19
Aug 2026
Wed
19 Aug 2026 Wed
META landmark trial

ഫേസ്ബുക്കിന്റെയും ഇന്‍സ്റ്റാഗ്രാമിന്റെയും മാതൃകമ്പനിയായ മെറ്റയ്‌ക്കെതിരെ (Meta) യുഎസില്‍ ചരിത്രപരമായ വിചാരണ ആരംഭിച്ചു. കുട്ടികളിലും കൗമാരക്കാരിലും സോഷ്യല്‍ മീഡിയ അഡിക്ഷന്‍ ഉണ്ടാക്കാന്‍ മനഃപൂര്‍വ്വം ശ്രമിച്ചുവെന്ന ഗുരുതരമായ ആരോപണമാണ് കമ്പനി നേരിടുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കാലിഫോര്‍ണിയ, കൊളറാഡോ, കെന്റക്കി, ന്യൂജേഴ്സി എന്നീ നാല് അമേരിക്കന്‍ സംസ്ഥാനങ്ങളാണ് മെറ്റയ്‌ക്കെതിരെ നിയമപോരാട്ടത്തിന് തുടക്കമിട്ടത്. കാലിഫോര്‍ണിയയിലെ യുഎസ് ഫെഡറല്‍ കോടതിയില്‍ ഡിസ്ട്രിക്റ്റ് ജഡ്ജ് വൈവോണ്‍ ഗോണ്‍സാലസ് റോജേഴ്‌സിന്റെ മുമ്പാകെയാണ് കേസ് നടക്കുന്നത്.

‘കുട്ടികളെ വലയിലാക്കി ഡാറ്റ ചോര്‍ത്തി’

തുടക്കത്തില്‍ തന്നെ രൂക്ഷമായ വിമര്‍ശനങ്ങളാണ് മെറ്റയ്‌ക്കെതിരെ ഉയര്‍ന്നത്. ‘ഉപയോക്താക്കളെ പ്ലാറ്റ്ഫോമില്‍ കുടുക്കിയിടാനും, അവരുടെ ഡാറ്റ ചോര്‍ത്താനും, സത്യം പൊതുജനങ്ങളില്‍ നിന്ന് മറച്ചുവെക്കാനുമാണ് മെറ്റ തങ്ങളുടെ പ്രൊഡക്റ്റുകള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്,’ എന്ന് കാലിഫോര്‍ണിയ ഡെപ്യൂട്ടി അറ്റോര്‍ണി ജനറല്‍ മീഗന്‍ ഒനീല്‍ കോടതിയില്‍ പറഞ്ഞു. കുട്ടികളിലാണ് ഈ തന്ത്രം ഏറ്റവും കൂടുതല്‍ ഫലിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സോഷ്യല്‍ മീഡിയ ഉപയോഗം മൂലം കുട്ടികളിലുണ്ടാകുന്ന മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ക്ക് മെറ്റ ഉത്തരവാദിയാണെന്നും, മാതാപിതാക്കളുടെ സമ്മതമില്ലാതെ 13 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ വിവരങ്ങള്‍ ശേഖരിച്ച് കമ്പനി ഫെഡറല്‍ നിയമം ലംഘിച്ചെന്നുമാണ് ഹര്‍ജിയിലെ പ്രധാന ആരോപണം.

മില്ല്യന്‍ കണക്കിന് ഡോളറിന്റെ നഷ്ടപരിഹാരവും പ്ലാറ്റ്ഫോമുകളുടെ പ്രവര്‍ത്തനരീതിയില്‍ കാതലായ മാറ്റങ്ങളുമാണ് സംസ്ഥാനങ്ങള്‍ ആവശ്യപ്പെടുന്നത്. കമ്പനിയുടെ വിപണി മൂല്യത്തോട് അടുപ്പമുള്ള വന്‍തുക പിഴയായി നല്‍കേണ്ടി വന്നേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ALSO READ: മയക്കുമരുന്നിനെതിരേ ജാഥ നടത്തിയ ഡിവൈഎഫ്‌ഐ നേതാവ് എംഡിഎംഎയുമായി പിടിയില്‍

മെറ്റയുടെ വാദം

എന്നാല്‍ ഈ ആരോപണങ്ങള്‍ മെറ്റ പൂര്‍ണ്ണമായും തള്ളി. കൗമാരക്കാരുടെ മാനസികാരോഗ്യവും സോഷ്യല്‍ മീഡിയ ഉപയോഗവും തമ്മില്‍ നേരിട്ട് ബന്ധമുണ്ടെന്നതിന് വ്യക്തമായ തെളിവുകളില്ലെന്ന് മെറ്റയുടെ അഭിഭാഷകന്‍ പോള്‍ സ്മിറ്റ് വാദിച്ചു. ഉപയോക്താക്കളുടെ സുരക്ഷയ്ക്ക് തങ്ങള്‍ മുന്‍ഗണന നല്‍കുന്നുണ്ടെന്നും, കൗമാരക്കാര്‍ക്കായി ‘ഇന്‍സ്റ്റാഗ്രാം ടീന്‍ അക്കൗണ്ടുകള്‍’ (Instagram Teen Accounts) ഉള്‍പ്പെടെയുള്ള സുരക്ഷാ ഫീച്ചറുകള്‍ അവതരിപ്പിച്ചിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കുന്നു.

മുന്‍ ജീവനക്കാരന്റെ നിര്‍ണായക മൊഴി

കേസിലെ ആദ്യ സാക്ഷിയായി വിചാരണ നേരിട്ടത് മെറ്റയിലെ മുന്‍ സേഫ്റ്റി എഞ്ചിനീയര്‍ അര്‍തുറോ ബെജാര്‍ ആണ്. ‘റീല്‍സ്’ (Reels) പോലുള്ള ഫീച്ചറുകള്‍ അവതരിപ്പിച്ചപ്പോള്‍ ഉപയോക്താക്കളുടെ സുരക്ഷ മെറ്റ പരിഗണിച്ചിരുന്നില്ലെന്നും, 13 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ പ്ലാറ്റ്ഫോം ഉപയോഗിക്കുന്ന കാര്യത്തില്‍ കമ്പനി കണ്ണടയ്ക്കുകയായിരുന്നുവെന്നും അദ്ദേഹം കോടതിയില്‍ വെളിപ്പെടുത്തി. മെറ്റ ചീഫ് മാര്‍ക്ക് സക്കര്‍ബര്‍ഗ്, ഇന്‍സ്റ്റാഗ്രാം മേധാവി ആദം മോസ്സേരി എന്നിവരും വരും ദിവസങ്ങളില്‍ സാക്ഷികളായി കോടതിയിലെത്തും.

സുരക്ഷയേക്കാള്‍ ലാഭത്തിന് മുന്‍ഗണന നല്‍കുന്ന മെറ്റയുടെ നയങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളെത്തുടര്‍ന്ന് വിപണിയില്‍ മെറ്റയുടെ ഓഹരികളില്‍ 4.4 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി. ആറാഴ്ച നീണ്ടുനില്‍ക്കുന്ന ഈ വിചാരണ സോഷ്യല്‍ മീഡിയ ഭീമന്മാര്‍ക്ക് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Tags: Meta Lawsuit, Social Media Addiction, Mark Zuckerberg, Instagram Safety, Facebook News, US Court Meta Case, Tech News Malayalam

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക