21
Feb 2023
Mon
21 Feb 2023 Mon

പാകിസ്താനിൽ പോയിട്ടുണ്ടോ? സാകിർ നായിക്കിനെ കണ്ടിട്ടുണ്ടോ? ബീഫ് കഴിക്കുമോ? യുപിയിലെ ഹാഥ്രസിൽ കൂട്ടബലാൽസം​ഗത്തിനിരയായി കൊല്ലപ്പെട്ട ദലിത് പെൺകുട്ടിയുടെ കുടുംബത്തെ കണ്ട് വാർത്ത തയ്യാറാക്കാൻ പോകവെ യുപി പൊലീസ് കസ്റ്റഡിയിലെടുത്ത് മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനോട് ചോദിച്ച ചോദ്യങ്ങളാണിവ. 28 മാസത്തെ തടവറ ജീവിതത്തിനു ശേഷം ഒട്ടേറെ നിയമപോരാട്ടങ്ങൾക്കൊടുവിൽ ജാമ്യത്തിൽ പുറത്തിറങ്ങിയ സിദ്ദീഖ് കാപ്പൻ യുപി പൊലീസ് പിടികൂടിയ ദിവസം മുതലുള്ള സംഭവങ്ങൾ ദ ക്വിന്റിന് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹാഥ്രസ് കൂട്ടബലാൽസം​ഗ ഇരയുടെ മരണം നടന്ന ദിവസം രാത്രി മുതലുള്ള തോന്നലായിരുന്നു അവിടെ പോയി അവരുടെ കുടുംബത്തെ കണ്ട് റിപോർട്ട് തയ്യാറാക്കുകയെന്നത്. മറ്റു മാധ്യമപ്രവർത്തകർ അവിടേക്ക് വരാനുണ്ടായിരുന്നില്ല. തനിയെ പോവാൻ ഭയമായതിനാൽ അവിടുത്തെക്കാരുടെ സഹായം തേടി. ടാക്സി കാബിൽ പോവാൻ തീരുമാനിച്ചു. യാത്ര തുടങ്ങി യുപിയിലേക്ക് പ്രവേശിച്ചതിനു പിന്നാലെ പൊലീസ് തങ്ങളെ തടഞ്ഞു. പ്രസ് കാർഡ് കാണിച്ച് ഹാഥ്രസിലേക്ക് റിപോർട്ട് ചെയ്യാൻ പോവുകയാണെന്ന് വിശദീകരിച്ചു. വാഹനം മാറ്റിയിടാൻ നിർദേശിച്ചതോടെ അനുവദിക്കുന്നില്ലെങ്കിൽ തങ്ങൾ മടങ്ങിപ്പൊയ്ക്കൊള്ളാമെന്ന് അറിയിച്ചു. എന്നാൽ ചോദ്യം ചെയ്യലിനായി പൊലീസ് സ്റ്റേഷനിലേക്ക് ചെല്ലാനായിരുന്നു മറുപടി.

2020 ഒക്ടോബർ അഞ്ചിനായിരുന്നു ഇത്. രാവിലെ മുതൽ വൈകീട്ട് വരെ തങ്ങളെ സ്റ്റേഷനിൽ ഇരുത്തി. എന്നാൽ ആരും ഒന്നും ചോദിച്ചില്ല. ലാപ്ടോപ്പും നോട്ട്പാഡും രണ്ടു പേനകളും തന്റെ ഫോണും പൊലീസ് പിടിച്ചെടുത്തു. സന്ധ്യയോടെ പ്രാദേശിക ഇന്റലിജൻസ് ഉദ്യോ​ഗസ്ഥരെത്തി കേരളത്തിൽ നിന്നുള്ള മാധ്യമപ്രവർത്തകൻ ആരാണെന്ന് ചോദിച്ചു. ഞാനാണെന്ന് മറുപടി നൽകിയതോടെ അവർ ചോദ്യം ചെയ്യൽ ആരംഭിച്ചു. എത്ര തവണ പാകിസ്താനിൽ പോയിട്ടുണ്ട്? എത്ര തവണ സാകിർ നായികുമായി കൂടിക്കാഴ്ച നടത്തി? ബീഫ് കഴിക്കുമോ? ഈ ചോദ്യമെല്ലാം കഴിഞ്ഞപ്പോൾ വിട്ടയയ്ക്കപ്പെടുമെന്നായിരുന്നു എന്റെ വിചാരണം. എന്നാൽ അതിനു പിന്നാലെ ഭീകരവിരുദ്ധ സേനയും സൈനിക ഉദ്യോ​ഗസ്ഥരും അടക്കം വിവിധ ഏജൻസികളിൽ നിന്നുള്ള ഉദ്യോ​ഗസ്ഥരെത്തി പിറ്റേദിവസം രാവിലെ വരെ ചോദ്യംചെയ്യൽ നീണ്ടു.

