22
Feb 2023
Sun
22 Feb 2023 Sun

പോപുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കു വേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകന്‍ അന്‍സാര്‍ ഇന്‍ഡോരിയുടെ രാജസ്ഥാനിലെ വസതിയില്‍ എന്‍ഐഎ റെയ്ഡ്. പോപുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കെതിരേ എന്‍ഐഎ സമര്‍പ്പിച്ച എഫ്‌ഐആറിനെ ചോദ്യം ചെയ്ത് കോടതിയില്‍ ഹാജരായി പത്തുദിവസത്തിനു ശേഷമാണ് അദ്ദേഹത്തിന്റെ വസതിയില്‍ റെയ്ഡുണ്ടായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പോപുലര്‍ ഫ്രണ്ട് നിരോധനഭാഗമായി രാജ്യവ്യാപകമായി നടന്നുവരുന്ന റെയ്ഡുകളുടെ ഭാഗമാണ് ഇതെന്നാണ് എന്‍ഐഎ വിശദീകരണം. ശനിയാഴ്ച പുലര്‍ച്ചെ അഞ്ചോടെയായിരുന്നു എന്‍ഐഎ സംഘം അഭിഭാഷകന്റെ വസതിയിലെത്തിയത്. മൂന്നുമണിക്കൂറോളം റെയ്ഡ് നീണ്ടുനിന്നു. വീട്ടില്‍ നിന്നും ഡിജിറ്റല്‍ ഉപകരണങ്ങളും പുസ്തകങ്ങളും എയര്‍ഗണും മൂര്‍ച്ചയേറിയ ആയുധങ്ങളും മറ്റു രേഖകളും പിടിച്ചെടുത്തുവെന്ന് എന്‍ഐഎ വക്താവ് പറഞ്ഞു.

ഭോപാലില്‍ നിന്നുള്ള എഴുത്തുകാരനായ എസ് എല്‍ ഹര്‍ദേനിയ ആര്‍എസ്എസ്സിനെക്കുറിച്ചെഴുതിയ പുസ്തകവും കശ്മീരിലെ മനുഷ്യാവകാശങ്ങളെക്കുറിച്ചെഴുതിയ പുസ്തകവും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു. ചോദ്യംചെയ്യലിനായി അന്‍സാര്‍ ഇന്‍ഡോരിയെ പ്രാദേശിക പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയും ഒരുമണിക്കൂറിനു ശേഷം വിട്ടയയ്ക്കുകയും ചെയ്തു.

തന്റെ വീട്ടില്‍ നടത്തിയ എന്‍ഐഎ റെയ്ഡ് തന്നെ ബുദ്ധിമുട്ടിക്കുന്നതിനു വേണ്ടി മാത്രമാണെന്നു മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരേ സുപ്രിംകോടതിയിലും വിവിധ ഹൈക്കോടതികളിലും ഹാജരായിട്ടുള്ള അന്‍സാര്‍ ഇന്‍ഡോരി കുറ്റപ്പെടുത്തി.
2021 ഒക്ടോബറില്‍ വസ്തുതാന്വേഷണ സംഘത്തിനൊപ്പം ത്രിപുര സന്ദര്‍ശിച്ച് മുസ് ലിംകള്‍ക്കെതിരായ പീഡനങ്ങളെക്കുറിച്ച് അന്വേഷിച്ചപ്പോഴും അന്‍സാര്‍ ഇന്‍ഡോരിക്കെതിരേ സര്‍ക്കാര്‍ ഏജന്‍സികളുടെ പീഡനമുണ്ടായിരുന്നു. യുഎപിഎ ചുമത്തിയാണ് അന്ന് അന്‍സാര്‍ ഇന്‍ഡോരി, അഭിഭാഷകനായ മുകേഷ്, മാധ്യമപ്രവര്‍ത്തകനായ ശ്യാം മീരാ സിങ് എന്നിവരടക്കമുള്ള വസ്തുതാന്വേഷണ സംഘത്തിനെതിരേ നടപടിയെടുത്തത്. രണ്ടാഴ്ചയ്ക്കു ശേഷം സുപ്രിംകോടതി ത്രിപുര പൊലീസിനോട് ഇവര്‍ക്കെതിരേ പ്രതികാര നടപടി സ്വീകരിക്കരുതെന്ന് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.

Read More News

പാകിസ്താനിൽ പോയിട്ടുണ്ടോ? സാകിർ നായിക്കിനെ കണ്ടിട്ടുണ്ടോ? ബീഫ് കഴിക്കുമോ? പൊലീസ് സ്റ്റേഷനിലെ ചോദ്യം ചെയ്യലിനു ശേഷം മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കാൻ കൊണ്ടുപോയത് ബിജെപി കൊടികെട്ടിയ വാഹനത്തിൽ: സിദ്ദീഖ് കാപ്പൻ