കാര്‍ഷിക സര്‍വകലാശാലയും സംഘപരിവാരത്തിന്റെ നിയന്ത്രണത്തിലാക്കാനുള്ള നീക്കവുമായി ഗവര്‍ണര്‍. സര്‍വകലാശാലാ വൈസ്ചാന്‍സലര്‍ സ്ഥാനത്തു നിന്ന് ബി.അശോകിനെ നീക്കാനും ബിജെപി അനുഭാവിയായ അധ്യാപകനെ നിയമിക്കാനും ലോക്ഭവന്‍ ചരടുവലികള്‍ ശക്തമാക്കി. താല്‍ക്കാലിക വൈസ് ചാന്‍സലറാണ് അശോക്. ഇദ്ദേഹത്തിനു പകരം, സര്‍വകലാശാലയില്‍ ഈയിടെ രൂപീകരിച്ച ബിജെപി അനുകൂല സംഘടനയിലെ അംഗമായ പ്രഫസറെ നിയമിക്കാനാണു തയാറെടുപ്പുകള്‍.
|
ബിജെപി അധ്യാപക സംഘടനാ ഭാരവാഹിയായ ഡോ.ഡി.മാവൂത്തിനെ എംജി സര്‍വകലാശാലയില്‍ താല്‍ക്കാലിക വി.സിയായി ഗവര്‍ണര്‍ നിയമിച്ചിരുന്നു. എംജി സര്‍വകലാശാലയില്‍ വി.സിയെ നിയമിക്കാന്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് സ്വന്തം നിലയില്‍ അധികാരമുണ്ട്. എന്നാല്‍ കാര്‍ഷിക സര്‍വകലാശാലാ നിയമം അനുസരിച്ചു വി.സിയെ നിയമിക്കുന്നതിനു മുന്‍പ് ഗവര്‍ണര്‍ സര്‍ക്കാരുമായി കൂടിയാലോചിക്കണം. അശോകിനെ മാറ്റുന്നതിനു മുന്നോടിയായി കൃഷി മന്ത്രിയോട് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സംസാരിക്കും. തുടര്‍ന്നു പുതിയ താല്‍ക്കാലിക വി.സിയെ നിയമിക്കാനാണ് ആലോചന.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് അശോകിനെ വി.സിയായി നിയോഗിച്ചത്. യുജിസി ചട്ടമനുസരിച്ച് വി.സിയാകാന്‍ അധ്യാപന പരിചയം വേണമെന്നും അശോകിന് ആ യോഗ്യത ഇല്ലെന്നും പരാതി ഉയര്‍ന്നു. അന്നത്തെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ പരാതിയില്‍ മുറുകെപ്പിടിച്ചപ്പോള്‍ കൃഷിമന്ത്രി പി.പ്രസാദ് അദ്ദേഹത്തെ കണ്ടു സംസാരിച്ചു. തുടര്‍ന്ന് ആരിഫ് അയയുകയായിരുന്നു. യുജിസി ചട്ടം ലംഘിച്ച് ഗവര്‍ണര്‍ നിയമനം നടത്തിയാല്‍ അതു നിയമക്കുരുക്കാകും. അതിനാല്‍ അന്ന് നിയമനാധികാരം ഗവര്‍ണര്‍ സര്‍ക്കാരിനു നല്‍കുകയായിരുന്നു.
Kerala Agricultural University VC B Ashok is likely to be removed