തുടർന്ന് തങ്ങളെ സ്റ്റേഷനു മുറ്റത്തെത്തിയ ഒരു വാഹനത്തിൽ കയറ്റി. ബിജെപിയുടെ കൊടി കെട്ടിയ ഒരു വാഹനമായിരുന്നു അതെന്ന് സിദ്ദീഖ് കാപ്പൻ പറഞ്ഞു. മജിസ്ട്രേറ്റിന്റെ മുന്നിലേക്കായിരുന്നു ആ യാത്ര. തുടർന്ന് 21 ദിവസം സ്കൂളിൽ തയ്യാറാക്കിയ താൽക്കാലിക ക്വാറന്റൈൻ കേന്ദ്രത്തിൽ അടച്ചു. ഒരു ക്ലാസ് റൂമിൽ 50 തടവുകാരായിരുന്നു ഉണ്ടായിരുന്നത്.പ്രാഥമികകൃത്യങ്ങൾ നിർവഹിക്കാൻ പോലും സൗകര്യമില്ല. പൊലീസിനോട് കെഞ്ചിപറഞ്ഞാൽ ദിവസത്തിൽ ഒരുനേരം മാത്രം ഇതിന് അനുവദിക്കും. 50 പേരുടെ ആവശ്യത്തിനായി ഒരു ബക്കറ്റാണ് മുറിയിൽ ഉണ്ടായിരുന്നത്. കോവിഡ് പടർന്നുപിടിക്കുന്ന സമയത്തായിരുന്നു ക്വാറന്റൈൻ കേന്ദ്രമെന്ന പേരിൽ അധികൃതരുടെ ഈ നടപടി.

അറസ്റ്റിലായി 45 ദിവസത്തിനു ശേഷം മാത്രമാണ് വീട്ടുകാരുമായി ഫോണിൽ സംസാരിക്കാൻ അവസരം നൽകുന്നത്. ഹിന്ദിയിലോ ഇം​ഗ്ലീഷിലോ മതി സംസാരമെന്നായിരുന്നു തിട്ടൂരം. ഉമ്മയ്ക്കാണെങ്കിൽ മലയാളമല്ലാതെ മറ്റൊരു ഭാഷ അറിയുക പോലുമില്ലായിരുന്നു. ഉമ്മയ്ക്ക് സുഖമില്ലാതിരിക്കുന്ന ആ സമയത്ത് അവരോട് രണ്ടുമിനിറ്റ് മലയാളത്തിൽ സംസാരിക്കാൻ അനുവദിക്കണമെന്ന് ഞാൻ ജയിൽ അധികൃതരോട് കെഞ്ചി. ഇതോടെ രണ്ടു മിനിറ്റ് മലയാളത്തിൽ സംസാരിക്കാൻ അനുമതി ലഭിച്ചു. 2021 ജൂണിൽ ഉമ്മ മരിച്ചു. അവസാനമായി ഒന്നു കാണാൻ പോലും തനിക്കു പക്ഷേ അവസരം ലഭിച്ചില്ല.
തന്റെ ദുരവസ്ഥയിൽ മക്കളും ഭാര്യയും സധൈര്യം നിലകൊണ്ടു. ഇതൊരു രാഷ്ട്രീയമായ വ്യാജ കേസാണെന്ന് അവർക്കറിയാമായിരുന്നു.

