ന്യൂഡൽഹി: കോഴിക്കോട്ടെ എലത്തൂരിലെ ട്രെയിൻ തീവയ്പ് കേസുമായി ബന്ധപ്പെട്ട് ഡൽഹി ഷഹീൻ ബാഗിൽ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) റെയ്ഡ്. പ്രതി ഷാറൂഖ് സെയ്ഫിയുമായി ബന്ധപ്പെട്ട ഒൻപത് സ്ഥലങ്ങളിലാണ് റെയ്ഡ് നടക്കുന്നതെന്ന് ഏജൻസി വൃത്തങ്ങൾ പറഞ്ഞു.
|
സെയ്ഫിയുടെ ബന്ധുക്കളുടെ വീടുകളിലും മറ്റു കേന്ദ്രങ്ങളിലുമാണ് പരിശോധന നടത്തുന്നത്. റെയ്ഡിനെക്കുറിച്ച് എൻഐഎ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഏപ്രിൽ രണ്ടിനാണ് കണ്ണൂരിലേക്കു പോയ എക്സിക്യൂട്ടിവ് എക്സ്പ്രസിൽ ഷാറൂഖ് സെയ്ഫി യാത്രക്കാർക്കു നേരെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. സംഭവത്തിൽ മൂന്നു പേർ മരിച്ചു. ഏപ്രിൽ മൂന്നിന് മഹാരാഷ്ട്രയിലെ രത്നഗിരിയിൽനിന്നാണ് പ്രത്യേക അന്വേഷണ സംഘം സെയ്ഫിയെ പിടികൂടിയത്.
പൗരത്വ ഭേദഗതി ബില്ലിനെതിരെ ഷഹീൻ ബാഗിൽ നടന്ന പ്രതിഷേധത്തിൽ സെയ്ഫി പങ്കെടുത്തിരുന്നെന്നാണ് റിപ്പോർട്ടുകൾ. സെയ്ഫിക്കു തീവ്രവാദ ബന്ധമുണ്ടെന്നും ട്രെയിൻ തീവയ്പിനു പിന്നിൽ ആസൂത്രിതമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്നുമാണ് എൻഐഎ നിഗമനം.





