. ബാങ്കിങ് സേവനങ്ങള്‍ നല്‍കുന്നതിനും ഉപഭോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനും വാട്സ്ആപ്പ് ഉള്‍പ്പെടെയുള്ള മെസേജിങ് ആപ്പുകള്‍ ഉപയോഗിക്കുന്നത് അടിയന്തരമായി നിര്‍ത്തിവെക്കാന്‍ രാജ്യത്തെ ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും യുഎഇ സെന്‍ട്രല്‍ ബാങ്ക് (CBUAE) നിര്‍ദേശം നല്‍കി. ഉപഭോക്തൃ സുരക്ഷ കൂടുതല്‍ ശക്തമാക്കുന്നതിനും സാമ്പത്തിക വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതിനുമായാണ് ഈ സുപ്രധാന നീക്കം.
|
ബാങ്കിങ് സേവനങ്ങള്‍ക്ക് ഇത്തരം ആപ്പുകള്‍ ഉപയോഗിക്കുന്നത് തട്ടിപ്പുകള്‍, ആള്‍മാറാട്ടം, അക്കൗണ്ട് ചോര്‍ത്തല്‍ തുടങ്ങിയ അപകടസാധ്യതകള്‍ വര്‍ധിക്കാന്‍ കാരണമായതായി സെന്‍ട്രല്‍ ബാങ്ക് കണ്ടെത്തിയിരുന്നു. കൂടാതെ, ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ചോരാനും ഇത്തരം ആപ്പുകള്‍ വഴി കൈമാറുന്ന വിവരങ്ങള്‍ രാജ്യത്തിന് പുറത്തുള്ള സെര്‍വറുകളില്‍ സൂക്ഷിക്കപ്പെടാനുമുള്ള സാധ്യതയുണ്ട്. ഉപഭോക്താക്കളുടെയും ഇടപാടുകളുടെയും മുഴുവന്‍ വിവരങ്ങളും രാജ്യത്തിനകത്ത് തന്നെ സൂക്ഷിക്കണമെന്ന നിയമത്തിന്റെ ലംഘനമാണിതെന്ന് സെന്‍ട്രല്‍ ബാങ്ക് ചൂണ്ടിക്കാട്ടി.
ALSO READ: മൊബൈല്‍ കിണറ്റിലിട്ടത് അദ്‌നാന്‍ തന്നെ; കോഴിക്കോട്ടെ നസ്രീനയുടെ കൊലപാതകത്തില്‍ പുതിയ സിസിടിവി തെളിവ്
വിപിഎന്‍ (VPN) പോലുള്ള സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചാലും ഈ നിയമങ്ങളില്‍ നിന്ന് സ്ഥാപനങ്ങള്‍ക്ക് ഇളവ് ലഭിക്കില്ലെന്ന് സെന്‍ട്രല്‍ ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.
താഴെ പറയുന്ന കാര്യങ്ങള്‍ക്ക് മെസേജിങ് ആപ്പുകള്‍ ഉപയോഗിക്കാന്‍ പാടില്ല:
* ഉപഭോക്താക്കളുടെ വിവരങ്ങള്‍ ആവശ്യപ്പെടാനോ കൈമാറാനോ.
* പണം കൈമാറ്റം, പേയ്മെന്റുകള്‍, വായ്പകള്‍, അക്കൗണ്ട് വിവരങ്ങളിലെ മാറ്റങ്ങള്‍ തുടങ്ങിയ ഇടപാടുകള്‍ ആരംഭിക്കാനോ സ്ഥിരീകരിക്കാനോ.
* പാസ്വേഡുകള്‍, പിന്‍ നമ്പറുകള്‍ (PIN), ഒടിപി (OTP) തുടങ്ങിയ സുപ്രധാന വിവരങ്ങള്‍ അയക്കാന്‍.
* വ്യക്തിഗത അല്ലെങ്കില്‍ സാമ്പത്തിക വിവരങ്ങള്‍ അടങ്ങിയ രേഖകള്‍ കൈമാറാന്‍.
ബാങ്കുകള്‍ അടിയന്തരമായി സ്വീകരിക്കേണ്ട നടപടികള്‍:
* മെസേജിങ് ആപ്പുകള്‍ അടിസ്ഥാനമാക്കിയുള്ള പുതിയ സേവനങ്ങള്‍ തുടരുന്നത് നിര്‍ത്തുക.
* നിലവില്‍ ഇത്തരം ആപ്പുകള്‍ വഴി നല്‍കുന്ന സേവനങ്ങള്‍ ഉടന്‍ അവസാനിപ്പിക്കുക.
* മൊബൈല്‍ ബാങ്കിങ് ആപ്പുകള്‍, ഔദ്യോഗിക ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍, കോള്‍ സെന്ററുകള്‍ അല്ലെങ്കില്‍ ബാങ്ക് ശാഖകള്‍ തുടങ്ങിയ അംഗീകൃതവും സുരക്ഷിതവുമായ സംവിധാനങ്ങളിലേക്ക് ഉപഭോക്താക്കളെ മാറ്റുക.
* നിയമം കര്‍ശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുകയും ആഭ്യന്തര പരിശോധനകള്‍ ശക്തമാക്കുകയും ചെയ്യുക.
ഈ മാസം 30നകം ബാങ്കുകള്‍ ഈ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുകയും സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കുകയും വേണം. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ സാമ്പത്തിക പിഴയുള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും സെന്‍ട്രല്‍ ബാങ്ക് മുന്നറിയിപ്പ് നല്‍കി.



