01
Jun 2023
Fri
01 Jun 2023 Fri

കൊച്ചി: പൊതുവേദിയിൽ അശ്ലീല പദപ്രയോഗം നടത്തിയെന്ന കേസിൽ ഗെയിമറും യൂട്യൂബറുമായ ‘തൊപ്പി’ എന്ന മുഹമ്മദ് നിഹാദിനെ അർധരാത്രി കസ്റ്റഡിയിലെടുത്ത് പൊലിസ്. കൊച്ചിയിലെ ഫ്‌ലാറ്റിൽ സുഹൃത്തിനൊപ്പം കഴിയുകയായിരുന്നു നിഹാദ്. മുറിയുടെ വാതിൽ ചവിട്ടിപ്പൊളിച്ചാണ് പൊലീസ് യുവാവിനെ പുറത്തിറക്കിയത്. പൊലീസ് എത്തിയതോടെ തൊപ്പി ഗെയിം സ്ട്രീമിങ് പ്ലാറ്റ് ഫോമായ ‘ലോക്കോ’യിലൂടെ തത്സമയം സംപ്രേഷണം ആരംഭിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പൊലീസാണെന്നു പറഞ്ഞ് ആരോ വാതിൽ തുറക്കാൻ ആവശ്യപ്പെടുന്നുണ്ടെന്നാണ് ലൈവിൽ നിഹാദ് പറഞ്ഞത്. പൊലീസാണോ ഗുണ്ടകളാണോ എന്ന് അറിയില്ലെന്നും കുറച്ചുനേരമായി വാതിൽ ചവിട്ടിത്തുറക്കാൻ ശ്രമിക്കുന്നുണ്ടെന്നും ഇദ്ദേഹം ലൈവിൽ അറിയിച്ചു. ഇങ്ങനെ വീട്ടിൽ വന്നു വാതിൽ ചവിട്ടിപ്പൊളിക്കേണ്ട ആവശ്യമൊന്നുമില്ല. കുറച്ചുമുൻപ് പൊലീസ് വിളിച്ചപ്പോൾ അടുത്ത ദിവസം സ്‌റ്റേഷനിൽ ഹാജരാകാമെന്ന് അറിയിച്ചതാണെന്നും നിഹാദ് പറഞ്ഞു. ഈ സമയത്ത് വന്ന് അറസ്റ്റ് ചെയ്യുന്നത് വാർത്ത സൃഷ്ടിക്കാനാണെന്നും യുവാവ് ആരോപിച്ചു. രാഷ്ട്രീയക്കാരുടെ ഒരുപാട് കേസുകൾ നിലവിലുണ്ട്. അതെല്ലാം മുക്കാനാണ് ഇതെന്നും നിഹാദ് കുറ്റപ്പെടുത്തി.

പൊലീസ് വാതിൽ തകർക്കുന്നതിന്റെ ദൃശ്യങ്ങൾ ‘തൊപ്പി’ സമൂഹമാധ്യമങ്ങളിൽ തത്സമയം പങ്കവച്ചു. സ്റ്റേഷനിൽ ഹാജരാകാമെന്ന് അറിയിച്ചിട്ടും സമ്മതിച്ചില്ലെന്നും പ്രശസ്തിക്കു വേണ്ടിയാണ് അറസ്റ്റെന്നും തൊപ്പി ആരോപിച്ചു.

കഴിഞ്ഞയാഴ്ച മലപ്പുറം ജില്ലയിലെ വളാഞ്ചേരിയിൽ വസ്ത്രക്കടയുടെ ഉദ്ഘാടനത്തിനെത്തിയപ്പോഴായിരുന്നു വിവാദ പരാമർശം. അശ്ലീല പദപ്രയോഗം നടത്തിയതിനു പുറമെ ഗതാഗതതടസം സൃഷ്ടിച്ചെന്നും കേസുണ്ട്. കടയുടമയ്‌ക്കെതിരെയും കേസെടുത്തിട്ടുണ്ട്. വളാഞ്ചേരി പൈങ്കണ്ണൂർ പാണ്ടികശാല സ്വദേശിയും സന്നദ്ധപ്രവർത്തകനുമായ സെയ്ഫുദ്ദീൻ പാടത്തും എ.ഐ.വൈ.എഫ് നേതാവ് മുർശിദുൽ ഹഖും നൽകിയ പരാതികളിലാണ് നടപടി.