31
May 2026
Sun
31 May 2026 Sun
AZAD AND SURYA PRATHAPA CHOUHAN

ഗാസിയാബാദ്: ഗാസിയാബാദില്‍ പതിനേഴുകാരനായ സൂര്യ പ്രതാപ് ചൗഹാനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ വലിയ ജനരോഷവും പ്രതിഷേധവും നിലനില്‍ക്കെ, കേസിലെ മുഖ്യപ്രതിയായ അസദിനെ പോലീസ് വെടിവെച്ചുകൊന്നു. ശനിയാഴ്ച അര്‍ദ്ധരാത്രി വൈകി ഉണ്ടായ ഏറ്റുമുട്ടലിലാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്നാണ് ഉത്തര്‍പ്രദേശ് പോലീസ് പറയുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഒളിവിലായിരുന്ന അസദിനെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് പോലീസ് 50,000 രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. ഖോദ, ഇന്ദിരാപുരം പോലീസ് സംഘങ്ങള്‍ സംയുക്തമായി നടത്തിയ തെരച്ചിലിനിടയിലാണ് ഏറ്റുമുട്ടലുണ്ടായതെന്നാണ് പോലീസ് ഭാഷ്യം. പോലീസ് നടത്തിയ പ്രത്യാക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അസദിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ഏറ്റുമുട്ടലില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനും വെടിയേറ്റിട്ടുണ്ടെന്നും ഇദ്ദേഹം നിലവില്‍ ചികിത്സയിലാണെന്നും അധികൃതര്‍ പറഞ്ഞു.

മെയ് 28 ബക്രീദ് ദിനത്തിലാണ് ഗാസിയാബാദിലെ ഖോദ പ്രദേശത്ത് വെച്ച് സൂര്യ പ്രതാപ് ചൗഹാനെ അസദും കൂട്ടാളികളും ചേര്‍ന്ന് കുത്തിപ്പരിക്കേല്‍പ്പിച്ചത്. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് സൂര്യ മരണപ്പെടുന്നത്. സംഭവത്തെ കുറിച്ച് സൂര്യ പ്രതാപിന്റെ കുടുംബം പറയുന്നത് ഇങ്ങിനെയാണ്: അസദ് താമസിക്കുന്ന പ്രദേശത്ത് ഒരു സുഹൃത്ത് ക്ഷണിച്ചത് പ്രകാരമാണ് സൂര്യ പ്രതാപ് ചൗഹാന്‍ എത്തിയത്. ആ സമയത്ത് അസദും കൂട്ടുകാരും അവിടെ എത്തുകയും നീ ആടിനെ അറുക്കുന്നത് കണ്ടിട്ടുണ്ടോ എന്ന് ചോദിക്കുകയും ചെയ്തു. ഇല്ല എന്ന് സൂര്യപ്രതാപ് മറുപടി പറഞ്ഞപ്പോള്‍ എന്നാല്‍, കാണിച്ചു തരാം എന്ന് പറഞ്ഞു കുത്തുകയായിരുന്നു. എന്നാല്‍, പോലീസ് പറയുന്നത് മോട്ടോര്‍ സൈക്കിളുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ്.

ALSO READ: ഇസ്രായേല്‍ സൈന്യം തെക്കന്‍ ലെബനനിലെ പ്രധാന നഗരമായ നബാത്തിയയില്‍ പ്രവേശിച്ചു; 2006ന് ശേഷം ഇതാദ്യം

ഈ കേസില്‍ ആകെ അഞ്ച് പ്രതികളാണ് ഉണ്ടായിരുന്നതെന്ന് ഡിസിപി ധവാല്‍ ജയ്സ്വാള്‍ അറിയിച്ചു. സംഭവത്തിന് പിന്നാലെ മൂന്ന് പ്രതികളെ പോലീസ് ഉടന്‍ അറസ്റ്റ് ചെയ്തിരുന്നെങ്കിലും മുഖ്യപ്രതിയായ അസദ് ഒളിവിലായിരുന്നു. ഇയാളെ പിടികൂടാന്‍ നിരവധി പ്രത്യേക അന്വേഷണ സംഘങ്ങളെ നിയോഗിച്ചിരുന്നു.

പൊലീസ് പറയുന്നത് ഇങ്ങനെ:

അസദ് തന്റെ കൂട്ടാളികളില്‍ നിന്ന് പണം വാങ്ങി പ്രദേശത്തുനിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതായി ശനിയാഴ്ച രാത്രി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധയിടങ്ങളില്‍ പോലീസ് പരിശോധന കര്‍ശനമാക്കി. മോട്ടോര്‍ സൈക്കിളില്‍ കൂട്ടാളിക്കൊപ്പം വന്ന അസദിനെ തടയാന്‍ ശ്രമിച്ചപ്പോള്‍ ഇയാള്‍ പോലീസിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് സ്വയംരക്ഷാര്‍ത്ഥം പോലീസ് നടത്തിയ വെടിവെയ്പ്പിലാണ് പ്രതി കൊല്ലപ്പെട്ടത്.

സംഭവസ്ഥലത്തുനിന്ന് ഇയാള്‍ ഉപയോഗിച്ച ബൈക്കും ആയുധങ്ങളും കണ്ടെടുത്തതായി പോലീസ് അവകാശപ്പെട്ടു. ഒപ്പമുണ്ടായിരുന്ന കൂട്ടാളി ഇരുട്ടിന്റെ മറവില്‍ രക്ഷപ്പെട്ടതായും ഇയാള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായും പോലീസ് വ്യക്തമാക്കി.

വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കണമെന്ന് മാതാവ്

അതേസമയം, മുഖ്യപ്രതി കൊല്ലപ്പെട്ട വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ സൂര്യ പ്രതാപിന്റെ അമ്മ പ്രതികരണവുമായി രംഗത്തെത്തി. തന്റെ മകനെ ക്രൂരമായി കൊലപ്പെടുത്തിയ മറ്റ് പ്രതികള്‍ക്കെതിരെയും സമാനമായ നടപടി വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ‘എന്റെ മകനെ ഇല്ലാതാക്കാന്‍ ഏഴോളം പേര്‍ ചേര്‍ന്നിട്ടുണ്ട്. നിലവില്‍ ഒരാളുടെ എന്‍കൗണ്ടര്‍ മാത്രമാണ് ഞാന്‍ അറിഞ്ഞത്. കൊലയാളികളുടെ വീടുകള്‍ക്ക് നേരെ ബുള്‍ഡോസര്‍ നടപടിയുണ്ടാകണം,’ അവര്‍ പറഞ്ഞു.

സംഭവത്തില്‍ ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ അനുശോചനം രേഖപ്പെടുത്തുകയും കുറ്റവാളികള്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തിരുന്നു.

Ghaziabad Man Who Stabbed Friend After Bakrid Invite Killed In Encounter