ഹാഥ്രസിൽ നിന്ന് ശ്രദ്ധ തിരിക്കുന്നതിനായിരുന്നു യുപി പൊലീസ് ഈ കേസ് ചമച്ചത്. എല്ലാവർക്കും ഇതറിയാമായിരുന്നു, എന്റെ മക്കൾക്കടക്കം. അവർ പത്രം വായിക്കുമായിരുന്നു. അവർക്ക് ഇന്ത്യയിലെ സാഹചര്യത്തെക്കുറിച്ചു ബോധ്യമുണ്ടായിരുന്നു. ഇങ്ങനെയേ ഇന്ത്യയിൽ നിലനിൽക്കാനാവു എന്നും അവർക്കറിയാമായിരുന്നു.
2011ൽ മുഴുസമയ മാധ്യമപ്രവർത്തകനായപ്പോൾ മുതൽ സുപ്രിംകോടതി, പാർലമെന്റ്, ദലിത് ന്യൂനപക്ഷ വിഷയങ്ങൾ, യുഎപിഎ, അഫ്സ്പ തുടങ്ങിയ വിഷയങ്ങളിൽ വാർത്തകൾ തയ്യാറാക്കി. 2020ലെ ഡൽഹി കലാപാനന്തരം കേരളത്തിലെ രണ്ടു ചാനലുകൾക്ക് കേന്ദ്രം 48 മണിക്കൂർ വിലക്കേർപ്പെടുത്തി. ഇതിനെതിരേ താൻ ജന്തർമന്ദറിൽ പ്രതിഷേധിക്കാൻ കൂടി. കെയുഡബ്ല്യുജെ ഡൽഹി ഘടകം സെക്രട്ടറിയായിരുന്നു താനന്ന്. അതിനാൽ പ്രതിഷേധത്തിന് താനാണ് നേതൃത്വം നൽകിയത്. ഞാൻ മാത്രമല്ല, അവിടെയുണ്ടായിരുന്നത്. ഡൽഹിയിലെ പ്രാദേശിക മാധ്യമപ്രവർത്തകരടക്കം ഒട്ടേറെ മാധ്യമപ്രവർത്തകരും രാഷ്ട്രീയക്കാരും അവിടെയുണ്ടായിരുന്നു. പക്ഷേ ഞാനാണ് പ്രതിഷേധം നയിച്ചത്. അന്നുമുതൽ ഞാൻ ഹിറ്റ് ലിസ്റ്റിൽ ആയി.

യുപി പൊലീസിന്റ കുറ്റപത്രത്തിൽ എനിക്ക് പോപുലർ ഫ്രണ്ടുമായി ബന്ധം ആരോപിച്ചിട്ടുണ്ട്. ഒരു മാധ്യമപ്രവർത്തകൻ എന്ന നിലയിൽ എന്റെ ഫോണിൽ നിരവധി പേരുടെ നമ്പരുകളുണ്ടാവും. ബിജെപി, സിപിഎം, പിഎഫ്.ഐ, ജനദാതൾ തുടങ്ങി ഇന്ത്യയിൽ നിരവധി സംഘടനകളുണ്ട്. എന്റെ ഫോണിൽ അവരുടെയെല്ലാം നമ്പരുകളുമുണ്ട്. ഒരു മാധ്യമപ്രവർത്തകൻ എന്ന നിലയിൽ എനിക്ക് ആ സംഘടനകളുടെ പരിപാടിയിൽ പോവുകയും റിപോർട്ട് ചെയ്യുകയും വേണമെന്നും കാപ്പൻ വ്യക്തമാക്കി.
മാധ്യമപ്രവർത്തന രം​ഗത്ത് തുടരും. രാജ്യത്തെ ജനാധിപത്യത്തിൽ ഇപ്പോഴും തനിക്കു വിശ്വാസമുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമാണ് ഇന്ത്യ. പക്ഷേ ജനാധിത്യത്തിൽ ഫാഷിസത്തിനും ഇടമുണ്ട്. അതുകൊണ്ടാണ് നാം ചൂഷണം ചെയ്യപ്പെടുന്നത്. മാധ്യമപ്രവർത്തനം ദുഷ്കരമായ ജോലിയാണ്. യഥാർഥ മാധ്യമപ്രവർത്തകർ അതിലെ വെല്ലുവിളി കാണും. സർക്കാരിന്റെ നുണകൾ പ്രചരിപ്പിക്കുന്നവർക്ക് അത് സുഖകരമായ ജോലിയാണെന്നും സിദ്ദീഖ് കാപ്പൻ കൂട്ടിച്ചേർത്തു.