13
May 2026
Sun
13 May 2026 Sun
udaynidhi stalin and Vijay

ഡി.എം.കെ നിയമസഭ കക്ഷി നേതാവായി ഉദയനിധി സ്റ്റാലിനെ തെരഞ്ഞെടുത്തു. നിയമസഭയിലെ രണ്ടാമത്തെ വലിയ കക്ഷിയുടെ തലവന്‍ എന്ന നിലയില്‍, ഉദയനിധി തന്നെ പ്രതിപക്ഷ നേതാവാകും. കെ.എന്‍ നെഹ്‌റു ഉപനേതാവും എ.വി വേലു ചീഫ് വിപ്പുമായിരിക്കും. മുഖ്യമന്ത്രിയായി സിനിമാ താരം വിജയ് സ്ഥാനമേറ്റതോടെ രണ്ട് താരങ്ങളുടെ പോരാട്ട വേദിയായി തമിഴ നിയമസഭ മാറും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍ കൊളത്തൂര്‍ മണ്ഡലത്തില്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് ഉദയനിധി നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ടത്. ഡി.എം.കെക്ക് 59 എം.എല്‍.എമാരാണുള്ളത്. 35 ഡി.എം.കെ മന്ത്രിമാരില്‍ 15 പേരും തോറ്റിരുന്നു. ഉദയനിധി സ്റ്റാലിന്‍ ചെന്നൈയിലെ ചേപ്പാക്കം- തിരുവല്ലിക്കേണി നിയമസഭ മണ്ഡലത്തില്‍നിന്നാണ് വിജയിച്ചത്.

വിജയ് തിങ്കളാഴ്ച്ച വിശ്വാസവോട്ട് തേടും

മുഖ്യമന്ത്രി സി. ജോസഫ് വിജയുടെ ടി.വി.കെ സര്‍ക്കാര്‍ തിങ്കളാഴ്ച നിയമസഭയില്‍ വിശ്വാസവോട്ട് തേടും. ഇന്ന് രാവിലെ പത്തര മണിയോടെയാണ് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ‘സി. ജോസഫ് വിജയ് എന്റും നാന്‍…’ എന്ന സത്യവാചകം ഉച്ചരിച്ചു തുടങ്ങിയതോടെ സ്റ്റേഡിയത്തിലെ നിറഞ്ഞ സദസ്സില്‍നിന്ന് നിര്‍ത്താത്ത കരഘോഷങ്ങളും ആര്‍പ്പുവിളികളും.

‘ആണ്ടവന്‍ മീത് ആണൈ’യിട്ടായിരുന്നു വിജയ്‌യുടെ സത്യപ്രതിജ്ഞ. സിനിമ സ്‌റ്റൈലില്‍ പഞ്ച് ഡയലോഗുകള്‍ പറയുന്നതുപോലെ പേപ്പറില്‍ നോക്കാതെയാണ് വിജയ് സത്യപ്രതിജ്ഞ ചെയ്തത്. രണ്ടാമത്തെ ഭാഗം മാത്രമാണ് വിജയ് നോക്കി വായിച്ചത്. രാഷ്ട്രീയ നേതാക്കളുടെ പരമ്പരാഗത വെള്ള ഷര്‍ട്ടും വേഷ്ടിയും ധരിക്കാതെ വെളുപ്പും കറുപ്പും നിറത്തിലുള്ള സ്യൂട്ടും കോട്ടും ധരിച്ച് ‘ജെന്‍ സീ’ മുഖ്യമന്ത്രിയായാണ് വിജയ് എത്തിയത്.

ടി.വി.കെ നേതാക്കളായ എന്‍. ആനന്ദ്, ആധവ് അര്‍ജുന, ഡോ. കെ.ജി. അരുണ്‍രാജ്, കെ.എ. സെങ്കോട്ടയ്യന്‍, പി. വെങ്കട്ടരമണന്‍, സി.ടി.ആര്‍ നിര്‍മല്‍കുമാര്‍, രാജ്‌മോഹന്‍, ഡോ. ടി.കെ. പ്രഭു, എസ്. കീര്‍ത്തന എന്നീ ഒമ്പത് പേരാണ് വിജയ്‌ക്കൊപ്പം മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. 29കാരിയായ ശിവകാശി എം.എല്‍.എ എസ്. കീര്‍ത്തനയാണ് ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി.

