26
Mar 2023
Fri
26 Mar 2023 Fri

തിരുവനന്തപുരം: നിറയെ യാത്രക്കാരുമായി ബസ് ഓടിക്കുന്നതിനിടെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് കെഎസ്ആർടിസി ബസ് ഡ്രൈവറുടെ ബോധം നഷ്ടമായി. കണ്ടക്ടർ വെള്ളറട സ്വദേശി വിജി വിഷ്ണുവിന്റെ സമയോചിത ഇടപെടലിൽ വൻ ദുരന്തമാണ് ഒഴിവായത്. വെള്ളറട ഡിപ്പോയിൽ നിന്ന് നെയ്യാറ്റിൻകര, അമ്പൂരി, മായം റൂട്ടിൽ സർവീസ് നടത്തുന്ന ബസിൽ ഇന്നലെ വൈകീട്ടോടെയാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആനപ്പാറ ആശുപത്രിക്കു മുന്നിൽ യാത്രികർക്ക് ഇറങ്ങാനായി കണ്ടക്ടർ ബെല്ലടിച്ചെങ്കിലും ഡ്രൈവർ ബസ് നിർത്താതെ പോയി. ബെല്ലടിച്ചത് കേൾക്കാഞ്ഞിട്ടാണെന്നാണ് ആദ്യം കരുതിയത്. കണ്ടക്ടർ ആളിറങ്ങാനുണ്ടെന്ന് പറഞ്ഞെങ്കിലും ബസ് നിർത്താതെ മുന്നോട്ട് പോവുകയായിരുന്നു.

ആനപ്പാറ കവലയിൽനിന്ന് ആറാട്ടുകുഴിയിലേക്കു തിരിയുന്നതിനു പകരം ബസ് നേരേ കോവില്ലൂർ റോഡിലേക്ക് കയറുകയും റോഡ് വശത്ത് ഉണ്ടായിരുന്ന കാറിലും ബൈക്കിലും തട്ടി നിർത്താതെ മുന്നോട്ട് പോവുകയുമായിരുന്നു. ഇതോടെ ബസ്സിൽ ഉണ്ടായിരുന്നവർ ഭയന്ന് നിലവിളിച്ചു തുടങ്ങി. പന്തികേട് തോന്നിയ കണ്ടക്ടർ ഓടിയെത്തി നോക്കുമ്പോഴാണ് ഡ്രൈവർക്ക് ബോധം ഇല്ലെന്ന് മനസ്സിലായത്. ഉടൻ വിഷ്ണു ബസ്സിന്റെ ബ്രേക്ക് ചവിട്ടി വാഹനം നിർത്തുകയായിരുന്നു. സംഭവ സമയം ബസിൽ 35ൽ അധികം യാത്രക്കാരുണ്ടായിരുന്നു.

ബസ് നിർത്തി ഉടൻ തന്നെ ഡ്രൈവർ രാജേഷിനെ വെള്ളറട സാമൂഹികാരോഗ്യ കേന്ദ്രത്തിലും പിന്നീട് നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.