ലണ്ടന്‍: ഫിഫ ലോകകപ്പില്‍ കരുത്തരായ ഇംഗ്ലണ്ടിനെ ഘാന (England vs Ghana) ഗോള്‍രഹിത സമനിലയില്‍ തളച്ചതിന് പിന്നാലെ ഫുട്‌ബോള്‍ ലോകത്ത് വീണ്ടും ‘ജുജു’ (Juju) എന്ന ആഫ്രിക്കന്‍ മന്ത്രവാദത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാകുന്നു. മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ ഇംഗ്ലണ്ട് നായകന്‍ ഹാരി കെയ്ന്‍(Harry Kane) ലഭിച്ച സുവര്‍ണ്ണാവസരം പോസ്റ്റിന് മുകളിലൂടെ അടിച്ചുകളഞ്ഞപ്പോള്‍ ഗാലറിയിലിരുന്ന ഒരു ഇംഗ്ലണ്ട് ആരാധകന്‍ അടുത്തുള്ള ഘാന ആരാധകനോട് തമാശയായി പറഞ്ഞു: ‘ഓ, അപ്പോള്‍ ആ മന്ത്രവാദം ഫലിക്കുന്നുണ്ടല്ലേ!’. എന്നാല്‍ ‘മന്ത്രവാദമൊന്നുമല്ല സുഹൃത്തേ, കെയ്ന് അല്പം ഷൂട്ടിങ് പ്രാക്ടീസ് ആവശ്യമുണ്ട്’ എന്നായിരുന്നു ഘാന ആരാധകന്റെ മറുപടി.
|
മത്സരത്തിന് മുന്‍പ് ഘാനയിലെ പ്രശസ്ത മന്ത്രവാദിയായ ‘നാനാ ക്വാകു ബോന്‍സം’ (ബുധനാഴ്ചയിലെ പിശാച് എന്നാണ് ഈ പേരിന്റെ അര്‍ത്ഥം) ബ്രിട്ടീഷ് മാധ്യമമായ ‘ഡെയ്ലി സ്റ്റാറിനോട്’ നടത്തിയ വെളിപ്പെടുത്തലാണ് ഈ തമാശകള്‍ക്ക് പിന്നില്‍. ഹാരി കെയ്നെ തളയ്ക്കാന്‍ താന്‍ ബ്ലാക്ക് മാജിക് ചെയ്തിട്ടുണ്ടെന്നായിരുന്നു ബോന്‍സത്തിന്റെ അവകാശവാദം. ‘ഞാന്‍ ഹാരി കെയ്ന് മേല്‍ ക്രിയകള്‍ ചെയ്യുന്നുണ്ട്. എന്റെ കഴിവ് എന്താണെന്ന് മുന്‍പും ഞാന്‍ തെളിയിച്ചിട്ടുള്ളതാണ്. കെയ്ന് ഗുരുതരമായ പരിക്കേല്‍ക്കാനല്ല ഞാന്‍ ആഗ്രഹിക്കുന്നത്, മറിച്ച് എന്റെ രാജ്യത്തിനെതിരെ കളിക്കുമ്പോള്‍ അദ്ദേഹത്തെ തളയ്ക്കാനുള്ളത് മാത്രം ഞാന്‍ ചെയ്തിട്ടുണ്ട്,’ ബോന്‍സം പറഞ്ഞു.
ഇയാള്‍ക്ക് മുന്‍പും ഇത്തരം ട്രാക്ക് റെക്കോര്‍ഡുകളുണ്ട്. 2014 ലോകകപ്പില്‍ ഘാനയുമായുള്ള മത്സരത്തിന് തൊട്ടുമുമ്പ് പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പരിക്കേറ്റത് തന്റെ മന്ത്രവാദം മൂലമാണെന്ന് ബോന്‍സം അവകാശപ്പെട്ടിരുന്നു. ന്യൂയോര്‍ക്ക് ടൈംസ് അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ മുന്‍പ് പ്രൊഫൈല്‍ ചെയ്തിട്ടുള്ള ബോന്‍സം ഘാനയില്‍ ഒരു സെലിബ്രിറ്റിയാണ്. കാഡിലാക് കാറുകളില്‍ സഞ്ചരിക്കുകയും ഡിസൈനര്‍ വസ്ത്രങ്ങള്‍ ധരിക്കുകയും ചെയ്യുന്ന ഇയാള്‍ മുന്‍പ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും മത്സരിച്ചിട്ടുണ്ട്.
