പത്തനംതിട്ട സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്: LDF കള്ളവോട്ട് ചെയ്തതായി ആക്ഷേപം; SFI നേതാവ് 5 തവണ വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്
|
പത്തനംതിട്ട: പത്തനംതിട്ട സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വ്യാപകമായി കള്ളവോട്ട് ചെയ്തതായി ആക്ഷേപം. എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി ഉള്‍പ്പെടെ കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഞായറാഴ്ച പത്തനംതിട്ട മര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന തെരഞ്ഞെടുപ്പിലാണ് കള്ളവോട്ട് നടന്നത്. പത്തനംതിട്ട നഗരസഭയിലെ 22 വാര്‍ഡുകളിലുള്ള ബാങ്ക് അംഗങ്ങള്‍ക്കു മാത്രമാണു തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനുള്ള അവകാശം. എന്നാല്‍ നഗരസഭാ പരിധിക്കു പുറത്തുള്ള സിപിഎം അനുകൂലികളായ പലരും തിരഞ്ഞെടുപ്പില്‍ പലതവണ കള്ളവോട്ട് ചെയ്തതായി കോണ്‍ഗ്രസ് ആരോപിച്ചു. സഹകരണ സംഘങ്ങള്‍ കള്ളവോട്ടിലൂടെ സിപിഎം പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നു ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. കള്ളവോട്ട് ചെയ്യാനെത്തിയവര്‍ക്കു കാവലൊരുക്കുകയാണു പൊലീസ് ഉദ്യോഗസ്ഥര്‍ ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.
പൊലീസിന്റെയും ഉദ്യോഗസ്ഥരുടെയും കണ്‍മുന്നിലാണ് തുടരെ അഞ്ച് തവണ അമല്‍ വോട്ട് ചെയ്തത്. ഒപ്പം അടൂര്‍ പെരിങ്ങനാട് നോര്‍ത്ത് സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായ അഖില്‍ പെരിങ്ങനാട് വോട്ട് ചെയ്യുന്ന ദൃശ്യങ്ങളും പുറത്തുവന്നു. അതേസമയം ആരോപണം അടിസ്ഥാനരഹിതമാണെന്ന് അമല്‍ പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ബാരവാഹികള്‍ക്കും പിന്തുണ അറിയിക്കാനാണ് താന്‍ എത്തിയതെന്ന് അമല്‍ പറഞ്ഞു.
25 വര്‍ഷമായി യുഡിഎഫ് ഭരിക്കുന്ന ബാങ്ക് ആണ് പത്തനംതിട്ട സഹകരണ ബാങ്ക്. കഴിഞ്ഞ വര്‍ഷം ഏകദേശം 900 വോട്ടാണ് ഇടതുപക്ഷത്തിന് കിട്ടിയത് ഇത്തവണ ഏകദേശം 1300ലധികം വോട്ട് കിട്ടി. ഇത്തവണയും കോണ്‍ഗ്രസ് തന്നെയാണ് വിജയിച്ചത്. കള്ളവോട്ടിന്റെ പശ്ചാത്തലത്തില്‍ അടുത്ത ആഴ്ച നടക്കുന്ന കാര്‍ഷിക സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് ഹൈക്കോടതി നിരീക്ഷണത്തില്‍ നടത്തണമെന്ന ആവശ്യവുമായി ഡിസിസി ഹൈക്കോടതിയെ സമീപിക്കും.





