01
May 2023
Tue
01 May 2023 Tue

കോഴിക്കോട്: ഹോട്ടൽ ഉടമ സിദ്ദീഖിൻറെ കൊലപാതകത്തിൽ പ്രതികളുടെ അറസ്റ്റിലേക്ക് നയിച്ച നിർണായക തെളിവായി ഫർഹാനയുടെ ആ ഫോൺവിളി. ചെന്നൈയിലേക്ക് പോയപ്പോൾ മറ്റൊരാളുടെ ഫോണിൽ നിന്നും ഫർഹാന ഒറ്റപ്പാലത്തെ ബന്ധുവിനെയാണ് അവർ വിളിച്ചത്. അത് പക്ഷേ ഫർഹാനയയും മറ്റ് പ്രതികളെയും കുടുക്കി. ഈ ഫോൺകോൾ പിന്തുടർന്ന് പോലീസ് നടത്തിയ നീക്കത്തിലാണ് ഷിബിലിയും ഫർഹാനയും പിടിയിലായത്. പ്രതികളുമായി ഇന്ന് അട്ടപ്പാടി ചുരത്തിൽ പൊലീസ് തെളിവെടുപ്പ് നടത്തും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സിദ്ദീഖിന്റെ മൃതദേഹം ഉപേക്ഷിച്ച അട്ടപ്പാടി ചുരത്തിലെത്തിച്ചാണ് ചൊവ്വാഴ്ച പ്രതികളുമായി തെളിവെടുപ്പ് നടത്തുക. മൃതദേഹം സൂക്ഷിച്ചിരുന്ന ട്രോളി ബാഗുകൾ അട്ടപ്പാടി ചുരത്തിലെ ഒൻപതാംവളവിൽനിന്നാണ് കൊക്കയിലേക്ക് തള്ളിയത്. കേസിലെ മറ്റൊരു പ്രതിയായ ആഷിഖിന്റെ പദ്ധതിയനുസരിച്ചാണ് ട്രോളി ബാഗുകൾ ഇവിടെ ഉപേക്ഷിച്ചതെന്നും പ്രതികൾ മൊഴി നൽകിയിരുന്നു.

സിദ്ദീഖിനെ കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ചശേഷം ഷിബിലി തിരുവനന്തപുരത്തേക്ക് യാത്ര ചെയ്തിരുന്നതായും വിവരങ്ങളുണ്ട്. എന്നാൽ ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. ഫർഹാനയെ വീട്ടിൽകൊണ്ടുവിട്ട ശേഷം സിദ്ദീഖിന്റെ കാർ ഉപയോഗിച്ചിരുന്നത് ഷിബിലിയായിരുന്നു. പിന്നീട് കാർ ചെറുതുരുത്തിയിൽ ഉപേക്ഷിച്ചശേഷം 24ന് പുലർച്ചെയാണ് ഷിബിലി ഫർഹാനയെയും കൂട്ടി ചെന്നൈയിലേക്ക് കടന്നത്.

ഹണിട്രാപ്പിലൂടെ 5 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് കോഴിക്കോട് എരഞ്ഞിപ്പാലത്തെ ‘ഡി കാസ ഇൻ’ ലോഡ്ജിലെ മുറിയിൽ വച്ച് സിദ്ദീഖിനെ കൊലപ്പെടുത്തിയത്. ലോഡ്ജിൽ വച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം കഷ്ണങ്ങളാക്കി അട്ടപ്പാടി ചുരത്തിൽ ഉപേക്ഷിക്കുകയായിരുന്നു. ചളവറ കൊറ്റോടി വീട്ടിൽ ഖദീജത്ത് ഫർഹാന (19)യ്ക്കു പുറമേ, വല്ലപ്പുഴ അച്ചീരിത്തൊടി വീട്ടിൽ മുഹമ്മദ് ഷിബിലി (22), ചളവറ സ്വദേശി ആഷിഖ് (ചിക്കു 23) എന്നിവരാണ് മറ്റു പ്രതികൾ.

കൊലപാതകം നടത്താൻ പ്രതികൾ ഉപയോഗിച്ച ഹോട്ടൽ ‘ഡി കാസ ഇന്നി’ന് ലൈസൻസില്ലെന്ന് അധികൃതർ പറഞ്ഞു. കോഴിക്കോട് കോർപറേഷൻറെയോ മലിനീകരണ നിയന്ത്രണ ബോർഡിൻറെയോ അനുമതിയും ഉണ്ടായിരുന്നില്ലെന്നും മലിനജലം ഒഴുക്കിയതിന് കോർപറേഷൻ അധികൃതർ മുൻപ് ഹോട്ടൽ പൂട്ടിച്ചിരുന്നുവെന്നും സ്ഥിരീകരിച്ചു.