01
Oct 2023
Tue
01 Oct 2023 Tue

തിരുവനന്തപുരം: തമിഴ്‌നാട് തീരത്ത് ചക്രവാതച്ചുഴി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് അഞ്ചുദിവസം മഴ തുടരും. വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ചക്രവാത ചുഴി സ്ഥിതിചെയ്യുന്നതിനാല്‍ അറബിക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത തുടരുകയാണ്. തെക്ക് കിഴക്കന്‍ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നതിനാല്‍ 36 മണിക്കൂറിനുള്ളില്‍ ചക്രവാത ചുഴി തെക്ക് കിഴക്കന്‍ അറബിക്കടലിനും മധ്യ കിഴക്കന്‍ അറബിക്കടലിനും മുകളിലായി ന്യൂന മര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. തുടരുന്ന് പടിഞ്ഞാറു – വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി ഒക്ടോബര്‍ 21 ഓടെ വീണ്ടും ശക്തി പ്രാപിച്ചു മധ്യ അറബിക്കടലില്‍ തീവ്ര ന്യൂന മര്‍ദ്ദമായി മാറാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിവിധ ജില്ലകളില്‍ മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം ശക്തമായ മഴ ലഭിച്ച തിരുവനന്തപുരം ജില്ലയില്‍ വരും മണിക്കൂറില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അഞ്ച് ദിവസം മഴ മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

വരും മണിക്കൂറില്‍ കൊല്ലം, പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ട്.

അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ മഴ ശക്തി പ്രാപിയ്ക്കാന്‍ സാധ്യതയുള്ള മലയോര മേഖലകളില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തേണ്ടതാണ്. കേന്ദ്ര കാലാവസ്ഥാവകുപ്പ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലെ മലയോര മേഖലകളില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തേണ്ടതാണ്.