30
Apr 2026
Thu
30 Apr 2026 Thu
Allahabd high court

അലഹബാദ്: ഉത്തര്‍പ്രദേശിലെ 558 എയ്ഡഡ് മദ്രസകളില്‍ അന്വേഷണത്തിന് ഉത്തരവിട്ട ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ (NHRC) നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് അലഹബാദ് ഹൈക്കോടതി. മുസ്ലീം സമുദായത്തിന് നേരെ നടക്കുന്ന ആള്‍ക്കൂട്ട അക്രമങ്ങളിലും കൊലപാതകങ്ങളിലും സ്വമേധയാ നടപടിയെടുക്കാന്‍ മടിക്കുന്ന കമ്മീഷന്‍, തങ്ങളുടെ അധികാരപരിധി മറികടന്നാണ് മദ്രസകള്‍ക്കെതിരെ അന്വേഷണം നടത്തുന്നതെന്ന് കോടതി നിരീക്ഷിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജസ്റ്റിസ് അതുല്‍ ശ്രീധരന്‍, ജസ്റ്റിസ് വിവേക് ശരണ്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഈ പരാമര്‍ശങ്ങള്‍.

കോടതിയുടെ പ്രധാന നിരീക്ഷണങ്ങള്‍:

ഇരട്ടത്താപ്പ്: ഹൈക്കോടതിക്ക് ഇടപെടാന്‍ കഴിയുന്ന വിഷയങ്ങളില്‍ മനുഷ്യാവകാശ കമ്മീഷന്‍ അനാവശ്യമായി ഇടപെടുന്നു. എന്നാല്‍ മുസ്ലീം സമുദായത്തില്‍പ്പെട്ടവര്‍ ആക്രമിക്കപ്പെടുമ്പോഴോ കൊല്ലപ്പെടുമ്പോഴോ കൃത്യമായ അന്വേഷണം നടക്കാത്ത സാഹചര്യങ്ങളില്‍ കമ്മീഷന്‍ ഇടപെടുന്നില്ല എന്നത് അത്ഭുതകരമാണെന്ന് കോടതി പറഞ്ഞു.

അധികാര പരിധി: മനുഷ്യാവകാശ കമ്മീഷനുകളും സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും തങ്ങളുമായി നേരിട്ട് ബന്ധമില്ലാത്ത കാര്യങ്ങളില്‍ അനാവശ്യമായി തലയിടുകയാണെന്ന് കോടതി അഭിപ്രായപ്പെട്ടു. മനുഷ്യാവകാശ ലംഘനങ്ങള്‍ ഇല്ലാത്ത കാര്യങ്ങളില്‍ അന്വേഷണം നടത്താന്‍ എക്‌സിക്യൂട്ടീവ് ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ കമ്മീഷന് അധികാരമുണ്ടോ എന്ന് കോടതി ചോദിച്ചു.

മദ്രസ അന്വേഷണം: മദ്രസകളിലെ അധ്യാപക നിയമനത്തിലും ഫണ്ട് വിനിയോഗത്തിലും ക്രമക്കേട് ആരോപിച്ച് സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തോടാണ് (EOW) അന്വേഷണം നടത്താന്‍ എന്‍.എച്ച്.ആര്‍.സി നിര്‍ദ്ദേശിച്ചത്. ഇതിനെതിരെ ‘ടീച്ചേഴ്‌സ് അസോസിയേഷന്‍ മദാരിസ് അറേബ്യ’ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍.

സംഭവങ്ങള്‍ നടന്ന് ഒരു വര്‍ഷത്തിന് ശേഷം ഇത്തരം പരാതികളില്‍ അന്വേഷണത്തിന് ഉത്തരവിടാന്‍ കമ്മീഷന് അധികാരമില്ലെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. കേസില്‍ നേരത്തെ തന്നെ കോടതി സ്റ്റേ അനുവദിച്ചിരുന്നു. ഈ ഇടക്കാല സ്റ്റേ കോടതി നീട്ടുകയും കമ്മീഷന് നോട്ടീസ് അയക്കുകയും ചെയ്തു.

അന്താരാഷ്ട്ര തലത്തിലും തിരിച്ചടി

ഇന്ത്യന്‍ മനുഷ്യാവകാശ കമ്മീഷന്റെ പ്രവര്‍ത്തനക്ഷമതയില്‍ ആശങ്ക പ്രകടിപ്പിച്ച് 2025 മാര്‍ച്ചില്‍ ഗ്ലോബല്‍ അലയന്‍സ് ഓഫ് നാഷണല്‍ ഹ്യൂമന്‍ റൈറ്റ്സ് ഇന്‍സ്റ്റിറ്റിയൂഷന്‍ (GANHRI) കമ്മീഷന്റെ പദവി ‘എ’ ഗ്രേഡില്‍ നിന്ന് ‘ബി’ ഗ്രേഡിലേക്ക് താഴ്ത്താന്‍ ശുപാര്‍ശ ചെയ്തിരുന്നു. കമ്മീഷന്‍ സ്വതന്ത്രമായല്ല, മറിച്ച് സര്‍ക്കാര്‍ താല്പര്യങ്ങള്‍ക്കനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന വിമര്‍ശനം ഇതിനോടകം തന്നെ ശക്തമാണ്.