വേദിയില്‍ രാഹുല്‍ ഗാന്ധിയും

കോണ്‍ഗ്രസ് നേതാവും ലോക്‌സഭ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി എം.പിയും വിജയിയുടെ മാതാപിതാക്കളായ സംവിധായകന്‍ എസ്.എ. ചന്ദ്രശേഖര്‍-ശോഭ ദമ്പതികളും നടി തൃഷ കൃഷ്ണന്‍ ഉള്‍പ്പെടെയുള്ള സിനിമാതാരങ്ങളും മുന്‍നിരയിലുണ്ടായിരുന്നു. ഡി.എം.കെ നേതാക്കളായ എം.കെ. സ്റ്റാലിന്‍, ഉദയനിധി സ്റ്റാലിന്‍, അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസാമി, നാം തമിഴര്‍ കക്ഷി നേതാവ് സീമാന്‍ എന്നിവര്‍ പങ്കെടുത്തില്ല. വിജയ്ക്ക് പിന്തുണ നല്‍കുന്ന വി.സി.കെയുടെ നേതാവ് ടി. തിരുമാവളവന്റെ അസാന്നിധ്യവും ശ്രദ്ധിക്കപ്പെട്ടു.

അയ്യായിരത്തോളം വിശിഷ്ടാതിഥികളും സ്റ്റേഡിയം പവിലിയനുകളില്‍ ആയിരക്കണക്കിന് ടി.വി.കെ പ്രവര്‍ത്തകരുമായി സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞു. ചടങ്ങില്‍ വന്ദേമാതരം, ദേശീയഗാനം, സംസ്ഥാന ഔദ്യോഗിക ഗാനമായ ‘തമിഴ് തായ് വാഴ്ത്ത്’ ആലാപനത്തിനുശേഷമാണ് സത്യപ്രതിജ്ഞ ചടങ്ങിന്റെ നടപടിക്രമങ്ങള്‍ ആരംഭിച്ചത്. സത്യപ്രതിജ്ഞ ചടങ്ങിനുശേഷം അതേവേദിയില്‍ പ്രസംഗിച്ച വിജയ് രാഹുല്‍ ഗാന്ധിയെ ‘ബ്രദര്‍’ എന്ന് പറഞ്ഞാണ് അഭിസംബോധന ചെയ്തത്.

ജനങ്ങളോടൊപ്പം സെല്‍ഫി വീഡിയോ

ചടങ്ങിനിടെ വിജയ് തന്റെ മൊബൈല്‍ഫോണെടുത്ത് സെല്‍ഫി വിഡിയോ എടുത്തതും ശ്രദ്ധേയമായി. കോണ്‍ഗ്രസില്‍നിന്ന് ആരും സത്യപ്രതിജ്ഞ ചെയ്തില്ല. കോണ്‍ഗ്രസ് മന്ത്രിമാരെ വിശ്വാസവോട്ടിന് ശേഷമായിരിക്കും പ്രഖ്യാപിക്കുക. 120 എം.എല്‍.എമാരുടെ പിന്തുണയോടെയാണ് വിജയ് സര്‍ക്കാര്‍ രൂപവല്‍ക്കരിച്ചത്. സത്യപ്രതിജ്ഞ ചടങ്ങിനുശേഷം സെന്റ്‌ജോര്‍ജ് കോട്ടയിലെ സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രി കസേരയില്‍ ഉപവിഷ്ടനായി. ഉന്നത ഉദ്യോഗസ്ഥര്‍ ബൊക്കെകള്‍ നല്‍കി വരവേറ്റു.