ഫിഫ ലോകകപ്പില്‍ ജര്‍മ്മന്‍ ഫുട്‌ബോള്‍ ടീമിന് ഇപ്പോള്‍ തന്ത്രങ്ങളും എതിരാളികളും മാത്രമല്ല പ്രധാന തലവേദന. തങ്ങളുടെ ബേസ് ക്യാമ്പിലെ പുല്‍ത്തകിടിയില്‍ വിഷപ്പാമ്പിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് എന്ത് ചെയ്യണമെന്നറിയാത്ത ആശങ്കയിലാണ് താരങ്ങള്‍. നോര്‍ത്ത് കരോലിനയിലെ വിന്‍സ്റ്റണ്‍-സേലത്തിലുള്ള തങ്ങളുടെ ക്യാമ്പിലാണ് പാമ്പിനെ കണ്ടെത്തിയതെന്ന് ജര്‍മ്മന്‍ ക്യാപ്റ്റന്‍ ജോഷ്വ കിമ്മിച്ച് വെളിപ്പെടുത്തി. ജര്‍മ്മനിക്ക് പുറമെ സ്വിറ്റ്‌സര്‍ലന്‍ഡ്, നോര്‍വെ ടീമുകളുടെ ക്യാമ്പുകളില്‍ നിന്നും സമാനമായ പരാതികള്‍ ഉയര്‍ന്നതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
|
‘ജര്‍മ്മനിയിലാണെങ്കില്‍ നമ്മള്‍ തന്ത്രങ്ങളെക്കുറിച്ചും പരിക്കുകളെക്കുറിച്ചും അടുത്ത എതിരാളികളെക്കുറിച്ചും മാത്രമാണ് ആകുലപ്പെടാറുള്ളത്. എന്നാല്‍ ഇവിടെ പുല്ലിനിടയില്‍ എന്താണ് ഒളിച്ചിരിക്കുന്നതെന്ന് കൂടി ചിന്തിക്കേണ്ട അവസ്ഥയാണ്,’ കിമ്മിച്ച് പറഞ്ഞു. നോര്‍ത്ത് കരോലിനയില്‍ സാധാരണയായി കണ്ടുവരുന്ന ‘കോപ്പര്‍ഹെഡ്’ (Copperhead) ഇനത്തില്‍പ്പെട്ട അതിശക്തമായ വിഷമുള്ള പാമ്പിനെയാണ് ജര്‍മ്മന്‍ താരങ്ങള്‍ ക്യാമ്പില്‍ കണ്ടത്. ടൂര്‍ണമെന്റിന് മുന്‍പ് തന്നെ സാന്‍ ഡിയാഗോയിലെ തങ്ങളുടെ ക്യാമ്പിന് വെളിയിലുള്ള ഒരു പ്രത്യേക ഭാഗം ‘പാമ്പുകളുള്ള മേഖല’ എന്ന് സ്വിസ് ടീം അടയാളപ്പെടുത്തിയിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ALSO READ: അള്‍ജീരിയക്കെതിരായ മത്സരത്തിനിടെ ലയണല്‍ മെസ്സി പൊട്ടിക്കരഞ്ഞു; കാരണം ഫുട്‌ബോളല്ല!
പാമ്പ് വിഷമുള്ളതാണെന്ന് അറിഞ്ഞ നിമിഷം മുതല്‍ കളിക്കാര്‍ക്കിടയില്‍ ആശങ്ക വര്‍ദ്ധിച്ചതായി കിമ്മിച്ച് വ്യക്തമാക്കി. ‘ഞങ്ങള്‍ കഴിഞ്ഞ ദിവസം ഒരു പാമ്പിനെ കണ്ടിരുന്നു, അത് വിഷപ്പാമ്പാണെന്നാണ് ഞങ്ങളോട് പറഞ്ഞത്. കടിയേറ്റാല്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിക്കേണ്ടി വരും. മരണം സംഭവിക്കില്ലെങ്കിലും ഇത് തീര്‍ച്ചയായും അപകടകരമാണ്. ഇത്തരം പാമ്പുകളുടെ പുറത്ത് അബദ്ധത്തില്‍ കാല്‍ വെച്ചാല്‍ അത് വലിയ ദുരന്തത്തില്‍ കലാശിക്കുമെന്നാണ് എനിക്ക് തോന്നുന്നത്. അതുകൊണ്ടാണ് ഞങ്ങള്‍ ഇവിടെയുള്ള ജീവികളില്‍ നിന്നും അകലം പാലിക്കാന്‍ ശ്രമിക്കുന്നത്. ജര്‍മ്മനിയില്‍ ഇത്രയധികം അപകടകാരികളായ ജീവികള്‍ ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല,’ കിമ്മിച്ച് കൂട്ടിച്ചേര്‍ത്തു.
മത്സരത്തില്‍ കടിയേറ്റാല്‍ എന്ത് സംഭവിക്കുമെന്ന് കേട്ടറിഞ്ഞതോടെ കളിക്കാര്‍ക്കിടയിലെ തമാശകള്‍ പെട്ടെന്ന് തന്നെ അവസാനിച്ചുവെന്നും ലോകത്തിലെ ഏറ്റവും വലിയ ടൂര്‍ണമെന്റിനായി തയ്യാറെടുക്കുന്ന താരങ്ങള്‍ ഇപ്പോള്‍ ഓരോ ചുവടും വെക്കുന്നതിന് മുന്‍പ് നിലത്തേക്ക് നോക്കേണ്ട അവസ്ഥയിലാണെന്നും കിമ്മിച്ച് പറഞ്ഞു. നോര്‍ത്ത് കരോലിനയില്‍ കോപ്പര്‍ഹെഡ് പാമ്പുകള്‍ സര്‍വ്വസാധാരണമാണെന്ന് കേട്ടതില്‍ തനിക്ക് ഒട്ടും സന്തോഷമില്ലെന്ന് നോര്‍വെ ക്യാപ്റ്റന്‍ ക്രിസ്റ്റ്യന്‍ തോര്‍സ്റ്റ്വെഡും പ്രതികരിച്ചു.
ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ നവാഗതരായ കുറകാവോയെ ഒന്നിനെതിരെ ഏഴ് ഗോളുകള്‍ക്ക് തകര്‍ത്ത ജര്‍മ്മനിയുടെ അടുത്ത മത്സരം ജൂണ്‍ 21-ന് ഐവറി കോസ്റ്റിനെതിരെയാണ്.
Venomous Snake At German Football Team’s Camp At World Cup


