30
May 2023
Mon
30 May 2023 Mon

മലപ്പുറം: ചങ്ങരംകുളത്ത് പതിനൊന്നും ഏഴും വയസുള്ള പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ അച്ഛനും മകനും അറസ്റ്റിലായി. പാവിട്ടപ്പുറം സ്വദേശിയായ പാതാക്കര അയ്യപ്പന്‍ (50), മകന്‍ വിഷ്ണു (24) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ പോക്സോ കേസും ചുമത്തി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സ്‌കൂളിലെ കൗണ്‍സിലിംഗിനിടെയാണ് സംഭവം പുറത്തറിയുന്നത്. ആറു മാസത്തോളമായി ഇരുവരും സഹോദരികളായ പെണ്‍കുട്ടികളെ പീഡിപ്പിച്ചുവരികയായിരുന്നുവെന്ന് സ്‌കൂള്‍ അധികൃതര്‍ ചങ്ങരംകുളം പോലീസിന് പരാതി നല്‍കുകയായിരുന്നു. മലപ്പുറം എസ്.പി എസ്. സുജിത്ത്ദാസിന്റെ നിര്‍ദേശപ്രകാരം ചങ്ങരംകുളം സി.ഐ ബഷീര്‍ ചിറക്കല്‍, എസ്.ഐ രാജേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ തെരഞ്ഞ് പോലീസ് എത്തിയെന്ന വിവരമറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ച അയ്യപ്പനെ കടവല്ലൂര്‍ ബസ് സ്റ്റോപ്പില്‍വച്ച് വേഷം മാറിയെത്തിയ പോലീസ് തന്ത്രപരമായാണ് വലയിലാക്കിയത്.

അടൂരില്‍ ജോലി ചെയ്യുന്ന അയ്യപ്പന്റെ മകന്‍ വിഷ്ണു സംഭവം അറിഞ്ഞു മൊബൈല്‍ഫോണ്‍ ഓഫാക്കി രക്ഷപ്പെടാനുള്ള ശ്രമം നടത്തിയെങ്കിലും അടൂര്‍ പോലീസിന്റെ സഹായത്തോടെ വിഷ്ണുവിനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തില്‍ പോക്സോ പ്രകാരം നാല് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതികളെ പൊന്നാനി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.