28
Nov 2023
Wed
28 Nov 2023 Wed

കൊച്ചി:തൃശൂര്‍ വടക്കുന്നാഥ ക്ഷേത്ര മൈതാനത്ത് സിനിമ ഷൂട്ടിങ്ങിന് വിലക്കേര്‍പ്പെടുത്തി ഹൈക്കോടതി. മൈതാനത്ത് ഷൂട്ടിങ്ങിന് അനുമതി നല്‍കിയാല്‍ വിശ്വാസികള്‍ക്ക് അത് ബുദ്ധിമുട്ടാകും. വിശ്വാസികള്‍ക്ക് ക്ഷേത്രത്തിലേക്ക് പോകാന്‍ നിയന്ത്രണം വരുമെന്നും ബൗണ്‍സേഴ്‌സ് അടക്കം വിശ്വാസികളെ നിയന്ത്രിക്കുന്ന സ്ഥിതി വരുമെന്നും കോടതി വിലയിരുത്തി. ഇതുസംബന്ധിച്ച് കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതി നിര്‍ദേശം നല്‍കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സിനിമാ നിര്‍മാതാവിന്റെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. വടക്കുന്നാഥ ക്ഷേത്ര മൈതാനത്ത് ഷൂട്ടിങ് അനുവദിക്കാന്‍ ദേവസ്വം ബോര്‍ഡിന് നിര്‍മാതാവ് അപേക്ഷ നല്‍കിയിരുന്നു. നടന്‍ ജോജു ജോര്‍ജ് ആദ്യമായി സംവിധാനം ചെയ്യുന്ന ‘പണി’ എന്ന സിനിമയുടെ ചിത്രീകരണത്തിനാണ് വിലക്ക്.

മണികണ്ഠനാല്‍ മുതല്‍ ക്ഷേത്രനട വരെയുള്ള ഭാഗത്ത് ഷൂട്ടിങ് നടത്തിയാല്‍ വിശ്വാസികളെ ബാധിക്കുമെന്നും ഷൂട്ടിങ്ങിന് അനുമതി നിഷേധിച്ച ദേവസ്വം കമ്മീഷണറുടെ ഉത്തരവ് റദ്ദാക്കാനാവില്ലെന്നും ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, സോഫി തോമസ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് വിധി.

ചിത്രീകരണത്തിന് അനുമതി ലഭിച്ചാല്‍ സിനിമ പ്രൊഡക്ഷന്റെ ഭാഗമായ ബൗണ്‍സര്‍മാര്‍ ക്ഷേത്രത്തിലെത്തുന്ന വിശ്വാസികളെ നിയന്ത്രിക്കുന്ന സ്ഥിതി വരും. വിശ്വാസികള്‍ക്ക് നിയന്ത്രണമുണ്ടാകുന്ന പ്രവര്‍ത്തികള്‍ക്ക് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് അനുമതി നല്‍കരുതെന്നും കോടതി നിര്‍ദേശിച്ചു. പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള മാലിന്യങ്ങളില്‍നിന്ന് മുക്തമായി സൂക്ഷിക്കേണ്ട ഇടമാണ് ക്ഷേത്ര മൈതാനം. ആചാരങ്ങളെ തടസപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് അനുമതി നല്‍കരുതെന്നും ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കി.