28
Apr 2026
Tue
28 Apr 2026 Tue
kerala gold price

Kerala gold price decreasing കൊച്ചി: ഇന്നലെ വൈകീട്ടും ഇന്ന് രാവിലെയുമായി സ്വര്‍ണവില താഴോട്ട്. ഇന്ന് ഗ്രാമിന് 65 രൂപ കുറഞ്ഞ് 14,025 രൂപയും പവന് 520 രൂപ കുറഞ്ഞ് 1,12,200 രൂപയുമായി. ഇന്നലെ വൈകീട്ടും ഗ്രാമിന് 65 രൂപയും പവന് 520 രൂപയും കുറഞ്ഞിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം ഇന്നലെ രാവിലെ നേരിയ വര്‍ധന രേഖപ്പെടുത്തിയിരുന്നു. ഗ്രാമിന് 35 രൂപ വര്‍ധിച്ച് 14,155രൂപയായിരുന്നു രാവിലത്തെ വില. പവന് 280 രൂപകൂടി 1,13,240 രൂപയുമായി. കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് വില വര്‍ധിച്ച ശേഷം ശനി, ഞായര്‍ ദിവസങ്ങളില്‍ മാറ്റമുണ്ടായിരുന്നില്ല.

അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔണ്‍സിന് 16.33 ഡോളര്‍ കുറഞ്ഞ് 4,663.32 ഡോളറായി. 0.35 ശതമാനമാണ് കുറഞ്ഞത്.

2026 ജനുവരി 29നാണ് കേരളത്തില്‍ സ്വര്‍ണം റേക്കോഡ് നിരക്കിലെത്തിയത്. ഗ്രാമിന് 16,395രൂപയും പവന് 1,31,160 രൂപയുമായിരുന്നു അന്നത്തെ വില.

ഇറാനും യുഎസും തമ്മിലെ തുടര്‍ ചര്‍ച്ചകള്‍ സംബന്ധിച്ച ആശയക്കുഴപ്പം നിലനില്‍ക്കുന്നത് ക്രൂഡ് ഓയില്‍ വിലയെ മുന്നോട്ട് നയിക്കുകയാണ്. ബ്രെന്റ് ക്രൂഡ് വില 110 ഡോളറിന് അടുത്തെത്തി.

ഇറാന്‍ മുന്നോട്ടുവച്ച പുതിയ നിര്‍ദേശങ്ങളും ട്രംപ് തള്ളിയിരുന്നു. ഈ സാഹചര്യത്തില്‍ ഉടനൊരു ചര്‍ച്ചയ്ക്ക് സാധ്യത മങ്ങുകയാണ്. ഇതാണ് ക്രൂഡിന് ആവേശമാകുന്നത്.

ഇടിവിന് തടയിട്ട് രൂപ

രാജ്യാന്തര സ്വര്‍ണവില ഔണ്‍സിന് 4701 ഡോളറില്‍ നിന്ന് 4667ലേക്ക് താഴ്ന്നു. ഇതോടെ കേരളത്തിലും വില കുറയുകയായിരുന്നു. രൂപ ഇന്ന് ഡോളറിനെതിരെ 18 പൈസ താഴ്ന്ന് 94.37ല്‍ ആണ് വ്യാപാരം തുടങ്ങിയത്. രൂപ തളര്‍ന്നില്ലായിരുന്നെങ്കില്‍ കേരളത്തില്‍ സ്വര്‍ണവില ഇന്ന് ഇതിലുമേറെ കുറയുമായിരുന്നു.

കാതോര്‍ക്കാം അമേരിക്കയിലേക്ക്

വരുംദിവസങ്ങളില്‍ സ്വര്‍ണവിലയുടെ ദിശ നിശ്ചയിക്കുന്ന പ്രധാനഘടകം നാളെ പ്രഖ്യാപിക്കുന്ന യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പണനയമായിരിക്കും. മേയില്‍ പ്രവര്‍ത്തന കാലാവധി അവസാനിക്കുന്ന നിലവിലെ യുഎസ് ഫെഡ് ചെയര്‍മാന്‍ ജെറോം പവലിന്റെ അവസാന പണനയ നിര്‍ണയ യോഗമാണിത്.

പവല്‍ അടിസ്ഥാന പലിശനിരക്കില്‍ മാറ്റംവരുത്താന്‍ സാധ്യതയില്ല. എങ്കിലും, അദ്ദേഹത്തിന്റെ പണനയ പ്രഖ്യാപനങ്ങളോട് അനുബന്ധിച്ചുള്ള വാക്കുകള്‍ക്ക് മൂര്‍ച്ചയുണ്ടാകും . ട്രംപിനോടുള്ള എതിര്‍പ്പും ട്രംപിന്റെ താരിഫ് നയങ്ങളും ഇറാനുമേലുള്ള ആക്രമണത്തെ തുടര്‍ന്ന് ഊര്‍ജ വിതരണമേഖല നേരിടുന്ന പ്രതിസന്ധികളും വിലക്കയറ്റം സൃഷ്ടിച്ചേക്കാവുന്ന വെല്ലുവിളികളുമെല്ലാം പവല്‍ ആയുധമാക്കാനിടയുണ്ട്.

സ്വര്‍ണവില ഇനി ഏത് ദിശയിലേക്ക്?

അടിസ്ഥാന പലിശനിരക്ക് കൂടാനിടയില്ലാത്തതിനാല്‍ സ്വര്‍ണവില വലിയതോതില്‍ ഇടിയാനുള്ള സാധ്യതയും വിരളം. ഇറാനും യുഎസും തമ്മിലെ ഭിന്നത രൂക്ഷമായാല്‍ എണ്ണവില കൂടുതല്‍ ഉയരും. ഇത് സ്വര്‍ണവിലയെ വീഴ്ത്തും. അതേസമയം, സമവായ ചര്‍ച്ചയ്ക്ക് സാധ്യത തെളിഞ്ഞാല്‍ എണ്ണവില താഴുകയും സ്വര്‍ണവില ഉയരുകയും ചെയ്യും.