കുട്ടികളെ ഓഫീസില്‍ കൊണ്ടുവരാമോ? മുഖ്യമന്ത്രിയുടെ പഴയ ഉത്തരവിലുള്ളത് പാടില്ലെന്നും സമയം നഷ്ടപ്പെടുത്തുമെന്നും
|
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓഫിസിലേക്ക് ഡ്യൂട്ടി സമയത്ത് കുട്ടികളെ കൂടെ കൊണ്ടുവരാന്‍ കഴിയുമോ? കൊണ്ടുവരാന്‍ പാടില്ലെന്നാണ് സര്‍ക്കാര്‍ ഉത്തരവ് പറയുന്നത്. തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍ കുട്ടിയുമായി ഓഫിസില്‍ ഫയല്‍ നോക്കുന്നതിന്റെ ചിത്രം ശ്രദ്ധ നേടിയതോടെയാണ് 2018ല്‍ പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്ത് ഇറങ്ങിയ സര്‍ക്കാര്‍ ഉത്തരവ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
കൈക്കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് ജോലി ചെയ്യുന്ന മേയര്‍ ആര്യാ രാജേന്ദ്രന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ വ്യത്യസ്ത അഭിപ്രായങ്ങളും ചിത്രത്തെ കുറിച്ച് ഉയരുന്നിരുന്നു. മേയറുടെ കസേരയിലിരുന്ന് ഫയല്‍ പരിശോധിക്കുകയാണ് ആര്യ. കൈയില്‍ ഒരു മാസം പ്രായമുള്ള പെണ്‍കുഞ്ഞ് ഉറങ്ങുന്നതും ചിത്രത്തില്‍ കാണാം. ഇതോടെയാണ് ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച കൊഴുത്തത്.
സര്‍ക്കാര്‍ ഓഫീസില്‍ ജീവനക്കാര്‍ കുട്ടികളെ കൊണ്ടുവരരുത് എന്നാണ് 2018 ല്‍ പിണറായി സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ്. 18.5.2018 ല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണി ഇറക്കിയ ഉദ്യോഗസ്ഥ ഭരണ പരിഷ്‌കരണ വകുപ്പിന്റെ സര്‍ക്കുലറിലാണ് കുട്ടികളെ ജീവനക്കാര്‍ ഓഫിസില്‍ കൊണ്ട് വരരുതെന്ന് നിഷ്‌കര്‍ഷിക്കുന്നത്. ജീവനക്കാര്‍ ഓഫിസ് സമയത്ത് കുട്ടികളെ കൂടെ കൊണ്ട് വരുകയും ഒപ്പം ഇരുത്തുകയും ചെയ്യുന്നത് കൊണ്ട് വിലപ്പെട്ട ഓഫിസ് സമയം നഷ്ടപ്പെടുന്നതോടൊപ്പം കുട്ടികളുടെ വ്യക്തിത്വ വികസനം ഹനിക്കപെടുമെന്നും സര്‍ക്കുലര്‍ ചൂണ്ടികാണിക്കുന്നു. കുട്ടികളെ ഓഫിസില്‍ കൊണ്ട് വരുന്ന ജീവനക്കാര്‍ക്കെതിരെ അച്ചടക്കനടപടികള്‍ കൈകൊള്ളണം എന്നും സര്‍ക്കുലര്‍ പറയുന്നുണ്ട്.
എന്നാല്‍ ഈ സര്‍ക്കുലറിന് വിരുദ്ധമാണ് മേയറുടെ നടപടിയെന്ന്ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാല്‍ ജനപ്രതിനിധികളുടെ കാര്യം ഉത്തരവില്‍ പറയുന്നില്ല. അതേസമയം തന്നെ കൂടിതല്‍ സ്ത്രീകള്‍ ജോലിചെയ്യുന്ന സെക്രട്ടറിയേറ്റില്‍ കുട്ടികളുടെ പരിപാലത്തിനായി ക്രഷുകള്‍ തുടങ്ങിയിട്ടുണ്ട്. ഓഫീസ് ഇടത്തിലേക്ക് കുട്ടികളെ കൊണ്ടുവരരുതെന്ന നിര്‍ദേശം ഉള്ളതിനാലാണിത്. വിവാദങ്ങള്‍ ഏറിയ പശ്ചാത്തലത്തില്‍ ഏഴുവര്‍ഷം മുമ്പുള്ള ഉത്തരവ് തിരുത്തുമോ എന്നാണ് അറിയേണ്ടത്.





