ആലുവ: നിലവിളി കേട്ട് നോക്കുമ്പോള്‍ കുട്ടിക്ക് വസ്ത്രങ്ങളില്ലായിരുന്നുവെന്ന് ദൃക്‌സാക്ഷിയുടെ വെളിപ്പെടുത്തല്‍; പ്രതി നാട്ടുകാരനെന്ന് പൊലിസ്
|
കൊച്ചി: ആലുവയില്‍ എട്ട് വയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച സംഭവത്തില്‍ പ്രതി നാട്ടുകാരന്‍ തന്നെയെന്നു പൊലീസ്. സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതായും കുട്ടിയും സാക്ഷികളും ഇയാളുടെ ചിത്രം തിരിച്ചറിഞ്ഞെന്നും റൂറല്‍ എസ്പി വിവേക് കുമാര്‍ വ്യക്തമാക്കി. അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും പൊലീസ് പറഞ്ഞു.
സംഭവത്തിനു പിന്നില്‍ അതിഥി തൊഴിലാളിയല്ലെന്നും നാട്ടുകാരന്‍ തന്നെയാണ് പ്രതിയെന്നും പൊലീസ് പറയുന്നു. കുട്ടി അപകട നില തരണം ചെയ്തതായും കുട്ടിക്ക് പരിക്കുണ്ടെന്നും ശസ്ത്രക്രിയ വേണമെന്നും പൊലീസ് വ്യക്തമാക്കി. സ്വകാര്യ ഭാഗങ്ങളിലടക്കം പരിക്കേറ്റിട്ടുണ്ട്.
രാത്രി രണ്ട് മണിയോടെ കരച്ചില്‍ കേട്ട് നാട്ടുകാരനായ സുകുമാരന്‍ എന്നയാള്‍ വീടിന്റെ ജനല്‍ വഴി നോക്കിയപ്പോള്‍ കുട്ടിയെ ഒരാള്‍ വലിച്ചിഴച്ചു കൊണ്ടു പോകുന്നതു കണ്ടെന്നു വെളിപ്പെടുത്തി. കുട്ടിയെ തട്ടിക്കൊണ്ടു പോയ ആളെ നേരിട്ട് കണ്ടാല്‍ അറിയാമെന്നും സുകുമാരന്‍ വ്യക്തമാക്കി.
ജനല്‍ തുറന്നു നോക്കിയപ്പോള്‍ കുട്ടിയുമായി ഒരാള്‍ നടന്നുപോകുന്നതാണ് കണ്ടത്. തുടര്‍ന്ന് അയല്‍വാസികളെ വിളിച്ച് തിരച്ചില്‍ നടത്തുകയായിരുന്നു. സമീപത്തെല്ലാം തിരഞ്ഞെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. പിന്നീട് പാടത്ത് പരിശോധന നടത്തിയപ്പോഴാണ് കുട്ടിയെ തണുത്ത് വിറച്ച് നില്‍ക്കുന്ന അവസ്ഥയില്‍ കണ്ടത്. തങ്ങള്‍ കാണുമ്പോള്‍ കുട്ടിക്ക് വസ്ത്രങ്ങളില്ലായിരുന്നു. കുട്ടിയുമായി വീട്ടിലെത്തി വിളിച്ചെങ്കിലും വീട്ടുകാര്‍ ഉണര്‍ന്നില്ല. നാട്ടുകാര്‍ തന്നെ പുറത്തുനിന്ന് വാതില്‍ തുറന്ന് ജനലില്‍ തട്ടി വിളിച്ചപ്പോഴാണ് കുട്ടിയുടെ മാതാവ് വിവരമറിഞ്ഞതെന്നും കുട്ടിയെ കണ്ടെത്തിയ നാട്ടുകാരന്‍ പറഞ്ഞു.
ചാത്തന്‍പുറത്താണ് അതിഥി തൊഴിലാളികളുടെ മകള്‍ പീഡനത്തിനു ഇരയായത്. ഉറങ്ങിക്കിടന്ന കുട്ടിയെ എടുത്തു കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയെ പീന്നീട് രക്തം ഒലിച്ച നിലയില്‍ പാടത്തു നിന്നാണ് കണ്ടെത്തിയത്. പ്രതിയുടേതെന്ന് കരുതുന്ന സി.സി.ടി.വി ദൃശ്യം പുറത്തുവന്നിട്ടുണ്ട്. കുട്ടിയുടെ കുടുംബം 10 വര്‍ഷമായി കേരളത്തില്‍ താമസിച്ചുവരികയാണ്. ആലുവ റൂറല്‍ എസ്.പി സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. കുട്ടി കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.





