കോഴിക്കോട്: മലബാറിലെ പ്ലസ്ടു സീറ്റുകളുടെ അപര്യപ്തതയെ കുറിച്ച് മുസ്ലിം ലീഗ് പ്രത്യക്ഷ സമരത്തിന് ഇറങ്ങും മുമ്പ്, ലീഗിനെ മറികടന്ന് വിമതർ കോഴിക്കോട്ട് വിവിധ സംഘടനകളുടെ യോഗം ചേർന്നു. പൊതു വിഷയങ്ങളിൽ സാധാരണയായി മുസ്ലിം ലീഗ് ആണ് യോഗം വിളിക്കാറുള്ളതെങ്കിൽ ലീഗിൽനിന്ന് പുറത്താക്കപ്പെട്ട സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന കെ.എസ് ഹംസയാണ് ഇക്കുറി യോഗം വിളിച്ചത്. അന്തരിച്ച മുസ്ലിം ലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ മകൻ മുഈനലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ലീഗ് അനുകൂല ഇ.കെ സുന്നിവിഭാഗത്തിൽനിന്നുള്ള നേതാക്കൾ പങ്കെടുത്തു. കൂടാതെ പി.ഡി.പി, ഐ.എൻ.എൽ, എ.പി വിഭാഗം സുന്നികൾ തുടങ്ങിയവയുടെ നേതാക്കളും സംബന്ധിച്ചു.
|
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഫൗണ്ടേഷന്റെ ബാനറിൽ ആണ് യോഗം. സമുദായ സംഘടനകളുടെ ഐക്യത്തിനു വേണ്ടി പ്രത്യേകം യോഗം വിളിക്കാനും തീരുമാനമായി. ലീഗിനുള്ളിൽ അസംതൃപ്തരായവരെ പുതിയ ചേരിയിൽ എത്തിക്കുകയെന്ന ലക്ഷ്യവും യോഗത്തിന്റെ സംഘാടകർക്കുണ്ട്. വാഫി വിഷയത്തിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ ഇടപെടലുകളിൽ ഇ.കെ സമസ്തക്ക് കടുത്ത നീരസമുണ്ട്. ഇക്കാര്യത്തിൽ പുതിയ കൂട്ടായ്മ ഇടപെടുന്നത് ലീഗിനെ സമ്മർദ്ദത്തിലാക്കും. സമസ്തയുടെ യുവനേതാക്കളിൽ ഒരുവിഭാഗത്തിന് ലീഗിനോട് നേരത്തെ തന്നെയുള്ള അസംതൃപ്തിയും മുതലെടുക്കാനാണ് പുതിയ കൂട്ടായ്മയുടെ ലക്ഷ്യം. ഇക്കാരണത്താൽ പുതിയ കൂട്ടായ്മക്ക് സി.പി.എം പ്രോത്സാഹനം നൽകും.
യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷനായ മുഈനലി തങ്ങൾ, ചന്ദ്രിക ദിനപത്രം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ലീഗ് നേതൃത്വത്തിനെതിരെ പരസ്യ വിമർശനം ഉന്നയിച്ചിരുന്നു. നേരത്തെ കഴിഞ്ഞ ഒക്ടോബറിൽ കോഴിക്കോട് കെ.പി കേശവമേനോൻ ഹാളിൽ കെ.എസ് ഹംസ വിളിച്ചുചേർത്ത ലീഗ് വിമത യോഗത്തിലും പാർട്ടിയുടെ വിലക്ക് ലംഘിച്ച് മുഈനലി തങ്ങൾ പങ്കെടുത്തിരുന്നു.
പ്ലസ്ടുവിന്റെ കാര്യത്തിൽ മലബാർ നേരിടുന്ന വിവേചനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ട് പരാതി പറയാനാണ് യോഗത്തിലെ തീരുമാനം. ഈ വിഷയത്തിൽ തുടർ നടപടികൾ ആലോചിക്കാനായി പുതിയ സമിതിക്കും രൂപം നൽകും.





