30
May 2023
Mon
30 May 2023 Mon

തിരുവനന്തപുരം: പുജപ്പുര സെന്‍ട്രല്‍ ജയിലില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെ തടവുകാരന്റെ ആക്രമണം. ഊണിനൊപ്പം വിളമ്പിയ മട്ടന്‍ കറിയുടെ അളവ് കുറഞ്ഞു പോയതിനെ തുടര്‍ന്നാണ് തടവുകാരന്‍ പ്രകോപിതനായത്. ഡെപ്യൂട്ടി സൂപ്രണ്ട് ഉള്‍പ്പെടെയുള്ള ജയില്‍ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്‌തെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. തടവുകാരനായ വയനാട് സ്വദേശി ഫൈജാസാണ് ആക്രമണം നടത്തിയത്. ജയില്‍ അധികൃതരുടെ പരാതിയില്‍ പൂജപ്പുര പോലീസ് കേസ് എടുത്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ശനിയാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് സംഭവം . ഊണിനൊപ്പം വിളമ്പിയ മട്ടന്‍ കറി കുറഞ്ഞുപോയെന്ന് പറഞ്ഞ് ഫൈജാസ് ജയിലില്‍ ബഹളം വെയ്ക്കുകയായിരുന്നു. ചുമതലക്കാരനായ ഉദ്യോഗസ്ഥരുമായി വാക്കുതര്‍ക്കം ഉണ്ടാകുകയും ചെയ്തു. വിവരം അറിഞ്ഞ് ഡെപ്യൂട്ടി സൂപ്രണ്ട് ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്ത് എത്തിയപ്പോള്‍ ഫൈജാസ് ഭക്ഷണം പാത്രത്തോടെ വേസ്റ്റ് ബക്കറ്റിലേക്ക് വലിച്ചെറിഞ്ഞു. പിന്നീട് ഉദ്യോഗസ്ഥരെ അസഭ്യം വിളിക്കുകയും കൈയ്യേറ്റം ചെയ്യുകയുമായിരുന്നു. ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തതിനുമാണ് ഇയാള്‍ക്കെതിരെ പൊലീസ് കേസ് എടുത്തത്.