ദുബായില്‍ നടന്ന ഏഴാമത് ഫാത്തിമ ബിന്‍ത് മുബാറക് ഇന്റര്‍നാഷണല്‍ ഖുര്‍ആന്‍ മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് മികച്ച പ്രകടനം കാഴ്ചവച്ച് മലയാളി ആഇശ ഇസ്സ. ഏഴ് ദിവസങ്ങളായി നടന്ന മത്സരത്തില്‍ കഴിഞ്ഞ ദിവസമാണ് 11കാരി ഇസ്സ മാറ്റുരച്ചത്. 60 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് ഇത്തവണത്തെ മത്സരത്തില്‍ പങ്കെടുത്തത്. ഖുര്‍ആന്‍ മനഃപാഠ മത്സരങ്ങളില്‍ ലോകത്തിലെ ഏറ്റവും വലിയ പാരിതോഷികം നല്‍കുന്ന ദുബായ് ഇന്റര്‍നാഷണല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന മത്സരത്തില്‍ മികച്ച പ്രകടനമാണ് ആഇശ ഇസ്സ കാഴ്ചവച്ചത്.
|
സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസിയുടെ മകള്‍ അസ്മയുടെയും മര്‍കസ് സിഎ ഒ വി എം റശീദ് സഖാഫിയുടെയും മകളാണ് ആഇശ ഇസ്സ. ദേശീയ തലത്തില്‍ നടന്ന മത്സരത്തിലൂടെ യോഗ്യത നേടിയ ഇസ്സ കോവിഡ് കാലത്ത് തന്റെ പത്താം വയസ്സില്‍ ഖുര്‍ആന്‍ മനഃപാഠമാക്കി ശ്രദ്ധനേടിയിരുന്നു.
മൂന്നാം വയസ്സില്‍ പൂനൂര്‍ സഹ്റത്തുല്‍ ഖുര്‍ആനില്‍ ചേര്‍ന്നാണ് ഖുര്‍ആന്‍ പഠനം തുടങ്ങിയത്. 2019ല്‍ ഹാഫിള് സാബിത് സഖാഫിയുടെ ശിക്ഷണത്തില്‍ ഖുര്‍ആന്‍ മനഃപാഠമാക്കാന്‍ തുടങ്ങി. 2021 ല്‍ മര്‍കസ് ഖുര്‍ആന്‍ അക്കാദമി പ്രിന്‍സിപ്പല്‍ ഖാരിഅ് ഹനീഫ് സഖാഫിയുടെ ശിക്ഷണത്തില്‍ 30 ജുസ്ഉം പൂര്‍ത്തിയാക്കി. 2022ല്‍ ഈജിപ്തിലെ കെയ്‌റോയില്‍ മൂന്നുമാസം ഖുര്‍ആന്‍ ദൗറക്ക് ചേരുകയും പൂര്‍ണമായി ഓതിക്കേള്‍പ്പിച്ച് സര്‍ട്ടിഫിക്കറ്റ് നേടുകയും ചെയ്തു.
നാട്ടിലെത്തിയതിന് ശേഷം സ്‌കൂള്‍ പഠനത്തോടൊപ്പം ഖുര്‍ആന്‍ പാരായണ ശാസ്ത്ര പ്രകാരമുള്ള നിരന്തര പരിശീലനത്തിനിടയിലാണ് സ്ത്രീകള്‍ക്ക് മാത്രമായി നടത്തുന്ന ദുബായ് അന്താരാഷ്ട്ര ഖുര്‍ആന്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുന്നത്. ആദ്യമായി ലഭിച്ച രാജ്യാന്തര വേദിയില്‍ മികച്ച പ്രകടനം കാഴ്ചവച്ചതിന്റെ സന്തോഷത്തിലാണിപ്പോള്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം ഉസ്താദിന്റെ പൗത്രി പുത്രി കൂടിയായ ആഇശ ഇസ്സ.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





