ലണ്ടൻ: ഇറാനെതിരെയുള്ള അമേരിക്ക-ഇസ്രായേൽ യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് ആഗോള വിപണിയിൽ എണ്ണവില ഇടിഞ്ഞു. യുദ്ധം ശാശ്വതമായി അവസാനിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള സമാധാന ചർച്ചകളിൽ പുരോഗതിയുണ്ടെന്ന സൂചനകൾ പുറത്തുവന്നതോടെയാണിത്. അന്താരാഷ്ട്ര ബെഞ്ച്മാർക്കായ ബ്രെന്റ് ക്രൂഡ് ഓയിൽ വില വ്യാഴാഴ്ച ഒരു ശതമാനത്തിലധികം ഇടിഞ്ഞ് ബാരലിന് 71 ഡോളറിന് താഴെയെത്തി.
|
ഓഗസ്റ്റ് ഡെലിവറിക്കായുള്ള ബ്രെന്റ് ഫ്യൂച്ചേഴ്സ് വില ബാരലിന് 70.82 ഡോളർ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി 27-ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഇതോടെ, ഏപ്രിൽ 30-ലെ യുദ്ധകാലത്തെ ഏറ്റവും ഉയർന്ന നിരക്കായ 126 ഡോളറിൽ നിന്ന് ബ്രെന്റ് ക്രൂഡ് വിലയിൽ 38 ശതമാനത്തിലധികം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കുന്ന ഖത്തർ, ഇരുരാജ്യങ്ങളും തമ്മിലുള്ള പരോക്ഷ ചർച്ചകളിൽ ‘ആശാവഹമായ പുരോഗതി’ ഉണ്ടെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് വിപണിയിൽ ഈ ഇടിവുണ്ടായത്. ‘ഇറാന്റെ ആണവ നിരായുധീകരണ ചർച്ചകൾ നല്ല രീതിയിലാണ് മുന്നോട്ട് പോകുന്നതെന്ന്’ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കടത്ത് താൽക്കാലികമായി പുനരാരംഭിച്ചതും ജിയോപൊളിറ്റിക്കൽ സാഹചര്യങ്ങളിലെ നേരിയ പുരോഗതിയുമാണ് വില കുറയാൻ കാരണമെന്ന് സിംഗപ്പൂർ ആസ്ഥാനമായുള്ള വാൻഡാ ഇൻസൈറ്റ്സിന്റെ സ്ഥാപക വന്ദന ഹരി പറഞ്ഞു. നിലവിൽ വിപണിയിലെ പ്രതിസന്ധി പൂർണ്ണമായി മാറിയിട്ടില്ലെന്നും എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾ വിപണിയിലേക്ക് സജീവമായി മടങ്ങിയെത്തുന്നതോടെ വിലയിൽ ഇനിയും മാറ്റങ്ങളുണ്ടാകാമെന്നും വിദഗ്ധർ വിലയിരുത്തുന്നു.
കഴിഞ്ഞ വ്യാഴം, ശനി ദിവസങ്ങളിൽ വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങൾക്ക് ശേഷം തടസ്സപ്പെട്ടിരുന്ന ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം വരും ദിവസങ്ങളിൽ പൂർണ്ണസ്ഥിതിയിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഗോളതലത്തിൽ എണ്ണയുടെയും ദ്രവീകൃത പ്രകൃതിവാതകത്തിന്റെയും (LNG) അഞ്ചിലൊന്നും കടന്നുപോകുന്നത് ഈ സുപ്രധാന പാതയിലൂടെയാണ്.
Oil prices fall to levels not seen since start of US-Israel war on Iran





