13
May 2026
Mon
13 May 2026 Mon
Chandranath Rath

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് ചന്ദ്രനാഥ് രഥിനെ വെടിവെച്ചു കൊന്ന കേസിലെ മൂന്ന് പ്രതികള്‍ പിടിയിലായി. പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ്, ബിഹാര്‍ പൊലീസ് സംയുക്തമായി നടത്തിയ നീക്കത്തിലാണ് വിശാല്‍ ശ്രീവാസ്തവ, രാജ് സിംഗ്, മായങ്ക് മിശ്ര എന്നിവര്‍ അറസ്റ്റിലായത്. കൊല്‍ക്കത്തയ്ക്ക് സമീപമുള്ള ബാലി ടോള്‍ പ്ലാസയില്‍ പ്രതികള്‍ നടത്തിയ യുപിഐ (UPI) പേയ്മെന്റാണ് അന്വേഷണത്തില്‍ നിര്‍ണ്ണായകമായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊലപാതകം നടന്നത് ഇങ്ങനെ

കഴിഞ്ഞ ബുധനാഴ്ച രാത്രി പത്ത് മണിയോടെയാണ് നോര്‍ത്ത് 24 പര്‍ഗാനാസിലെ മധ്യഗ്രാമിലുള്ള വീടിന് സമീപം ചന്ദ്രനാഥ് രഥ് കൊല്ലപ്പെട്ടത്. തന്റെ സ്‌കോര്‍പ്പിയോ വാഹനത്തില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന അദ്ദേഹത്തെ ഒരു നിസ്സാന്‍ മൈക്ര കാര്‍ ഉപയോഗിച്ച് തടഞ്ഞുനിര്‍ത്തുകയും തുടര്‍ന്ന് ബൈക്കിലെത്തിയ സംഘം വെടിവെക്കുകയുമായിരുന്നു. തൊട്ടടുത്തുനിന്ന് വെടിയേറ്റ ചന്ദ്രനാഥ് സംഭവസ്ഥലത്ത് തന്നെ മരിച്ചു.

പ്രതികളെ കുടുക്കിയ യുപിഐ

കൊലപാതകത്തിന് ശേഷം പ്രതികള്‍ കാറിലും ബൈക്കിലുമായി രക്ഷപ്പെട്ടു. പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ പ്രതികള്‍ സഞ്ചരിച്ച കാര്‍ ടോള്‍ പ്ലാസയില്‍ പണമടച്ചതായി കണ്ടെത്തി. ഇവിടെ യുപിഐ വഴി പണമടച്ചതാണ് പ്രതികളെ തിരിച്ചറിയാന്‍ പൊലീസിനെ സഹായിച്ചത്. പിടിയിലായ വിശാല്‍ ശ്രീവാസ്തവ 15-ഓളം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ വാടകക്കൊലയാളിയാണ്. ബിഹാര്‍, യുപി സ്വദേശികളായ ഇവര്‍ കൃത്യത്തിനായി ഉപയോഗിച്ചത് മോഷ്ടിച്ച വാഹനങ്ങളും വ്യാജ നമ്പര്‍ പ്ലേറ്റുകളുമാണെന്ന് പൊലീസ് കണ്ടെത്തി.

‘മമതയെ പരാജയപ്പെടുത്തിയതിന്റെ പ്രതികാരം’

തന്റെ സഹായിയുടെ കൊലപാതകം ആസൂത്രിതമാണെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി ആരോപിച്ചു. ഭവാനിപൂര്‍ മണ്ഡലത്തില്‍ മമത ബാനര്‍ജിയെ പരാജയപ്പെടുത്തിയതിന്റെ പ്രതികാരമാണ് ഈ കൊലപാതകമെന്ന് അദ്ദേഹം പറഞ്ഞു. ‘ഞാന്‍ മമത ബാനര്‍ജിയെ തോല്‍പ്പിച്ചതിനാലും അവന്‍ എന്റെ സഹായി ആയതിനാലും മാത്രമാണ് അവന്‍ കൊല്ലപ്പെട്ടത്. ഇതൊരു ആസൂത്രിത കൊലപാതകമാണ്,’ സുവേന്ദു അധികാരി പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഗുണ്ടായിസമാണ് മകന്റെ ജീവനെടുത്തതെന്ന് ചന്ദ്രനാഥ് രഥിന്റെ അമ്മയും ആരോപിച്ചു.

പ്രതികളെ ഇന്ന് ബംഗാളിലെ ബരാസത്ത് കോടതിയില്‍ ഹാജരാക്കും. കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

Suvendu Adhikari’s Aide’s Killers arrested