01
Jun 2023
Tue
01 Jun 2023 Tue

ആലുവ: മോന്‍സണ്‍ മാവുങ്കലിന്റെ തട്ടിപ്പു കേസുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ബുധനാഴ്ച ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകില്ലെന്നും കേസില്‍ രണ്ടാം പ്രതിയാക്കപ്പെട്ട കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ക്രൈംബ്രാഞ്ച് മുമ്പാകെ ഹാജരാവുന്നതിന് സാവകാശം നല്‍കിയില്ലെങ്കില്‍ നിയമപരമായി നേരിടുമെന്നും കെ സുധാകരന്‍ പറഞ്ഞു. കേസില്‍ രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരാണ് ഇതിന് പിന്നില്ലെന്നും സുധാകരന്‍ ആരോപിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫിസില്‍ നേരിട്ടു ഹാജരാകണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം സുധാകരന്‍ നോട്ടിസ് നല്‍കുകയായിരുന്നു. തിങ്കളാഴ്ചയാണ് സുധാകരനെ ക്രൈംബ്രാഞ്ച് കേസില്‍ പ്രതിചേര്‍ത്തത്.

പരാതിക്കാരുമായി ബന്ധമില്ല, നേരത്തെ തനിക്കെതിരേ പരാതിയില്ലായിരുന്നു. കേസില്ലാതിരുന്നതുകൊണ്ടാണ് എതിര്‍ പരാതി നല്‍കാതിരുന്നത്.
കെപിസിസി പ്രസിഡന്റിനെയും പ്രതിപക്ഷ നേതാവിനെയും കേസില്‍ കുരുക്കാമെന്ന് വ്യാമോഹിക്കുന്ന പിണറായി മൂഢസ്വര്‍ഗത്തിലാണ്. പരാതിക്കാര്‍ പറയുന്ന പാര്‍ലമെന്ററി കമ്മിറ്റിയില്‍ താന്‍ അംഗമായിരുന്നില്ല. ആരോപണം തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കും. മോന്‍സന്റെ അടുത്ത് ചികിത്സയ്ക്ക് പോയതാണ്. പല പ്രമുഖരും മോന്‍സന്റെ അടുത്ത് വന്നുപോയിട്ടുണ്ട്. അവര്‍ക്കെല്ലാം ക്രൈംബ്രാഞ്ച് നോട്ടിസ് നല്‍കിയിട്ടുണ്ടോയെന്നും സുധാകരന്‍ ചോദിച്ചു.