ബെംഗളുരു ചാമരാജ്പേട്ടയിലെ ഈദ്ഗാഹ് മൈതാനം ഗണേശോത്സവം (വിനായക ചതുർഥി ആഘോഷം) നടത്താനായി അനുമതി നൽകാനൊരുങ്ങി സംസ്ഥാന ബിജെപി സർക്കാർ. മൈതാനത്തിൽ എല്ലാ മത-സാംസ്കാരിക പരിപാടികളും നടത്താൻ ഹൈക്കോടതി ഉത്തരവിട്ട സാഹചര്യത്തിലാണ് നീക്കം. ഈ മാസം 31നാണ് വിനായക ചതുർഥി.
|
വഖഫ് ബോർഡും നഗര ഭരണകൂടമായ ബൃഹത് ബെംഗളുരു മഹാനഗര പാലികെ (ബി.ബി.എം.പി)യും തമ്മിൽ തർക്കത്തിലായിരുന്ന ഈദ് ഗാഹ് മൈതാനം ഈ മാസം ആദ്യം റവന്യു വകുപ്പ് ഏറ്റെടുത്തിരുന്നു.
തുടർന്നാണ് ഹൈക്കോടതി ഉത്തരവുണ്ടായത്. തങ്ങളുടെ മതപരിപാടികൾ ഈദ്ഗാഹ് മൈതാനത്തിൽ നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകൾ രംഗത്തെത്തിയിരുന്നു.
ഇതോടെ വിഷയത്തിൽ ഇടപെട്ട ഹൈക്കോടതി, എല്ലാവിധ മത-സാസ്കാരിക പരിപാടികളും ഈദ്ഗാഹ് മൈതാനത്തിൽ നടത്താൻ സംസ്ഥാന സർക്കാരിന് അനുമതി നൽകാമെന്ന് വെള്ളിയാഴ്ച ഉത്തരവിടുകയായിരുന്നു. ആഗസ്റ്റ് 31മുതൽ ആയിരിക്കണം ഇതന്നും കോടതി നിർദേശിച്ചു.
ഇതുപ്രകാരമാണ് അന്നേദിവസം നടക്കാനിരിക്കുന്ന ഗണേശോത്സവത്തിന് ഈദ്ഗാഹ് മൈതാനത്തിൽ അനുമതി നൽകാൻ ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ ഒരുങ്ങുന്നത്.



