തിരുവനന്തപുരം: പ്രവാസികളുടെ യാത്രാ പ്രശ്നം പരിഹരിക്കുന്നതിനായി മലബാറില്‍ നിന്നു ഗള്‍ഫ് നാടുകളിലേക്ക് യാത്രാ കപ്പല്‍ സര്‍വീസ് കൊണ്ടുവരുമെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. നോര്‍ക്കയുമായി സഹകരിച്ച് പദ്ധതി ആവിഷ്കരിക്കുന്നതിനായി മലബാര്‍ ഡവലപ്മെന്റ് കൗണ്‍സിലും കേരള മാരിടൈം ബോര്‍ഡും സംയുക്തമായി സംഘടിപ്പിച്ച ഉന്നതതലയോഗം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
|
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റുകളുടെ വില ഓരോ സീസണിലും ഭീമമായ നിരക്കിലാണ് ഉയരുന്നത്. ഇത് പ്രവാസി മലയാളികള്‍ക്ക് പലപ്പോഴും തിരിച്ചടിയാകുന്നുണ്ട്. കഠിനാധ്വാനത്തിലൂടെ സമ്പാദിക്കുന്ന പണത്തിന്റെ വലിയൊരു പങ്ക് വിമാന ടിക്കറ്റിനായി മാത്രം ചെലവിടുന്നത് അവര്‍ക്ക് ബുദ്ധിമുട്ടാകുന്നുണ്ട്. കൂടാതെ, കേരളത്തിലേക്ക് ആഡംബര ക്രൂയിസ് ടൂറിസം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യം കൂടി സംസ്ഥാന സര്‍ക്കാരിന്റെ ഗള്‍ഫ് നാടുകളില്‍ നിന്നുള്ള യാത്രാകപ്പല്‍ പദ്ധതിയിലുണ്ട്.
പ്രവാസികള്‍ക്ക് കൊണ്ട് പോകാവുന്ന ലഗേജില്‍ നിയന്ത്രണങ്ങള്‍ കുറവെന്നതും യാത്ര ചെലവ് വിമാനടിക്കറ്റ് നിരക്കിന്റെ പകുതിയില്‍ താഴെ മാത്രമാകും എന്നതും കപ്പല്‍ യാത്ര സര്‍വീസിന്റെ മേന്മയാണ്. ചില ക്രൂയിസ് കപ്പലുകള്‍ക്ക് 500 കാറുകളുടെ ഭാരം പോലും ഒരുമിച്ച് വഹിക്കാനുള്ള ശേഷി ഉള്ളതിനാല്‍ ചരക്ക് ഗതാഗതത്തിനും ഈ സേവനം ഉപയോഗിക്കാം.എന്നാല്‍, വിമാന യാത്രയുമായി താരതമ്യം ചെയ്യുമ്പോള്‍ കപ്പല്‍ യാത്രയുടെ ഏറ്റവും വലിയ പോരായ്മ യാത്ര ചെയ്യാന്‍ എടുക്കുന്ന സമയമാണ്.
ദുബയ് തുറമുഖത്തുനിന്ന് കോഴിക്കോട്ടെ ബേപ്പൂരിലെത്താന്‍ കപ്പലിന് മൂന്നര ദിവസമാണെടുക്കുക. എന്നാല്‍ യാത്രാച്ചെലവിലുണ്ടാകുന്ന വലിയ അന്തരം കപ്പല്‍ സര്‍വീസ് തിരഞ്ഞെടുക്കാന്‍ പ്രവാസികളെ സ്വാധീനിക്കുമെന്നാണ് പ്രതീക്ഷ. ഗള്‍ഫ് സെക്ടറുകളിലേക്ക് വന്‍ കൊള്ളയാണ് വിമാനക്കമ്പനികള്‍ നടത്തുന്നതെന്ന പ്രവാസികളുടെ പരാതി നാളുകളായി ഉയരുന്നുണ്ടെങ്കിലും ഇതു തടയുന്നതിന് യാതൊരു വിധ ഇടപെടലുകളും ഉണ്ടാവുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. സീറ്റ് ഒഴിവു കുറച്ചുകാണിച്ച് വന്‍തുക ടിക്കറ്റ് നിരക്ക് ഈടാക്കുന്ന എയര്‍ലൈനുകള്‍ ഗള്‍ഫ് സെക്ടറുകളിലേക്ക് ഡസന്‍കണക്കിന് സീറ്റുകളില്‍ യാത്രക്കാര്‍ പോലുമില്ലാതെ സര്‍വീസ് നടത്തിയ സംഭവങ്ങള്‍ ഒട്ടേറെ തവണകള്‍ ഉണ്ടാവുകയും ഇത് നിരവധി പേര് ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു.