ആഫ്രിക്കന്‍ ഫുട്‌ബോളും മന്ത്രവാദവും
ആഫ്രിക്കന്‍ ഫുട്‌ബോളില്‍ ഇത്തരം അന്ധവിശ്വാസങ്ങള്‍ക്ക് വലിയ സ്വാധീനമുണ്ട്. ‘ഉയര്‍ന്ന വിദ്യാഭ്യാസം ഉള്ളവര്‍ പോലും ഇതിനെ ഗൗരവമായി കാണാറുണ്ട്. ടീം തോറ്റാല്‍ എതിരാളികളുടെ മന്ത്രവാദം കാരണമാണെന്നും, ജയിച്ചാല്‍ തങ്ങള്‍ ചെയ്ത മന്ത്രവാദം കൊണ്ടാണ് ജയിച്ചതെന്നും വിശ്വസിക്കുന്നവരുണ്ട്,’ ഗാലറിയിലുണ്ടായിരുന്ന ഘാന ആരാധകനായ ജോസഫ് പറയുന്നു.
ഈ വിശ്വാസം അതിരുകടന്നതോടെ 2008-ല്‍ ആഫ്രിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ (CAF) കളിസ്ഥലങ്ങളില്‍ മന്ത്രവാദികളെയും അവരുടെ പൊടികളും ചരടുകളും ഉപയോഗിക്കുന്നത് വിലക്കിയിരുന്നു. സാംബിയ പോലുള്ള ചില രാജ്യങ്ങള്‍ ഇത് നിയമം മൂലം നിരോധിച്ചിട്ടുമുണ്ട്.
മുന്‍പും പല പ്രമുഖ ടൂര്‍ണമെന്റുകളിലും ഇത്തരം വിവാദങ്ങള്‍ ഉണ്ടായിട്ടുണ്ട്. 2025-ലെ ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സ് (AFCON) ഫൈനലില്‍ മൊറോക്കോ താരങ്ങള്‍ സെനഗല്‍ ഗോള്‍കീപ്പര്‍ എഡ്വേര്‍ഡ് മെന്‍ഡിയുടെ ടവലുകള്‍ മാറ്റാന്‍ നിരന്തരം ശ്രമിച്ചത് വലിയ വാര്‍ത്തയായിരുന്നു. ആ ടവലില്‍ മന്ത്രവാദം ചെയ്തിട്ടുണ്ടെന്ന സംശയത്തിലായിരുന്നു മൊറോക്കോ താരങ്ങള്‍ ഇത് ചെയ്തത്. 2022 ലോകകപ്പില്‍ കാമറൂണ്‍ കളിക്കാര്‍ എതിരാളികളെ തളയ്ക്കാന്‍ ഒരു മന്ത്രവാദിയുടെ സഹായം തേടിയതായി ഫ്രഞ്ച് മാധ്യമമായ ആര്‍എഫ്‌ഐ (RFI) റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എന്തായാലും മത്സരത്തിന് ശേഷം ഇംഗ്ലണ്ട് താരം ഡെക്ലാന്‍ റൈസും ഈ വിഷയത്തോട് തമാശ രൂപേണയാണ് പ്രതികരിച്ചത്. ‘ഘാന മികച്ച രീതിയില്‍ പ്രതിരോധിച്ചു. ഞങ്ങള്‍ ഷോട്ടുകളും ഹെഡറുകളും ഒക്കെ ശ്രമിച്ചെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിയില്ല. എനിക്കറിയില്ല… ഒരുപക്ഷേ ആ ബ്ലാക്ക് മാജിക് സത്യമായിരിക്കാം!’ ചിരിച്ചുകൊണ്ട് റൈസ് പറഞ്ഞു.
The Ghana witch doctor who put a spell on Harry Kane at the World Cup
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





