01
Sep 2023
Mon
01 Sep 2023 Mon

കെഎസ്ഇബി സെക്ഷന്‍ ജീവനക്കാര്‍ ഒന്നിച്ച് ടൂര്‍ പോയി; പീരുമേട് 16 മണിക്കൂര്‍ ഇരുട്ടില്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇടുക്കി: കെഎസ്ഇബി സെക്ഷന്‍ ജീവനക്കാര്‍ കൂട്ട അവധിയെടുത്ത് ഒന്നിച്ച് ടൂര്‍ പോയതിനെ തുടര്‍ന്ന് ഇടുക്കിയിലെ പീരുമേട്ടില്‍ 16 മണിക്കൂറിലധികം വൈദ്യുതി മുടക്കം. ഉദ്യോഗസ്ഥരടക്കമുള്ള കെഎസ്ഇബി ജീവനക്കാര്‍ ഒന്നടങ്കം വിനോദയാത്രയ്ക്കു പോയതിനെ തുടര്‍ന്ന് തകരാറിലായ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത് 16 മണിക്കൂറിനു ശേഷം.

പീരുമേട് ഫീഡറിന്റെ പരിധിയിലെ 4000 ഉപഭോക്താക്കളാണ് ജീവനക്കാരുടെ ടൂര്‍ മൂലം ഇരുട്ടില്‍ കഴിയേണ്ടി വന്നത്. ഇടുക്കി ജില്ലയില്‍ യെലോ അലര്‍ട്ട് പ്രഖ്യാപനം നിലനില്‍ക്കെ വൈദ്യുതി ബോര്‍ഡിന്റെ പീരുമേട് സെക്ഷനിലെ ജീവനക്കാര്‍ കൂട്ടത്തോടെ വിനോദയാത്ര പോയതാണ് വിവാദത്തിലായിരിക്കുന്നത്. വെള്ളിയാഴ്ച്ച ഉച്ച തിരിഞ്ഞു പീരുമേട്ടില്‍ ശക്തമായ മഴ ആരംഭിച്ചു. തൊട്ടു പിന്നാലെ വൈദ്യുതി ബന്ധവും തകരാറിലായി. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ട താലൂക്ക് ഓഫിസ്, താലൂക്ക് ആശുപത്രി, സബ് ജയില്‍, പൊലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ വൈദ്യുതി ബന്ധം നിലച്ചു.

മണിക്കൂറുകള്‍ക്ക് ശേഷവും വൈദ്യുതി തിരികെയെത്താതെ വന്നതോടെ നാട്ടുകാര്‍ പോത്തുപാറയിലെ സെക്ഷന്‍ ഓഫിസിലേക്കു വിളിച്ചു. തകരാര്‍ നോക്കാന്‍ ആളില്ല… എല്ലാവരും ടൂര്‍ പോയി എന്നായിരുന്നു ഈ സമയം ലഭിച്ച മറുപടി. പരാതികള്‍ വ്യാപകമായതോടെ രാത്രി വനിതാ സബ് എന്‍ജിനീയര്‍, പ്രദേശവാസിയായ വണ്ടിപ്പെരിയാറിലെ സബ് എന്‍ജിനീയര്‍ എന്നിവരുടെ നേതൃത്വത്തില്‍ തകരാര്‍ പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും വേണ്ടത്ര ജീവനക്കാരില്ലാത്തതിനാല്‍ വൈദ്യുതി ലൈനിലെ തകരാര്‍ കണ്ടെത്താനായില്ല. തുടര്‍ന്ന് ഇന്നലെ രാവിലെ10 മണിയോടെയാണു വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത്.

ഇത് സംബന്ധിച്ച് വകുപ്പു തല അന്വേഷണം ആരംഭിച്ചു. ഉദ്യോഗസഥര്‍ ഇതര സംസ്ഥാനത്തേക്ക് യാത്ര പോയത് ബോര്‍ഡില്‍ നിന്നു അനുവാദം വാങ്ങാതെയാണെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. സംഭവം സംബന്ധിച്ച് പീരുമേട് അസിസ്റ്റന്റെ എക്‌സിക്യൂട്ടീവ് എന്‍ജിനീയറോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കെഎസ്ഇബി ആവശ്യപ്പെട്ടു.