02
Jun 2026
Tue
02 Jun 2026 Tue
Delhi High Court Issues Notice to NIA in Appeal of PFI Leader

ന്യൂഡല്‍ഹി: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (PFI) പ്രാദേശിക നേതാവിന് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യം. പി.എഫ്.ഐയുടെ ഫിസിക്കല്‍ ട്രെയ്‌നര്‍ എന്ന് ആരോപിക്കപ്പെടുന്ന വാഹിദൂര്‍ റഹ്‌മാന്‍ സൈനുല്‍ ആബിദീനാണ് കോടതി ജാമ്യം നല്‍കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേസില്‍ സൈനുല്‍ ആബിദീന്റെ പങ്ക് അത്ര പ്രാധാന്യമുള്ളതായി കാണുന്നില്ലെന്ന് ജസ്റ്റിസ് അനൂപ് ജെ. ഭംഭാനി നിരീക്ഷിച്ചു. കഴിഞ്ഞ വര്‍ഷം മേയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) സമര്‍പ്പിച്ച ഏഴാമത്തെ അനുബന്ധ കുറ്റപത്രത്തിലാണ് ഇയാളെ ആദ്യമായി പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

കൂടാതെ, സൈനുല്‍ ആബിദീനും കുറ്റകൃത്യത്തില്‍ പരാമര്‍ശിക്കുന്ന പണവും തമ്മിലുള്ള സാമ്പത്തിക ബന്ധം 3.15 ലക്ഷം രൂപ മാത്രമാണെന്നും കോടതി ചൂണ്ടിക്കാട്ടി. പി.എം.എല്‍.എ (PMLA) നിയമപ്രകാരം കര്‍ശനമായ ജാമ്യവ്യവസ്ഥകള്‍ ബാധകമാകുന്നതിനുള്ള പരിധിയായ 1 കോടി രൂപയേക്കാള്‍ വളരെ കുറവാണിത്.

കേസില്‍ വാദം കേള്‍ക്കല്‍ പ്രാരംഭ ഘട്ടത്തിലാണെന്നും വിചാരണ പൂര്‍ത്തിയാകാന്‍ ദീര്‍ഘകാലം എടുത്തേക്കാമെന്നും കോടതി വിലയിരുത്തി. അതിനാല്‍, അനിശ്ചിതകാലത്തേക്ക് പ്രതിയെ വിചാരണത്തടവുകാരനായി ജയിലില്‍ പാര്‍പ്പിക്കുന്നത് വ്യക്തിസ്വാതന്ത്ര്യത്തിന് വിരുദ്ധമാണെന്ന് കോടതി വ്യക്തമാക്കി.

‘പ്രതി 2025 മാര്‍ച്ച് 20 മുതല്‍, അതായത് ഒരു വര്‍ഷവും രണ്ട് മാസത്തിലേറെയുമായി ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. കേസ് ഇപ്പോഴും കുറ്റപത്രം ചുമത്തുന്നതുമായി ബന്ധപ്പെട്ട വാദങ്ങളുടെ ഘട്ടത്തിലാണ്. 250 സാക്ഷികളെയും 600-ലധികം രേഖകളും ഹാജരാക്കാനുണ്ടെന്നാണ് പ്രോസിക്യൂഷന്‍ വ്യക്തമാക്കുന്നത്. അതിനാല്‍ വിചാരണ പൂര്‍ത്തിയാകാന്‍ വലിയ സമയമെടുക്കും. ഈ സാഹചര്യത്തില്‍ പ്രതിയെ അനിശ്ചിതകാലത്തേക്ക് തടവില്‍ വെക്കുന്നത് വ്യക്തിസ്വാതന്ത്ര്യത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ക്ക് നിരക്കുന്നതല്ല,’ മെയ് 29-ന് പുറപ്പെടുവിച്ച ഉത്തരവില്‍ കോടതി വ്യക്തമാക്കി.

നിരോധനത്തിനെതിരെ പി.എഫ്.ഐ നടത്തിയ പ്രതിഷേധങ്ങളില്‍ പ്രതി പങ്കെടുത്തുവെന്നതും മുന്‍പ് പെട്രോള്‍ ബോംബ് എറിഞ്ഞ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നുമുള്ള ഇ.ഡിയുടെ വാദങ്ങള്‍ കോടതി തള്ളി. അത്തരം പ്രതിഷേധങ്ങളില്‍ പങ്കെടുത്തു എന്നത് പി.എം.എല്‍.എ കേസില്‍ ജാമ്യം നിഷേധിക്കാനുള്ള ഒരു നിര്‍ണായക ഘടകമായി ഈ ഘട്ടത്തില്‍ കണക്കാക്കാനാകില്ലെന്ന് കോടതി പറഞ്ഞു.

കേസിലെ മറ്റൊരു പ്രതിയായ എസ്.ഡി.പി.ഐ (SDPI) ദേശീയ പ്രസിഡന്റ് എം.കെ. ഫൈസിക്ക് ഈ വര്‍ഷം ആദ്യം ജാമ്യം ലഭിച്ചിരുന്നു. സമാനമായ രീതിയില്‍ സൈനുല്‍ ആബിദീനും ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഇ.ഡിയുടെ വാദങ്ങള്‍:

സൈനുല്‍ ആബിദീന്‍ പി.എഫ്.ഐയുടെ ഫിസിക്കല്‍ ട്രെയിനറായിരുന്നുവെന്നും എസ്.ഡി.പി.ഐയുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്നുമാണ് ഇ.ഡിയുടെ വാദം. എസ്.ഡി.പി.ഐയുടെ അക്കൗണ്ടുകളിലേക്ക് പണം കൈമാറുന്നതില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്നും, കള്ളപ്പണം നിയമപരമായ സംഭാവനകളായി കാണിച്ച് വെളുപ്പിക്കാന്‍ ശ്രമിച്ചതായും ഇ.ഡി ആരോപിച്ചു.

2010 ഒക്ടോബറിനും 2025 മാര്‍ച്ചിനുമിടയില്‍ എസ്.ഡി.പി.ഐയുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 32.94 കോടി രൂപ എത്തിയെന്നും ഇതില്‍ 22.40 കോടി രൂപ ക്യാഷായി നിക്ഷേപിച്ചതാണെന്നും ഇ.ഡി വാദിച്ചു.

എന്നാല്‍, ഇതില്‍ 3.15 ലക്ഷം രൂപ മാത്രമാണ് പ്രതിയുമായി ബന്ധിപ്പിക്കാന്‍ കഴിഞ്ഞിട്ടുള്ളതെന്ന് കോടതി നിരീക്ഷിച്ചു. മൊത്തം തുകയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് വളരെ ചെറിയ തുകയാണെന്നും, അതിനാല്‍ ഇയാളെ കള്ളപ്പണം വെളുപ്പിക്കല്‍ ശൃംഖലയിലെ ഒരു പ്രധാന കണ്ണിയായി കാണാനാകില്ലെന്നും കോടതി വ്യക്തമാക്കി. ഫോണില്‍ ‘PFI’, ‘SDPI’ എന്നിങ്ങനെ പേരുകള്‍ സേവ് ചെയ്തതോ, പി.എഫ്.ഐയുടെ പേരിലുള്ള ഇമെയില്‍ ഐഡി ഉള്ളതോ മാത്രം ജാമ്യം നിഷേധിക്കാനുള്ള കുറ്റകൃത്യമായി കാണാനാകില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.