07
Jun 2026
Sun
07 Jun 2026 Sun
actor Salim Kumar funeral

ദേശീയ പുരസ്‌കാര ജേതാവായ നടന്‍ സലിം കുമാറിന് ഔദ്യോഗിക ബഹുമതികളോടെ യാത്രാമൊഴി നല്‍കി. വീട്ടുവളപ്പില്‍ ഒരുക്കിയ ചിതയ്ക്ക് മക്കളായ ചന്തുവും ആരോമലും തീ കൊളുത്തി. സലിം കുമാറിന്റെ അന്ത്യാഭിലാഷ പ്രകാരം മത ചടങ്ങുകള്‍ ഒഴിവാക്കിയായിരുന്നു സംസ്‌കാരം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുഖ്യമന്ത്രി വി ഡി സതീശന്‍ സംസ്‌കാരച്ചടങ്ങുകളില്‍ പങ്കെടുത്തു. സിനിമ-രാഷ്ട്രീയ-സാസ്‌കാരിക മേഖലകളിലെ നിരവധി പേരാണ് താരത്തിന് അന്തിമോപചാരമര്‍പ്പിക്കാനെത്തിയത്. നേരത്തേ പറവൂര്‍ ടൗണ്‍ഹാളില്‍ ഒരുക്കിയ പൊതുദര്‍ശനത്തില്‍ കലാ- സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ അടക്കം ആയിരങ്ങളാണ് അന്ത്യാഞ്ജലി അര്‍പ്പിച്ചത്. ടൗണ്‍ ഹാളിലെ പൊതുദര്‍ശനത്തിനൊടുവില്‍ കോണ്‍ഗ്രസ് പതാക പുതപ്പിച്ചാണ് സലിം കുമാറിന്റെ ഭൗതികശരീരം ആംബുലന്‍സിലേക്ക് കയറ്റിയത്.

എറണാകുളം അമൃത ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇന്നലെ രാത്രിയോടെയാണ് സലിംകുമാര്‍ അന്തരിച്ചത്. 56 വയസ്സായിരുന്നു സലിം കുമാറിന്. മുന്നൂറിലേറെ സിനിമകളില്‍ വേഷമിട്ടിട്ടുണ്ട് അദ്ദേഹം. 1996-ല്‍ ‘ഇഷ്ടമാണ് നൂറുവട്ടം’ എന്ന സിനിമയിലൂടെയായിരുന്നു സലിം കുമാറിന്റെ സിനിമാ അരങ്ങേറ്റം.

2006ല്‍ അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സലിംകുമാര്‍ അര്‍ഹനായി. 2011ല്‍ ആദാമിന്റെ മകന്‍ അബുവെന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന, ദേശീയ ചലച്ചിത്ര പുരസ്‌കാരവും സലിം സ്വന്തമാക്കി. സംസ്ഥാന ചലചിത്ര പുരസ്‌കാരം നേടിയ കറുത്ത ജൂതന്‍ ഉള്‍പ്പെടെ മൂന്ന് സിനിമകള്‍ സംവിധാന ചെയ്തിട്ടുണ്ട്.

എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂരില്‍ ഗംഗാധരന്‍- കൗസല്യ ദമ്പതികളുടെ ഇളയ മകനായി 1969 ഒക്ടോബര്‍ പത്തിന് ജനനം. ഗവണ്‍മെന്റ് ലോവര്‍ പ്രൈമറി സ്‌കൂളിലും ഗവണ്‍മെന്റ് ബോയ്‌സ് ഹൈസ്‌കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. മാല്യങ്കര എസ്എന്‍എം കോളജിലെ പ്രീഡിഗ്രി വിദ്യാഭ്യാസത്തിനിടെയാണ് മിമിക്രി രംഗത്തേക്കു കടന്നത്. മഹാരാജാസ് കോളജില്‍ ബിരുദ പഠനത്തിനിടെ എംജി സര്‍വകലാശാല കലോത്സവത്തില്‍ മിമിക്രി മത്സരത്തില്‍ മൂന്ന് തവണ വിജയിയായി.

അക്കാലത്ത് മലയാളത്തിലെ മിമിക്രിയുടെ പ്രധാന കേന്ദ്രമായിരുന്ന കൊച്ചിന്‍ കലാഭവനില്‍ എത്താനായത് സലിം കുമാറിന്റെ കലാ ജീവിതത്തിലെ വഴിത്തിരിവായി. സുനിതയാണ് ഭാര്യ. നടന്‍ ചന്തു, ആരോമല്‍ എന്നിവര്‍ മക്കളാണ്.

ALSO READ: ‘ഇനി അഥവാ ബിരിയാണി കൊടുത്താലോ?…’ ജെന്‍സി ട്രോളുകളിലെ താരമായ സലിം കുമാര്‍