28
Mar 2023
Tue
28 Mar 2023 Tue

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം: പ്രതിപക്ഷം സമരം കടുപ്പിച്ചതോടെ നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി സര്‍ക്കാര്‍. സമ്മേളനം വെട്ടിച്ചുരുക്കാനുള്ള പ്രമേയം മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അവതരിപ്പിച്ചു. സഭ ഈ മാസം 30 വരെ ചേരാനുള്ള കാര്യോപദേശക സമിതി തീരുമാനം ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.

വരും ദിവസങ്ങളിലെ ധനാഭ്യര്‍ത്ഥനകള്‍ ഇന്ന് പരിഗണിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ നിര്‍ദേശം അംഗീകരിച്ചതായി സ്പീക്കര്‍ എഎന്‍ ഷംസീര്‍ വ്യക്തമാക്കി. പ്രതിപക്ഷം നിയമസഭയില്‍ അനിശ്ചിതകാല സത്യാഗ്രഹം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സഭാ സമ്മേളനം വെട്ടിച്ചുരുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അഞ്ചു യുഡിഎഫ് എംഎല്‍എമാരാണ് സഭയുടെ നടുത്തളത്തില്‍ സത്യാഗ്രഹ സമരം നടത്തുന്നത്.

അനുനയനീക്കങ്ങള്‍ ഫലം കാണാത്ത സാഹചര്യത്തിലാണ് സഭാ സമ്മേളനം ഗില്ലറ്റിന്‍ ചെയ്യാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് ബജറ്റ് സംബന്ധമായ ധനബില്ലും ധനവിനിയോഗ ബില്ലുകളും വേഗത്തില്‍ പാസ്സാക്കി. പൊതുജനാരോഗ്യപഞ്ചായത്തിരാജ് ബില്ലുകളും ചര്‍ച്ചയില്ലാതെ പാസ്സാക്കി.

സഭ ഇന്നു തന്നെ അനിശ്ചിതകാലത്തേക്ക് പിരിയും. അതേസമയം എന്തുകൊണ്ടാണ് പ്രശ്‌നപരിഹാരത്തിന് മുഖ്യമന്ത്രി ഇടപെടാത്തതെന്നും, പ്രതിപക്ഷവുമായി ചര്‍ച്ച നടത്താത്തതെന്നും പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി ചോദിച്ചു.