മലപ്പുറം: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയില്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് കര്‍ശന വിലക്കുമായി ഗവര്‍ണറുടെ തിട്ടൂരം. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ നിര്‍ദേശത്തില്‍ പുതിയ പെരുമാറ്റച്ചട്ടം പുറത്തിറക്കി. വിദ്യാര്‍ത്ഥികളെ സംഘടിപ്പിക്കുന്നത് അച്ചടക്കലംഘനമായാണ് പെരുമാറ്റച്ചട്ടത്തില്‍ പറയുന്നത്. ക്യാമ്പസിനുള്ളില്‍ മുദ്രാവാക്യം വിളി പാടില്ലെന്നും നിര്‍ദേശമുണ്ട്.
|
ക്യാമ്പസിനുള്ളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയാല്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും പെരുമാറ്റച്ചട്ടത്തില്‍ പറയുന്നു. സംഭവത്തില്‍ പ്രതിഷേധവുമായി എസ്എഫ്ഐ രംഗത്തെത്തി. പെരുമാറ്റച്ചട്ടം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് ഇന്ന് രാവിലെ 9.30ന് എസ്എഫ്ഐ മലയാളസര്‍വകലാശാല യൂണിറ്റ് സിന്‍ഡിക്കേറ്റ് മാര്‍ച്ച് സംഘടിപ്പിക്കും. മലയാളസര്‍വകലാശാലയിലെ പൊതുപ്രവേശന പരീക്ഷ എടുത്തു കളയുന്നതിനെതിരെയും എസ്എഫ്ഐ പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്.
തീക്കൊള്ളി തല ചൊറിയുന്നു
ഗവര്‍ണര്‍ തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നുവെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് പറഞ്ഞു. സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥി സംഘടന പ്രവര്‍ത്തനത്തെ നിയന്ത്രിക്കണം എന്നാവശ്യപ്പെട്ട് കേരളത്തിലെ സര്‍വകലാശാലകളിലേക്ക് ഗവര്‍ണര്‍ അയച്ച ഉത്തരവ് അതീവ ഗുരുതര സ്വഭാവത്തോടെ കാണണമെന്ന് സഞ്ജീവ് ഫേസ്ബുക്കില്‍ കുറിച്ചു.
ALSO READ: ഇനി കളിമാറും; രക്ഷാ പ്രവര്‍ത്തനത്തില്‍ ഗുരുതര വകുപ്പുകള്‍; എഡിജിപിയുടെ തൊപ്പി തെറിക്കുമോ?
‘യുഡിഎഫ് സര്‍ക്കാരും അതിന്റെ മുഖ്യമന്ത്രിയും, ഉന്നതവിദ്യാഭ്യാസ മന്ത്രിയും ഇതിനെതിരെ ചെറുവിരല്‍ അനക്കില്ലെന്ന് ഇതിനോടകം ഗവര്‍ണറുമായ വിഷയത്തില്‍ അവരുടെ നിലപാട് പറഞ്ഞുകൊണ്ട് കേരളത്തെ നോക്കി കൊഞ്ഞനം കുത്തിയതുമാണ്. അവരുടെ വിദ്യാര്‍ത്ഥി സംഘടനകളായ കെഎസ്യു, എംഎസ്എഫ് സംഘടനകള്‍ ‘ഗവര്‍ണര്‍’ എന്ന വാക്ക് പോലും ഇതുവരെ കേട്ടിട്ടില്ല, എന്നിട്ടല്ലേ ഈ ഭാരിച്ച രാഷ്ട്രീയ വിഷയം, കഴിഞ്ഞ പത്തുവര്‍ഷം തന്നെ അതിനുദാരണം’, പി എസ് സഞ്ജീവ് പറഞ്ഞു.
കേരളത്തെ അപ്പാടെ വിഴുങ്ങാനുള്ള സംഘപരിവാര്‍ പദ്ധതിയുടെ വിദ്യാഭ്യാസ മേഖലയിലെ കുബുദ്ധിയാണ് ഗവര്‍ണര്‍ ഇപ്പോള്‍ പുറത്തെടുത്തിരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. മതനിരപേക്ഷതയുടെ കേന്ദ്രങ്ങളായ സര്‍വ്വകലാശാലകളെ സംഘപരിവാറിന് വിട്ടു തരില്ല. ‘ഞങ്ങളെ നിയന്ത്രിക്കാനും, ഇല്ലാതാക്കാനും നിങ്ങളൊന്നു ശ്രമിച്ചു നോക്കൂ, അപ്പോഴറിയാം വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനം എന്താണെന്നും, എസ്എഫ്ഐ എന്താണെന്നും’, പി എസ് സഞ്ജീവ് കൂട്ടിച്ചേര്‍ത്തു.
Malayalam University banned political activity



