തിരുവനന്തപുരം: വിവിധ കേസുകള്‍ നേരിടുന്ന മറുനാടന്‍ മലയാളിയെന്ന വിവാദ പോര്‍ട്ടലിനെ പിന്തുണച്ചും സിപിഎം എം.എല്‍.എ പി.വി അന്‍വറിനെ എതിര്‍ത്തുമുള്ള ഒരുവിഭാഗം മാധ്യമപ്രവര്‍ത്തകരുടെ മാര്‍ച്ച് ഉദ്ഘാടനംചെയ്ത് സിപിഐ നേതാവും മുന്‍മന്ത്രിയുമായ സി. ദിവാകരന്‍. മാധ്യമപ്രവര്‍ത്തകര്‍ക്കും മാധ്യമസ്ഥാപനങ്ങള്‍ക്കും നേരെ അന്‍വര്‍ എം.എല്‍.എ കൊലവിളി നടത്തുന്നുവെന്നാരോപിച്ച് തിരുവനന്തപുരം പ്രസ് ക്ലബ് ആണ് മാര്‍ച്ച് സംഘടിപ്പിച്ചത്. പി.വി അന്‍വറിനെ കൊടുംക്രിമിനലായി പ്രഖ്യാപിക്കണമെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സി. ദിവാകരന്‍ ആവശ്യപ്പെട്ടു.
|
ജനാധിപത്യത്തിന്റെ നാലാംതൂണ് അടിച്ചു തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മാധ്യമപ്രവര്‍ത്തകര്‍ അവരുടെ തൊഴില്‍ ചെയ്യുമ്പോള്‍ അവരെ വധിക്കുമെന്നൊക്കെ ഭീഷണിപ്പെടുത്തുന്നവരെ ക്രിമിനലായി പ്രഖ്യാപിക്കുന്നതില്‍ തെറ്റൊന്നുമില്ല. മാധ്യമ പ്രവര്‍ത്തകരുടെ സംരക്ഷണത്തിനായി മുഴുവന്‍ രാഷ്ട്രീയ പ്രവര്‍ത്തകരും ഉണ്ടാകുമെന്ന് സി. ദിവാകരന്‍ പറഞ്ഞു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി ജി.എസ് ബാബു, ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി രാജേഷ്, മാധ്യമ പ്രവര്‍ത്തകരായ ജെ. അജിത് കുമാര്‍, പ്രസാദ് നാരായണന്‍, പ്രസ് ക്ലബ് പ്രസിഡന്റ് എം. രാധാകൃഷ്ണന്‍, സെക്രട്ടറി കെ.എന്‍. സാനു, ഉള്ളൂര്‍ രാജേഷ്, എ.വി. മുസാഫിര്‍, ശാലിമ എം.എല്‍, സജിത് വഴയില, ടി.സി ഷിജുമോന്‍ എന്നിവര്‍ സംസാരിച്ചു.





