18
Mar 2023
Mon
18 Mar 2023 Mon

ലൊസാഞ്ചലസ്: 95-ാം ഓസ്‌കറിൽ വീണ്ടും ഇന്ത്യൻ തിളക്കം. എസ്.എസ് രാജമൗലിയുടെ ആർആർആർ ഒറിജിനൽ സോങ് വിഭാഗത്തിൽ പുരസ്‌കാരം നേടി. ആർആർആർലെ കീരവാണി സംഗീതം നിർവഹിച്ച ‘നാട്ടു.. നാട്ടു…’വെന്ന ഗാനത്തിനാണ് പുരസ്‌കാരം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എം എം കീരവാണി സംഗീത സംവിധാനം നിർവഹിച്ച ഗാനത്തിന് വരികൾ എഴിതിയിരിക്കുന്നത് ചന്ദ്രബോസ് ആണ്. മൂന്ന് മിനിറ്റും 36 സെക്കൻഡുമാണ് ഗാനത്തിന്റെ ദൈർഘ്യം. രാഹുൽ സിപ്ലിഗഞ്ച്, കാല ഭൈരവ എന്നിവർ ചേർന്നാണ് നാട്ടു നാട്ടു ആലപിച്ചിരിക്കുന്നത്.

സം​ഗീത ബാൻഡായ കാർപന്റേഴ്സിനെ കേട്ടുവളർന്ന താൻ ഇന്ന് ഓസ്‌കറുമായി നിൽക്കുന്നു എന്നാണ് പുരസ്‌കാരം ഏറ്റുവാങ്ങി കീരവാണി പറഞ്ഞത്. അടുത്തിടെ, മികച്ച ഒറിജിനൽ സോങ് വിഭാഗത്തിൽ തന്നെ നാട്ടു നാട്ടുവിന് ഗോൾഡൻ ഗ്ലോബ് പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

മികച്ച ഡോക്യുമെന്ററി ഹ്രസ്വചിത്ര വിഭാഗത്തിൽ ‘ദ് എലിഫന്റ് വിസ്പറേഴ്‌സ്’ പുരസ്‌കാരം നേടി. കാർത്തികി ഗോൾസാൽവേസ് സംവിധാനം ചെയ്ത ഡോക്യുമെന്ററി ഹ്രസ്വചിത്രമാണ് ‘ദ് എലിഫന്റ് വിസ്പറേഴ്‌സ്’, ഗുനീത് മോങ്ക ചിത്രം നിർമിച്ചിരിക്കുന്നു. കാർത്തികിയും ഡോക്യുമെന്ററി നിർമാതാവ് ഗുനീത് മോംഗയും ചേർന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.

മികച്ച നടനായി ബ്രെൻഡൻ േ്രഫസർ തിരഞ്ഞെടുക്കപ്പെട്ടു. ചിത്രം: ദ് വെയ്ൽ. മികച്ച നടി മിഷേൽ യോ. എവരിതിങ് എവരിവേർ ഓൾ അറ്റ് വൺസ് എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്‌കാരം. മികച്ച നടിയായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഏഷ്യൻ വനിതയാണ് മിഷേൽ യോ. മികച്ച ചിത്രമായി എവരിതിങ് എവരിവേർ ഓൾ അറ്റ് വൺസ് തിരഞ്ഞെടുക്കപ്പെട്ടു. 7 പുരസ്‌കാരങ്ങളാണ് ചിത്രം വാരിക്കൂട്ടിയത്. മികച്ച ഒറിജിനൽ സ്‌കോർ, മികച്ച പ്രൊഡക്ഷൻ ഡിസൈൻ, മികച്ച ഇന്റർനാഷനൽ ഫീച്ചർ ഫിലിം, മികച്ച ഛായാഗ്രഹണം എന്നീ വിഭാഗങ്ങളിൽ പുരസ്‌കാരങ്ങളുമായി ജർമൻ ചിത്രമായ ‘ഓൾ ക്വയറ്റ് ഓൺ ദ് വെസ്‌റ്റേൺ ഫ്രന്റ്’ നേട്ടം കൊയ്തു.